Tue. Apr 23rd, 2024

സംസ്കൃത സർവകലാശാലയിലെ 24 വർഷ ജീവിതത്തിനിടയിൽ ആദ്യമായി, സർവകലാശാല എൻ.എസ്. സ്.യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ എൻ.എസ്. എസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ ഭൂമിക്കാരൻ ജെപി എന്ന ജയപ്രകാശിനെയും ആദരിച്ചു. സർവകലാശാല പ്രൊ.വൈസ് ചാൻസലർ ഡോ കെ.എസ്. രവികുമാർ ഭൂമിക്കാരൻ ജെപിയെ പൊന്നാട അണിയിച്ചു.

ജെപിയെ കൂടാതെ മറ്റ് രണ്ട് പേരും, കാലടി മുരളി, മണികണ്ഠൻ എന്നിവരെയും ആദരിച്ചിരുന്നു.”മനസ് നന്നായാൽ മനുഷ്യൻ നന്നാവും, മനസ്സ് നന്നാവട്ടെ എന്ന എൻഎസ്എസ് ഗീതം എല്ലാവരും നിത്യജീവിതചര്യയാക്കിയാൽ നമ്മുടെ നാട് മാവേലിനാട് ആകും.” എന്നാണ് സാധനങ്ങളുടെ ലിസ്റ്റും വിലയും പെട്ടിക്കടയുടെ പുറത്തെഴുതി ഒട്ടിച്ച് ആവശ്യക്കാർക്ക് പണം പെട്ടിയിലിട്ട് സാധനങ്ങൾ എടുക്കാവുന്ന ‘ആളില്ലാക്കട’ നടത്തിയ ജെപി മറുപടി പ്രസംഗത്തിൽ പറഞ്ഞത്.

“ഭൂമിയിൽ ഉളള എല്ലാവരും എനിക്ക്‌ വേണ്ടപ്പെട്ടവരാണ്‌. സകല മതസ്ഥരേയും എനിക്കുളളവരായി ഞാൻ കരുതുന്നു. കറുത്തവരും വെളുത്തവരും പാശ്ചാത്യരും പൗരസ്‌ത്യരും എന്റെ വീട്ടുകാരാണ്‌. പല വീടുകളിൽ താമസിക്കുന്ന ഒരു കുടുംബക്കാരാണ്‌ നമ്മളെല്ലാവരും. എന്നെ സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും എനിക്കുളളവർ തന്നെ. ഭൂമിയിലും ആകാശത്തിലുമുളള സകല ചരാചരങ്ങളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ലാഭനഷ്‌ടങ്ങൾ നോക്കാതെ, ഗുണദോഷങ്ങൾ നോക്കാതെ, എല്ലാവരേയും സ്വന്തമായി കണ്ട്‌ പെരുമാറാൻ ഞാൻ ആവുംപോലെ പരിശീലിക്കുന്നു” എന്നാണ് എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കാതെ വേറിട്ടവഴിയിലൂടെ നടക്കുന്ന ഈ യുക്തിവാദിയുടെ നിലപാട്.

കാലടി സംസ്കൃത സർവകലാശാലയിലെ ഓഫീസ് അസിസ്റ്റന്റാണ് കൊല്ലം ജില്ലയിലെ വേളമാനൂർ സ്വാദേശിയായ ഭൂമിക്കാരൻ ജെപി.വേളമാനൂരിലെ 19 സെൻറ് സ്ഥലവും വീടും പത്തനാപുരത്തെ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന് വയോജനകേന്ദ്രം നടത്താനായി 10 വർഷത്തേയ്ക്ക് വാടകയില്ലാതെ സൗജന്യമായി നൽകിയിരിക്കുന്നത് ഭൂമിക്കാരൻ ജെപിയാണ്.

പൊതുശൗചാലയങ്ങൾ സൗജന്യമാക്കണം എന്നാവശ്യപ്പെട്ട് ഭാര്യ ശ്രീകലയ്‌ക്കൊപ്പം ജെപി നിരന്തരമായി ഇപ്പോഴും സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ ആവശ്യം ഉന്നയിച്ച് കഴുത്തിൽ പ്ലക്കാർഡും തൂക്കി ഇരുവരും കേരളം മുഴുവൻ കാൽനട ജാഥകൾ നടത്തി.140 എംഎൽഎ മാർക്കും നിവേദനങ്ങൾ നൽകി.

