Fri. Mar 29th, 2024

വിജയൻമാഷിൻറെ ഭാഷയിൽ പറഞ്ഞാൽ വെറും ഒരു ‘തെരെഞ്ഞെടുപ്പു’ മാത്രമാണെങ്കിലും കേരളത്തിലെ പൊതുസമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കിയ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുഫലം വിരല്‍ചൂണ്ടുന്നത് എങ്ങോട്ടാണ്? ജാതിയും മതവും സമുദായവും ആചാരങ്ങളുമല്ല മറിച്ച് മികച്ചവ്യക്തിത്വങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളും ജനങ്ങളുടെ ജീവിതപ്രശനങ്ങളുമാണ് എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കു തന്നെയാണ്.

മൂന്ന് മുന്നണികൾക്കും ജനം തിരിച്ചടികൊടുത്ത തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പിനേറ്റ പ്രഹരങ്ങളുടെ കാര്യകാരണങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ബി.ജെ.പി.യും വിശദീകരിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വോട്ടര്‍മാര്‍ ശരിക്കും പ്രഹരിച്ചത് സമുദായ നേതൃത്വങ്ങളെയും ചില ജാതി മത മാനദണ്ഡമനുസരിച്ച് നിർണ്ണയിക്കപ്പെടുന്ന കുത്തകമണ്ഡലക്കാരുടെ രാഷ്ട്രീയ കണക്കുകൂട്ടലുകളെയുമാണ്. ഏതു മുന്നണി ഭരിച്ചാലും സ്വന്തം കാര്യം നേടിയെടുക്കുകയും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ വെടിപൊട്ടിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനകള്‍ക്ക് ഇത്തവണ വോട്ടര്‍മാര്‍ മുഖമടച്ചുള്ള അടിയാണ് കൊടുത്തത്.

പ്രചരണ സമയത്ത് സമുദായങ്ങളുടെ ഇടപെടലും സമ്മര്‍ദ്ദവും നിര്‍ണ്ണായക ഘടകങ്ങളായി പ്രതിഫലിച്ച വട്ടിയൂര്‍കാവിലും കോന്നിയിലും അരൂരിലും സമുദായനേതൃത്വങ്ങളുടെ നിലപാടുകള്‍ക്ക് നേർ വിപരീതമായിരുന്നു വോട്ടര്‍മാരുടെ പ്രതികരണം. സമദൂരത്തില്‍ നിന്നും ശരിദൂര സിദ്ധാന്തവുമായി ശക്തമായ ഇടപെടല്‍ നടത്തിയ എന്‍എസ്എസിനെ കീഴ്‌മേല്‍ മറിച്ചായിരുന്നു വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ഉജ്വല വിജയം നേടിയത്. വട്ടിയൂര്‍ക്കാവില്‍ തങ്ങള്‍ക്ക് 70,000 നായര്‍ വോട്ടുകളുണ്ടെന്ന് അവകാശപ്പെട്ട് യുഡിഎഫിനായി എന്‍എസ്എസ് പരസ്യമായി രംഗത്ത് വരികയും മോഹന്‍കുമാറിന് വേണ്ടി വീടുകളും കരയോഗങ്ങളും കേന്ദ്രീകരിച്ച് പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ എല്‍ഡിഎഫും ബിജെപിയും രംഗത്ത് വരികയും ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ വി കെ പ്രശാന്തിന് കിട്ടിയത് 14,000 വോട്ടിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനും ബിജെപിയും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു എല്‍ഡിഎഫ് കുതിച്ചുയര്‍ന്ന് വിജയം നേടിയപ്പോള്‍ ഉയരുന്ന ചോദ്യം എന്‍എസ്എസിന്റെ കരയോഗം വഴിയുള്ള 70,000 വോട്ടുകള്‍ എവിടെ മറിഞ്ഞെന്നാണ്. വട്ടിയൂര്‍കാവില്‍ പാര്‍ട്ടിവോട്ടുകള്‍ക്ക് പുറമേ വ്യക്തിപരമായ വോട്ടുകളും പ്രശാന്തിന് കിട്ടി. എന്‍എസ്എസ് നിലപാട് മറ്റൊരു രീതിയില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കണമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി മോഹന്‍ കുമാറിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷമിവിടെ 23,000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു.

