Thu. Mar 28th, 2024

സാഹിത്യത്തിനുള്ള 2018 – 2019 വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് യഥാക്രമം പോളിഷ് എഴുത്തുകാരന്‍ ഓള്‍ഗ ടോകാര്‍സുക്കും ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയും തിരഞ്ഞെടുക്കപ്പെട്ടു. നൊബേല്‍ പുരസ്‌കാരം നല്‍കുന്ന സ്വീഡിഷ് അക്കാഡമിക്ക് എതിരെ ലൈംഗിക പീഡനം, സാമ്പത്തിക തെറ്റ്, അഴിമതി, മറച്ചുവെക്കൽ തുടര്‍ങ്ങിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വര്‍ഷം സാഹിത്യത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നില്ല. 70 വര്‍ഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കുന്നത് മാറ്റിവച്ചത്.

പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമാണ് 2018ലെ മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് കൂടിയായ ഓള്‍ഗ ടോകാര്‍ചുക്ക്. മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരികൂടിയാണ് അവർ. സിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് 2019ലെ പുരസ്കാരത്തിന് അർഹനായ പീറ്റര്‍ ഹന്‍ഡ്‌കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുണ്ട്.

സാഹിത്യ ലോകത്തെ ഏറ്റവും അഭിമാനകരമായ അവാര്‍ഡായി കണക്കാക്കപ്പെടുന്ന നൊബേല്‍ പുരസ്‌കാരം 1901 മുതല്‍ 114 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ 14 പേര്‍ മാത്രമാണ് സ്ത്രീകള്‍. 2017 നവംബറില്‍, സ്വീഡിഷ് കവിയും അക്കഡമിയുടെ 18 അംഗങ്ങളില്‍ ഒരാളുമായ കതറിന ഫ്രോസ്റ്റെന്‍സണ്‍ തന്റെ ഭര്‍ത്താവിനെതിരെ ഉയര്‍ന്ന മീടു ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. അവരുടെ ഭര്‍ത്താവിനെ ബലാത്സംഗ കുറ്റത്തിന് പിന്നീട് രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

അന്നത്തെ അക്കാഡമിയുടെ സ്ഥിരം സെക്രട്ടറി സാറാ ഡാനിയസ് ഉള്‍പ്പെടെ ആറ് അംഗങ്ങള്‍ രാജിവെച്ചതിന് പിന്നാലെയായിരുന്നു കതറിന ഫ്രോസ്റ്റെന്‍സന്റെ രാജി. നേരത്തെ അക്കാഡമി അംഗങ്ങള്‍ക്ക് രാജിവെക്കാന്‍ അവസരമുണ്ടായിരുന്നില്ല. ആജീവനാന്ത കാലത്തേക്കായിരുന്നു നിയമനം. എന്നാല്‍ ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും അംഗങ്ങളെ രാജിവയ്ക്കാന്‍ അനുവദിക്കുകയും സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് രസതന്ത്ര നോബേല്‍ പുരസ്‌കാരം

2019ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎസ് ശാസ്ത്രജ്ഞരായ ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, ജാപ്പനീസ് ശാസ്ത്രജ്ഞന്‍ അകിര യോഷിനോ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ലിഥിയം- അയണ്‍ ബാറ്ററികള്‍ വികസിപ്പിച്ചതിനാണ് മൂന്നുപേരും നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 1922ല്‍ ജര്‍മനിയില്‍ ജനിച്ച ജോണ്‍ ബി ഗുഡ്ഇനഫ്, നിലവില്‍ ടെക്‌സാസ് സര്‍വകലാശാലയില്‍ അധ്യാപകനാണ്. 1941ല്‍ യുകെയില്‍ ജനിച്ച സ്റ്റാന്‍ലി വിറ്റിങ് ഹാം നിലവില്‍ ബിങ്ഹാംടണ്‍ സര്‍വകലാശാലയില്‍ അധ്യാപകനാണ്.

ജപ്പാന്‍ സ്വദേശിയായ അകിര യോഷിനോ 1948ലാണ് ജനിച്ചത്. നിലവില്‍ ജപ്പാനിലെ മെയ്‌ജോ സര്‍വകാശാലയില്‍ അധ്യാപകനാണ്. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായ കണ്ടുപിടിത്തമായിരുന്നു ലിഥിയം- അയണ്‍ ബാറ്ററി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് പുറമെ ഈ ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് കാറുകള്‍വരെ ഇന്ന് വിപണിയിലുണ്ട്. ഈ ബാറ്ററി വികസിപ്പിച്ചതിലൂടെ ഈ ശാസ്ത്രജ്ഞര്‍ വയര്‍ലെസ്, ഫോസില്‍ ഇന്ധന മുക്തമായ ഒരു സമൂഹത്തിന് അടിത്തറപാകിയെന്ന് സമ്മാനം പ്രഖ്യാപിച്ച റോയല്‍ അക്കാദമി വിലയിരുത്തി.

വിവരസാങ്കേതിക മൊബൈല്‍ സാങ്കേതികവിദ്യയുടെ വ്യാപനത്തിന് ഊര്‍ജം പകര്‍ന്നതില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ കണ്ടുപിടിത്തം നിര്‍ണായകപങ്കാണ് വഹിച്ചതെന്നും അക്കാദമി നിരീക്ഷിച്ചു. ഭൗതികശാസ്ത്ര നോബേല്‍ പുരസ്‌കാരം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിള്‍സ്, മൈക്കിള്‍ മേയര്‍, ദിദിയെര്‍ ക്വലോസ് എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഫിസിക്കല്‍ കോസ്‌മോളജിയിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് ജെയിംസ് പീബിള്‍സിന് നൊബേലിന് അര്‍ഹനായത്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നാളെ പ്രഖ്യാപിക്കും.