Fri. Mar 29th, 2024

ബന്ദിപ്പൂര്‍ കടുവാ സങ്കേതം വഴിയുള്ള രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി വയനാട് എം പി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാത്രി യാത്രാ നിരോധം മൂലമുള്ള ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും രാഹുല്‍ പ്രതികരിച്ചു.

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. രാത്രിയാത്ര നിരോധനം പകല്‍കൂടി വ്യാപിപ്പക്കാനുള്ള നീക്കത്തിനെതിരെ ബത്തേരിയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടിലെത്തുമെന്നും രാഹുല്‍ അറിയിച്ചു.

അതിനിടെ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ട അഞ്ച് യുവാക്കളാണ് ഉപവാസം അനുഷ്ടിക്കുന്നത്. സമരത്തിന് പിന്തുണയുമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നൂറ്കണക്കിന് പേരാണ് ബത്തേരിയിലെത്തുന്നത്.