Sat. Feb 24th, 2024

മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് ഇടതുപക്ഷ നയമല്ലെന്ന് സി പി ഐ ദേശീയ എക്സിക്യു്ട്ടീവ് അംഗവും രാജ്യസഭാ അംഗവുമായ ബിനോയ് വിശ്വം എംപി. ഇടതു നയമെന്താണെന്ന് പോലീസിന് അറിയില്ല. പോലീസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.

കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം. കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. ഇടത് സര്‍ക്കാര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.പാലക്കാട് അഗളിയില്‍ പൊലീസിൻറെ തണ്ടര്‍ബോള്‍ട്ട് സംഘം ഒരു സ്ത്രീ ഉള്‍പ്പെടെ മുന്ന് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് അധികാരത്തിൽ വന്നശേഷം നടക്കുന്നന്ന മുന്നാമത്തെ മാവോയിസ്റ്റ് ഏറ്റുമുട്ടലാണ് അഗളിയിലേത്. നേരത്തെ കരുളായിയിലും വയനാട്ടിലെ ഉപവന്‍ റിസോര്‍ട്ടിന് സമീപത്തും നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവയെല്ലാം തന്നെ പോലീസ് സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലുകളാണെന്നുള്ള ആരോപണവും നിലനിൽക്കുന്നുണ്ട്.

എന്നാൽ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നുവെന്നും തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് പ്രത്യാക്രമണം നടത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് തിരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് അവശേഷിക്കുന്ന മാവോയിസ്റ്റ് സംഘം ചിതറിയോടിയിരിക്കാമെന്നാണ് പോലീസ് നിഗമനം. എ.കെ 47 തോക്കുകളും ഭക്ഷ്യവസ്തുക്കളും മാവോയിസ്റ്റ് ഒളിത്താവളത്തില്‍ നിന്ന് കണ്ടെത്തിയെന്നും ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകള്‍ രക്ഷപെട്ടു എന്നുമാണ് പോലീസ് പറയുന്നത്.

ചിക്കമംഗളൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടി ആദിവാസി ഊരിന് സമീപം ഭവാനിദളത്തില്‍ ഉള്‍പ്പെട്ട മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിങ്കളാഴ്ച രാവിലെ തിരച്ചില്‍ നടത്തിയത്.