Tue. Apr 23rd, 2024

വീട്ടില്‍പ്പോലും കയറ്റാത്ത സ്ത്രീകളെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റിയതെന്ന് കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. മോഹന്‍രാജ്. ശബരിമലയിലെ വിശ്വാസത്തെ ഇടതുസര്‍ക്കാര്‍ തകര്‍ത്തെന്നും മോഹനരാജൻ.

‘നവോത്ഥാനമെന്ന പേരിട്ടുകൊണ്ട്, വീട്ടില്‍പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീകളെ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ നാനൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നീചമായ പ്രവൃത്തി സുവര്‍ണാവസരമായിട്ടാണ് ബി.ജെ.പി കരുതിയത്. പാര്‍ട്ടി ഫോറത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പറഞ്ഞതു പുറത്തുവരുന്നു. ശബരിമലയിലെ വിശ്വാസവും സമാധാനാന്തരീക്ഷവും തകര്‍ക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിച്ചതെന്ന് വിശ്വാസി സമൂഹം തിരിച്ചറിയണം’ എന്നാണ് മോഹന രാജൻ പറഞ്ഞത്.

കോന്നി ഉപതെരഞ്ഞെടുപ്പില്‍ ശബരിമലവിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും നേരത്തെ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ 3000 ല്‍ താഴെ വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 440 മാത്രമായിരുന്നു. ഇതാണ് ഭരണഘടനാവിരുദ്ധമായ പ്രസ്താവന നടത്താൻ പോലും സ്ഥാനാർത്ഥികളെ പ്രേരിപ്പിക്കുന്നത്. ഇത്രയും ജനധിപത്യബോധവുമില്ലാത്ത ആളുകളെയാണ് ജനപ്രതിനിധികളായി തിരഞ്ഞെടുക്കാൻ കോൺഗ്രസ് എഴുന്നള്ളിച്ചുകൊണ്ടുവന്ന് നിർത്തിയിട്ടുള്ളത്.