Fri. Mar 29th, 2024

ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവത്തിന് ശേഷം തനിക്ക് ഭീഷണിയുണ്ടായതായി ജസ്റ്റിസ് ഡ വൈ ചന്ദ്രചൂഡ്. വിധിക്ക് ശേഷം സമൂഹ മാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായും ഈ സന്ദേശങ്ങള്‍ വായിക്കരുതെന്ന് തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ലോ ക്ലാര്‍ക്ക്മാരും, ഇന്റേണ്‍സും ആവശ്യപ്പെട്ടിരുന്നുവെന്നുംജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസിന്റെ വെളിപ്പെടുത്തല്‍.

2018 സെപ്തംബര്‍ 28 ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാബഞ്ച് സുപ്രധാനവിധി പുറപ്പെടുവിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവര്‍ യുവതീപ്രവേശനം വേണമെന്ന് പറഞ്ഞപ്പോള്‍ ബഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര യുവതീപ്രവേശം കോടതിയല്ല തീരുമാനിക്കേണ്ടതെന്ന് വിധിയെഴുതി.

പുരോഗമനപരമായി ചിന്തിക്കുന്നെന്ന് കരുതപ്പെടുന്ന കേരളം ഇത്തരത്തില്‍ പ്രതികരിച്ചത് ന്യായാധിപരെപ്പോലും അദ്ഭുതപ്പെടുത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറയുന്നു. വിധിയ്ക്ക് ശേഷം തനിയ്ക്ക് ലഭിച്ചത് മോശമായ ഭാഷയിലുള്ള നിരവധി ഭീഷണികളാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വെളിപ്പെടുത്തി.

വിധി വന്ന ശേഷം എന്റെ ഇന്‍ടേണ്‍സും, ക്ലര്‍ക്കുമാരും അടക്കമുള്ളവര്‍ എന്നോട്, താങ്കള്‍ സാമൂഹ്യമാധ്യമങ്ങളിലില്ലല്ലോ എന്നാണ് ചോദിച്ചത്. ഇല്ല, വാട്‌സാപ്പില്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുമായും സംസാരിക്കാറുണ്ട് എന്നതൊഴിച്ചാല്‍ എനിക്ക് മറ്റ് സാമൂഹ്യമാധ്യമങ്ങളിലൊന്നും അക്കൗണ്ടില്ലെന്ന് ഞാനവരോട് പറഞ്ഞു. എങ്കില്‍ അക്കൗണ്ടുകള്‍ തുടങ്ങരുത് അവര്‍ എന്നോട് പറഞ്ഞു. ഭയപ്പെടുത്തുന്ന തരം ഭീഷണികളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വരുന്നത്. പേടിപ്പിക്കുന്നതാണത്. വിധി പറഞ്ഞ ന്യായാധിപരുടെ സുരക്ഷയോര്‍ത്ത് ഞങ്ങള്‍ പലപ്പോഴും ഉറങ്ങിയില്ലെന്ന് അവരെന്നോട് പറഞ്ഞുവെന്നും ചന്ദ്രചൂഢ് പറഞ്ഞു. അതേ സമയം ഭീഷണികള്‍ക്കോ പൊതുവികാരമോ അടിസ്ഥാനപ്പെടുത്തി വിധിന്യായങ്ങള്‍ പുറപ്പെടുവിയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ നിന്ന് സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് തൊട്ടുകൂടായ്മ സമ്പ്രദായം പോലെയാണ്. അവരുടെ ഭരണഘടനാ അവകാശങ്ങള്‍ ഹനിക്കുന്നതുമാണ്- ചന്ദ്രചൂഡ് പറഞ്ഞു