യുഡിഎഫിലെ ഉള്‍പ്പോരും ഇവിടെ വിഷയമായി മാറിയെന്ന് വേണം കണക്കാന്‍. പാര്‍ലമെന്റിലേക്ക് പോയ കെ മുരളീധരന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച പീതാംബര കുറുപ്പിനെ തള്ളിയായിരുന്നു മോഹന്‍കുമാര്‍ വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത്.

ബിജെപിയുടെ വട്ടിയൂര്‍കാവിലെ പ്രകടനം ഇത്തവണ ദയനീയമായിപ്പോയി. കഴിഞ്ഞ തവണ വലിയ വോട്ടുഷെയര്‍ കണ്ടെത്തിയ കുമ്മനം രാജശേഖരനെ മാറ്റി ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിച്ചെന്ന് വിലയിരുത്തലുണ്ട്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ അതൃപ്തിക്ക് ഇത് കാരണമായി. ഈ സാഹചര്യത്തില്‍ ബിജെപി വോട്ടുകളും എല്‍ഡിഎഫിലേക്ക് ഒഴുകിയെന്ന് കണക്കാക്കുന്നവര്‍ ഏറെയാണ്.

പ്രചരണകാലത്ത് യുഡിഎഫും ബിജെപിയും ഉയര്‍ത്തിയ ശബരിമലയും ജാതിവിഷയവും ഒന്നും തന്നെ കോന്നിയിലെ ഉപതിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും നേട്ടമുണ്ടാക്കിയില്ല. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തര്‍ക്കിച്ചു നിന്ന പിറവം പള്ളി വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണവും. കോന്നിയില്‍ ബിജെപിയ്ക്ക് വേണ്ടി ഓര്‍ത്തഡോക്‌സ് സഭ പരസ്യമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തങ്ങളെ സമീപിക്കുന്ന അവസരവാദികളായി എല്‍ഡിഎഫിനെയും യുഡിഎഫിനെയും മുദ്രകുത്തുകയും ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ചെയ്ത ആഹ്വാനം തള്ളിക്കൊണ്ട് പക്ഷേ വിശ്വാസികള്‍ ജയിപ്പിച്ചത് എല്‍ഡിഎഫിന്റെ ജനീഷ്‌കുമാറിനെയാണെന്ന് മാത്രം. അടൂര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന്‍ പീറ്ററെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി മാറിയേനെ എന്നു കരുതുന്നവരുംഉണ്ട്

തെരഞ്ഞെടുപ്പ് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കോന്നിയില്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാക്കന്മാര്‍ പരസ്യമായി പറഞ്ഞത്. 9000പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജനീഷ്‌കുമാര്‍ ജയിച്ചു കയറുമ്പോള്‍ ഉയരുന്ന ചോദ്യം ഓര്‍ത്തഡോക്‌സ് സഭയുടെ വോട്ടുകള്‍ എവിടേയ്ക്ക് പോയെന്നാണ്. ഇവര്‍ പിന്തുണച്ച ബിജെപി സ്ഥാനാര്‍ത്ഥി ആകട്ടെ മുന്നാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു. 40,000 വോട്ടുകള്‍ സഭ അവകാശപ്പെടുമ്പോള്‍ അവര്‍ പിന്തുണച്ച എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിക്ക് മൊത്തം കിട്ടിയത് 39786 വോട്ടുകളാണ് എന്നതാണ് കൗതുകകരം. എന്നാല്‍ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 45,506 വോട്ട് പിടിക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ല. എന്നാല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താനായി. നാല് വര്‍ഷം മുമ്പ് 16713 വോട്ട് ആണ് എന്‍.ഡി.എ നേടിയിരുന്നത്.

എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാടുകള്‍ സമയായസമയങ്ങളില്‍ മാറിക്കൊണ്ടിരിക്കും. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ശക്തമായ പിന്തുണകൊടുക്കമ്പോഴും മോഡിയേയും അമിത് ഷായേയും വാഴ്ത്താന്‍ മറക്കില്ല. അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് മറിഞ്ഞോ ഇല്ലയോ എന്ന ഉറപ്പ് പറയാന്‍ സാക്ഷാല്‍ വെള്ളാപ്പള്ളിക്കുപോലും പറ്റില്ല.മണ്ഡലത്തിൽ ബിഡിജെഎസ് കരുത്തരായിട്ടും അരൂരില്‍ ബിജെപിയുടെ വോട്ടു ഷെയറില്‍ വലിയ തിരിച്ചടിയാണ് ഉണ്ടായത്.

എല്‍ഡിഎഫിന് എസ്എന്‍ഡിപി നേതൃത്വം പരോക്ഷമായ പിന്തുണ നല്‍കിയിരുന്നെങ്കിലും വോട്ട് വേണ്ട രീതിയില്‍ വീണില്ല. ആദ്യ ഘട്ടത്തില്‍ ഇവിടെ ന്യൂനപക്ഷ സമുദായത്തെ പരിഗണിക്കരുതെന്നും ഹിന്ദു സ്ഥാനാര്‍ത്ഥി തന്നെ വേണമെന്ന് നിലപാട് എടുത്ത വെള്ളാപ്പള്ളി പിന്നീട് ഒബിസിക്കാരൻപോലുമല്ലാത്ത ഒരു സവർണ്ണ ക്രിസ്ത്യാനിയെ സ്ഥാനാർത്ഥി ആക്കിയപ്പോൾ നിശബ്ദനായെങ്കിലും നേതാവ് പറഞ്ഞത് പോലെയുള്ള സാമുദായിക പിന്തുണ എല്‍ഡിഎഫിന് കിട്ടിയില്ല എന്നുവേണം കരുതാന്‍. ഷാനിമോൾ ഒന്നുമല്ലെങ്കിലും പിന്നോക്ക സമുദായക്കാരിയല്ലേ എന്ന ചിന്ത ലാറ്റിൻക്രിസ്ത്യാനികൾക്കിടയിൽ പോലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

സ്ഥാനാർത്ഥി സവർണക്രിസ്ത്യാനിയായിരുന്നെങ്കിലും എല്ലാവിഭാഗങ്ങളുടെയും പിന്തുണയ്ക്കായി മഞ്ഞചെങ്കൊടിയും പച്ച ചെങ്കൊടിയും ചിലയിടങ്ങളിൽ നീലചെങ്കൊടിയും പിന്നെ സമാധാനത്തിന്റെ വെള്ളചെങ്കൊടിയും എല്ലാം പരീക്ഷിച്ചെങ്കിലും ചെങ്കൊടി മാത്രം നെഞ്ചേറ്റിയ അരൂരിലെ പരമ്പരാഗത കമ്യൂണിസ്റ്റുകൾക്ക് അത് തന്നെ ഉൾക്കൊളവുന്നത് ആയിരുന്നില്ല എന്നതാണ് സത്യം. ഫലമോ ഗൗരിയമ്മയില്‍നിന്ന് ആരിഫ് പിടിച്ചെടുത്ത സി.പി.എമ്മിന്റെ പ്രസ്റ്റീജ് സീറ്റ് ഷാനിമോള്‍ക്ക് സമ്മാനിച്ചു കൊടുത്തുകൊടുത്തുകൊണ്ട് ആദ്യമായി ഒരു കോൺഗ്രസ് എംഎൽഎ യെ അരൂർ മണ്ഡലത്തിന് ലഭ്യമാക്കുകയും ചെയ്തു. 2006 ല്‍ പെരുമ്പാവൂരും 2016 ഒറ്റപ്പാലത്തും ഷാനിമോള്‍ തോറ്റിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും തോറ്റ ഷാനിമോള്‍ക്ക് പാർലമെന്ററി രാഷ്ട്രീയത്തിനുള്ള അവസരവും അങ്ങനെ അരൂരിലെ വോട്ടർമാർ ഒരുക്കി.വട്ടിയൂർക്കാവിലെ സുകുമാരൻ നായരുടെ പരാജയത്തിൻറെ ലഡു പൊട്ടിയിരിക്കുകയാണെങ്കിലും അരൂരിനെക്കുറിച്ച് വെള്ളാപ്പള്ളി ഒന്നും മിണ്ടുന്നില്ല.