Thu. Apr 25th, 2024

ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചു. യു.പി ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റേതാണ് നടപടി. പഠന സമയത്ത് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറാതിരിക്കാനാണ് നടപടിയെന്ന് വകുപ്പിന്റെ വിശദീകരണം. സര്‍കലാശാല ക്യാമ്പസുകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ വ്യാഴാഴ്ച പുറത്തിറക്കി.

സര്‍വകലാശാലകളിലെയും കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും നിരോധനം ബാധകമാണ്. ക്യാമ്പസുകളില്‍ മികച്ച പഠനാനന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് മൊബൈല്‍ ഫോണ്‍ നിരോധിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. ക്ലാസുകള്‍ നടക്കുന്ന സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ നോക്കി സമയം ചെലവഴിക്കുകയാണെന്നും അധികൃതര്‍ ആരോപിച്ചു.

മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഔദ്യോഗിക പരിപാടികളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈല്‍ ഫോണ്‍ നിരോധിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിനിടയില്‍ മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ ശ്രദ്ധിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് ഔദ്യോഗിക മീറ്റിംഗുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചത്.