Thu. Apr 18th, 2024

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതനാ പരാമര്‍ശത്തില്‍ പെതുമരാമത്ത് മന്ത്രി ജി സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീറ്റ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായ ടീക്കാറാം മീണ പറഞ്ഞു.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു ആരുടേയും പേരെടുത്ത് പറയാതെയുള്ള മന്ത്രിയുടെ വിവാദ പരാമര്‍ശം.പൂതനമാര്‍ക്ക് ജയിക്കാനുള്ള ഇടമല്ല അരൂര്‍ എന്നായിരുന്നു മന്ത്രി പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് ചിലര്‍ ജയിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകാരന്‍ പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാനും പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കയിരുന്നു. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.

എന്നാല്‍ ഇതിന് പിന്നാലെ പൂതനാ പരാമര്‍ശത്തില്‍ മോശമായ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വരാണാധികാരിക്ക് ജി സുധാകരന്‍ പരാതി നല്‍കിയിരുന്നു.താൻ ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചില്ല അങ്ങനെ പറഞ്ഞത് എന്നാണ് മന്ത്രി പറയുന്നത്.അത് തന്നെയാണെന്ന് വ്യാഖാനിക്കുന്നത് തികച്ചും രാഷ്ട്രീയമായ വൈരാഗ്യം മൂലമാണെന്നും ജി സുധാകരന്‍ കത്തില്‍ പറഞ്ഞിരുന്നു. ഇങ്ങനെ സത്യവിവുദ്ധമായ പ്രചരണം നടത്തുകവഴി മന്ത്രിയെ അപമാനിച്ചിരിക്കുകയാണ് എന്നാണ് വരാണാധികാരിക്ക് നൽകിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.