Fri. Mar 29th, 2024

ഏംഗൽസ് നായർ

ചാർളി ചാപ്ലിന്റെ 1936 ൽ പുറത്തിറങ്ങിയ മോഡേൺ ടൈംസ് എക്കാലത്തെയും ഹാസ്യ സിനിമകളിൽ മുൻപന്തിയിൽ ആയിരുന്നു. തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിലെ ദുരിതങ്ങളും യാന്ത്രിക ജീവിതവും തുറന്നു കാട്ടിയപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നു തന്നെ ചാപ്ലിന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവന്നു. അതു കൊണ്ടെത്തിച്ചത് അദ്ദേഹത്തെ ബ്രിട്ടനിലേക്ക് നാടുകടത്തികൊണ്ടായിരുന്നു. പക്ഷെ ലോകമാകെയുള്ള കമ്മ്യൂണിസ്റുകളും തൊഴിലാളികളും ചിത്രത്തെ നെഞ്ചോടുചേർത്തു വച്ചപ്പോൾ ഇതൊന്നും അറിയാത്ത ഭാഷക്കതീതമായി ലോകത്തിലെ ഏതൊരു കൊച്ചുകുട്ടിക്കുപോലും ആ സിനിമ പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങളായിരുന്നു.

അന്ധയായ പൂക്കാരി പെൺകുട്ടിയ സ്നേഹിക്കുന്ന അലഞ്ഞു നടക്കുന്ന ചാപ്ലിന്റെ 1931 ൽ പുറത്തിറങ്ങിയ സിറ്റി ലൈറ്റ് എന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം 16 മാസത്തേക്ക് ലണ്ടനിൽ എത്തിയതായിരുന്നു ചാപ്ലിൻ. അതേ സമയത്തു തന്നെ ആയിരുന്നു രണ്ടാം വട്ടമേശ സമ്മേളനത്തിന് വേണ്ടി ഗാന്ധിജി 1932 സെപ്തംബര് 12 ന് ലണ്ടനിൽ എത്തിയതും. ആ സമയത്ത് ലോക രാജ്യങ്ങളെല്ലാം വൻ സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ച് അമേരിക്കയും യൂറോപ്പും.

അവർ തമ്മിൽ കണ്ട് പലകാര്യങ്ങളും സംസാരിക്കുന്നതിനിടയിൽ ആധുനിക സാങ്കേതികവിദ്യയെ എതിർത്തുകൊണ്ട് ഗാന്ധിജി സംസാരിച്ചു. ഗാന്ധിജി അതിനെ പൊതുവായി എതിർക്കുന്നത് എന്തിനാണെന്ന് ചാപ്ലിന് മനസ്സിലായതുമില്ല. ലാഭത്തെ മാത്രം അടിസ്ഥാനമാക്കിയിട്ടുള്ള യന്ത്രവത്കരണം ജനങ്ങൾക്ക് വ്യാപകമായി തൊഴിൽ നഷ്ടം ഉണ്ടാക്കുന്നുവെന്നും അവരെ യന്ത്രീകമാക്കി ജീവിതം നശിപ്പിക്കുമെന്നും ഗാന്ധിജി പറഞ്ഞു.

തൊഴിലാളികൾ നേരിടുന്ന ഈ പ്രശ്നം ചാപ്ലിന്റെ തലയിൽ പുതിയ ഒരാശയത്തിന് വഴി തെളിച്ചു. അധികം വൈകാതെതന്നെ നിശബ്ദ ചിത്രത്തിൽ നിന്നും വിഭിന്നമായി ആദ്യമായി ഒരു ശബ്ദ ചിത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ശബ്ദ ചിത്രങ്ങൾക്ക് വേണ്ടുന്ന സെക്കന്റിൽ 24 ഫ്രെയിം നിശബ്ദ ചിത്രങ്ങൾക്ക് 18 ഫ്രെയിം ആയിരുന്നു വേണ്ടിയിരുന്നത്. ചാപ്ലിൻ ചിത്രങ്ങളിലെ ദ്രുതഗതിയിലുള്ള ഹാസ്യരസപ്രധാനമായ ചടുല ചലനങ്ങൾക്ക് 18 ഫ്രെയിം ഒഴിവാക്കാൻ പറ്റുമായിരുന്നില്ല. മോഡേൺ ടൈംസിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആ മനുഷ്യൻ സംസാരിക്കേണ്ട ഭാഷ ലോകത്തിനു മുഴുവൻ മനസ്സിലാകേണ്ടതായിരുന്നു. അത് ഏറ്റവും കൂടുതൽ

പ്രതിഫലിപ്പിക്കാൻ സാധിക്കുന്നത് നിശബ്ദ ചലങ്ങളിലൂടെ മാത്രം ആയിരുന്നു. നിശബ്ദ ചിത്രങ്ങളിൽ ആകൃഷ്ടനായിരുന്ന ചാപ്ലിൻ പിന്നീടതൊരു നിശബ്ദ ചിത്രം തന്നെയാക്കി

ആ വലിയ യന്ത്രത്തിന്റെ പൽചക്രങ്ങളിലൂടെ കയറി പോകുന്ന ഭാഗം ചിത്രീകരിച്ചത് 7 ദിവസം കൊണ്ടായിരുന്നു. ആ ഭാഗങ്ങൾ ഉണ്ടാക്കിയിരുന്നത് ഇരുമ്പു കൊണ്ടായിരുന്നില്ല മരവും റബ്ബറും ഉപയോഗിച്ചായിരുന്നു. ആ ചക്രങ്ങളുടെ നിയന്ത്രണം ക്യാമറയിൽ കാണാത്ത വിധം ചാപ്ലിൻ തന്നെയായിരുന്നു നിയന്ത്രിച്ചിരുന്നത്.

1936 ൽ മോഡൺ ടൈംസ് പുറത്തിറങ്ങുമ്പോൾ അത് യൂറോപ്പിൽ ബോക്സ് ഓഫീസ് ഹിറ്റായി മാറി. മനുഷ്യന്റെ യാന്ത്രിക ജീവിതത്തിന്റെ ആരംഭദിശയിൽ ഉടലെടുത്തതാണെങ്കിലും 21 നൂറ്റാണ്ടിലും അതിനുശേഷവും ഉള്ള ജീവിതത്തിന്റെ പ്രതിഫലനം അതിൽ പൂർണമായും ചാലിച്ചു ചേർത്തിരുന്നു.

ഗാന്ധിജി ഈ ചിത്രത്തെ കുറിച്ചു കേട്ടിരുന്നെങ്കിലും ഒരിക്കലും മോഡേൺ ടൈംസ് കണ്ടിരുന്നില്ല.