Fri. Mar 29th, 2024

സുപ്രീംകോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ പൊളിച്ചു നീക്കാൻ ഫോർട്ട് കൊച്ചി സബ് കലക്റ്റർ സ്നെഹിൽ കുമാർ സിംഗ് IAS ന് മരട് മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയായി അഡീഷണൽ ചുമതല നൽകി സർക്കാർ ഉത്തരവിറങ്ങി.

മരടിലെ ഫ്ലാറ്റുകൾ സമയബന്ധിതമായി പൊളിച്ചു നീക്കുക എന്ന അഡീഷണൽ ഉത്തരവാദിത്വമാണ് സർക്കാർ സ്നെഹിൽ കുമാറിനെ ഏൽപ്പിച്ചിരിക്കുന്നത്. ഒഴിപ്പിക്കലിനെതിരെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. നഷ്ടപരിഹാരത്തിനായി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കലിനെതിരായ ഫ്‌ളാറ്റ് ഉടമകളുടെ ഹര്‍ജി കോടതി പരിഗണിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുമ്പോള്‍ ഒഴിപ്പിക്കലിനെതിരായ ഉടമകളുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഉത്തരവ് നിയമലംഘകര്‍ക്കുള്ള താക്കീതാണ്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ അതിനായി നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ ഒരു ഹര്‍ജിയും രാജ്യത്തെ ഒരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് കൂടി മുന്‍നിര്‍ത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച സുപ്രീംകോടതി കേരളത്തിനു ധിക്കാരപരമായ സമീപനമാണെന്ന് രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും കൂടുതൽ ഉത്തരവുകൾക്കായി കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉത്തരവിന് മുൻപ് പൊളിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തി സുപ്രീംകോടതിയിൽ മുഖം രക്ഷിക്കാനാണ് സർക്കാർ നീക്കം.

മരട്‌ ഫ്‌ളാറ്റ്‌ പൊളിക്കല്‍ കേസില്‍ ചീഫ്‌ സെക്രട്ടറിക്കുവേണ്ടി കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വെയ്‌ക്കു പ്രതിഫലമായി നല്‍കിയത്‌ 15 ലക്ഷം രൂപയാണ്. സര്‍ക്കാരിന്റെ ബില്‍ പാസായിവരാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ ഡല്‍ഹിയിലെ അഭിഭാഷകന്‍ സ്വന്തം ചെക്കാണ്‌ ഹരിഷ്‌ സാല്‍വെയ്‌ക്കു നല്‍കിയത്‌. രാവിലെതന്നെ ചെക്ക്‌ കൈമാറി. തുടര്‍ന്നാണ്‌ അദ്ദേഹം കോടതിയിലെത്തിയത്‌.ഹരീഷ്‌ സാല്‍വെയുടെ അഭ്യര്‍ഥന മൂലമാണ്‌ ഇന്നലെ വിധി പറയാതിരുന്നതെന്നും 27 വരെ സാവകാശം കിട്ടിയതെന്നുമാണു വിലയിരുത്തല്‍. അന്നും ഹരീഷ്‌ സാല്‍വെ ഹാജരാകും; ഇതേ തുക നല്‍കേണ്ടിവരും.ബില്‍ഡര്‍മാരും മരട്‌ നഗരസഭയിലെ ഉദ്യോഗസ്‌ഥരും കാണിച്ച നിയമലംഘനത്തിന്റെ പേരിലുള്ള നടപടി ഒഴിവാക്കാനായാണു ഖജനാവില്‍നിന്നു വന്‍ തുക ചെലവഴിക്കുന്നത്‌.