Thu. Apr 25th, 2024

പുന്നപ്ര–വയലാർ 73ാം വാർഷിക വാരാചരണത്തിനു സമാപനംകുറിച്ച് പതിനായിരങ്ങള്‍ വയലാറിലേയ്ക്ക്. ധീരന്മാര്‍ക്ക് പ്രണാമമര്‍പ്പിച്ച്‌ രക്തസാക്ഷി ഗ്രാമങ്ങളില്‍ നിന്നും ആലപ്പുഴ ജില്ലയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്ന ജനസഞ്ചയം വയലാറിനെ ചെങ്കടലാക്കികൊണ്ടിരിക്കുകയാണ്. രാവിലെ ഏഴ് മണിക്ക് ആലപ്പുഴ വലിയ ചുടുകാട്ടില്‍ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മന്ത്രി ജി സുധാകരനും ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സമരസേനാനി കെ കെ ഗംഗാധരനും കൊളുത്തി നൽകിയ ദീപശിഖ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേർന്നപ്പോൾ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബദലായി വളര്‍ന്നുവന്നാല്‍ മാത്രമേ രാജ്യത്ത് ഫാസിസം ഇല്ലാതാക്കാന്‍ സാധിക്കൂ എന്ന് ഡി രാജ. കേന്ദ്ര ബിജെപി സർക്കാരിന്റെ തകർച്ചയുടെ തുടക്കമാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലമെന്ന്‌ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടുമെന്നായിരുന്നു ബിജെപിയുടെ വാദം. ഇപ്പോൾ ഭൂരിപക്ഷം തികയ്ക്കാനായി വഴിവിട്ട രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുകയാണ്. പാർടിക്കുള്ളിലെ പ്രശ്നങ്ങൾ മൂലം കോൺഗ്രസ് ദുർബലമായിട്ടും ബിജെപിക്ക് വിജയം നേടാനായില്ല. ബിജെപി ഭരണത്തിനെതിരായ ജനങ്ങളുടെ വികാരപ്രകടനമാണിത്. മതനിരപേക്ഷ–- ജനാധിപത്യ ശക്തികൾ ഒന്നിച്ച് ബിജെപി ഭരണത്തെ തകർത്തെറിഞ്ഞ്‌ രാജ്യത്തേയും ജനങ്ങളേയും രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ. പുന്നപ്രവയലാർ വാർഷിക വാരാചരണത്തിൻെറ ഭാഗമായി വയലാറിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ഭരണഘടനയിലെ 370–-ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം കശ്മീർ ജനത തടങ്കലിലാണ്. സഞ്ചാരസ്വാതന്ത്ര്യമില്ല. ഫോൺ, ഇന്റർനെറ്റ് തുടങ്ങി പരസ്പരം ബന്ധപ്പെടാനുള്ള മാർഗങ്ങളെല്ലാം തടഞ്ഞിരിക്കയാണ്. പൊതുപ്രവർത്തകർ തടങ്കലിലാണ്. കശ്മീർ സന്ദർശനത്തിന് രാഷ്ട്രീയ നേതാക്കൾക്ക് വിലക്കാണ്‌. 370–-ാം വകുപ്പ് ഉപേക്ഷിച്ചതു സംബന്ധിച്ച് പച്ചനുണകളാണ്‌ ബിജെപി പ്രചരിപ്പിക്കുന്നത്‌.

കാശ്മീരിൽ ഇപ്പോഴും അശാന്തിയാണ്. കാശ്മീരിലും ലഡാക്കിലും പുതിയ ഗവർണർമാരെ നിയമിക്കുന്നതിലൂടെ പുതിയ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഇതെല്ലാം കേന്ദ്രഭരണ പ്രദേശങ്ങളായി തുടരുന്നത് ഇതിൻെറ ഉദാഹരണമാണ്. കാശ്മീരിൽ വീട്ട് തടങ്കലിലുള്ള നേതാക്കൻമാരെ മോചിപ്പിക്കേണ്ടത് അനിവാര്യമാണ്.

ആർഎസ്എസ് അജൻഡയായ ഹിന്ദുരാഷ്ട്രം നടപ്പാക്കാനാണ് മോഡി ശ്രമിക്കുന്നത്. രാജ്യത്തെ സാമ്പത്തികരംഗം മുമ്പെങ്ങുമില്ലാത്തവിധം തകർന്നു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കോർപറേറ്റുകളുടെ നികുതി കുറയ്‌ക്കുകയാണ്. രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇത് പരിഹരിക്കാൻ കർശനമായ നടപടിയാണ് വേണ്ടത്. റിസർവ് ബാങ്കിൻെറ കരുതൽ സ്വർണ്ണം പോലും എടുക്കേണ്ടി വന്നത് രാജ്യത്തിൻെറ സാമ്പത്തിക പ്രതിസന്ധിയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി നയങ്ങൾക്ക് യഥാർഥ ബദൽ ഇടതുപക്ഷം മാത്രമാണ്.മതേതര ജനാധിപത്യപാർടികളുടെ വലിയ ഐക്യനിര പടുത്തുയർത്തുകയെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ കാലികമായ കടമയെന്നും അദ്ദേഹം പറഞ്ഞു.