2017 ൽ ഏതാനും എംഎൽഎ മാർ ഒപ്പിട്ട ഭീമഹർജി ചുമലിൽ കെട്ടിവെച്ച് കണ്ണുമൂടി കെട്ടി സെക്രട്ടറിയേറ്റിന് ചുറ്റും ഇഴഞ്ഞു. ഭാര്യയ്ക്കൊപ്പം നിയമസഭാ മന്ദിരത്തിന് മുന്നിൽ മൂക്കിൽ പഞ്ഞിയും നെഞ്ചിൽ റീത്തും വെച്ച് സമാധി സമരം നടത്തി.

സൈക്കിളിൽ ഒറ്റയ്ക്ക് രണ്ടുതവണ കേരള യാത്രയും ഭൂമിക്കാരൻ ജെപി നടത്തിയിട്ടുണ്ട്. 2002 സംഘർഷ രഹിത കേരളത്തിനായും 2013 ൽ പശ്ചിമഘട്ട സംരക്ഷണത്തിനുമായുമാണ് സൈക്കിളിൽ കേരള യാത്ര നടത്തിയത്.

2002ൽ സർവകലാശാലയിൽ കൂട്ട പിരിച്ചുവിടൽ ഉണ്ടായപ്പോൾ അതിനിരയായ ജെപി ഭാര്യയ്ക്കും 2 കുട്ടികൾക്കും ഒപ്പം “തെണ്ടി യാത്ര” നടത്തി. മികച്ച കവിതാസമാഹാരത്തിനുള്ള പ്രൊഫ.മീരാകുട്ടി പുരസ്കാരത്തിന്റെ സമ്മാനത്തുകയായ 11,111 രൂപ കഴിഞ്ഞ 11 വർഷമായി സ്വന്തം കയ്യിൽനിന്നും നൽകുന്നത് ഭൂമിക്കാരൻ ജെപിയാണ്. 1986 ൽ ആരംഭിച്ച ” ഇരുപത്തൊന്നാം നൂറ്റാണ്ട്” എന്ന മിനി മാഗസീൻ ആണ് പിന്നീട് ‘ഭൂമിക്കാരൻ’ എന്ന് പെരുമാറിയത്. ഇപ്പോൾ പേരിനുമുന്നിലുള്ള ഭൂമിക്കാരൻറെ ഉദ്ഭവം അങ്ങിനെയാണ്.

സന്യസ്തജീവിതം നയിച്ചിരുന്ന പിതാവ് എൻ കുട്ടൻനായർ മരിച്ചപ്പോൾ നാട്ടിൽ അദ്ദേഹം നടത്തിയിരുന്ന ആനന്ദാശ്രമത്തിൻറെ സ്ഥാനത്ത് നിരീശ്വരവാദിയായ ജെപി ദൈവവിശ്വാസം ഇല്ലാത്തവർക്കായി ബന്ദുത്വ ജീവിതാനന്ദാശ്രമം തുടങ്ങി.

പലിശരഹിതവായ്പ,ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങൾ, വായനശാലകൾക്ക് പുസ്തകങ്ങൾ വാങ്ങി സ്പോൺസർ ചെയ്യൽ,റോഡിൽ വൃക്ഷ തൈകൾ നടൽ, വൃക്ഷ വിത്തുകളുടെ വിതരണം തുടങ്ങിയവ ഈ കൂട്ടായ്മ ചെയ്യുന്നുണ്ട്.കാലടിയിൽ ‘പരസ്പരാനന്ദ കൂട്ടായ്‌മ’ ഇടയ്ക്ക് സംഘടിപ്പിക്കാറുണ്ട്. ഇതിൽ ആർക്കും പങ്കെടുക്കാവുന്നതാണ്.ഏത് വിഷയത്തെക്കുറിച്ചും ചർച്ച ചെയ്യാം.

ജെപ്പിയ്ക്കൊപ്പം എല്ലാ സമരങ്ങളിലും പങ്കെടുക്കാറുള്ള ഭാര്യ ശ്രീകല പൂതക്കുളം കവയത്രിയാണ്. ശ്രീകലയുടെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കൃത സർവകലാശാലയിലെ താത്കാലിക ജീവനക്കാരിയായ ശ്രീകല ‘ഉജ്വല ജ്വാല’ എന്നപേരിൽ ഒരു മിനി മാഗസിനും നടത്തിവരുന്നുണ്ട്.

ഒറ്റയാൾ സമരങ്ങൾ നടത്തുന്നതിനൊപ്പം നിരവധി ജനകീയ സമരങ്ങളിലും സജീവ സാന്നിധ്യമാണ് ഭൂമിക്കാരൻ ജെപി എന്ന ജയപ്രകാശ് വേളമാനൂർ.