Sat. Apr 20th, 2024

ഓണപ്പിരിവ് പിടുത്തവുമായി വിജിലന്‍സിസ്.അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു. എക്‌സൈസ് ചെക്ക് പോസ്റ്റുകളിലെയും മോട്ടോര്‍ വാഹനചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയശേഷം അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നികുതി കുറച്ചു നല്‍കുന്നതായും നികുതിഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട തോതില്‍ കുറയുന്നതായും വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പല ചെക്ക് പോസ്റ്റുകളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് കണ്ടെത്തി. ചില ഓഫീസുകളില്‍ വിജിലന്‍സ് പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കുവാന്‍ യഥാര്‍ത്ഥതുക കുറച്ചു കാണിക്കുന്നത് കാരണം ക്യാഷ് രജിസ്റ്ററിലും ഓഫീസിലെ തുകയില്‍ കുറവുള്ളതായും, ചില ഓഫീസുകളില്‍ കൈക്കൂലി ലഭിക്കുന്ന തുകകള്‍ അപ്പപ്പോള്‍ മാറ്റുന്നതായും വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു.

പാലക്കാട് ജില്ലയിലെ വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ക്യാഷ്‌കൗണ്ടറിലെ തുക ബില്‍ പ്രകാരമുള്ള തുകയെക്കാള്‍ 20,000 രൂപ കുറവാണെന്നും ഈ തുക കണ്ടെത്തുന്നതിനായി തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത മുറിയില്‍ നിന്നും 10,000 രൂപയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത നിലയില്‍ 2500 രൂപയും വിജിലന്‍സ് കണ്ടെത്തി.

ഉദ്യോഗസ്ഥര്‍ കളക്ഷന്‍ തുകയും കൈക്കൂലിയായി ലഭിക്കുന്ന തുകയും അപ്പപ്പോള്‍ ക്യാഷ് കൗണ്ടറില്‍ നിന്നും മാറ്റുന്നതിനാല്‍ കുറവ് വരുന്നതായും ഡ്യൂട്ടി കഴിയുന്ന സമയം തുക ഒത്തുനോക്കി ബില്‍ പ്രകാരമുള്ള സര്‍ക്കാരിലേക്ക് അടക്കുന്നതായും ബാക്കി വരുന്ന കൈക്കൂലി തുക ഉദ്യോഗസ്ഥര്‍ വീതിച്ചെടുക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വയനാട്ജില്ലയിലെ തോല്‍പ്പെട്ടി മോട്ടോര്‍വാഹന ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 10,070 രൂപ വിജിലന്‍സ് കണ്ടെത്തി. ചില ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോള്‍ തന്നെ കൈക്കൂലിയായി കിട്ടാന്‍ സാധ്യതയുള്ള തുക മുന്‍കൂട്ടി കണ്ട്, ഡ്യൂട്ടിക്ക് പ്രവേശിക്കുമ്പോള്‍ കൈവശമുള്ള തുക എഴുതേണ്ട ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ കൂട്ടി എഴുതുന്നതായും പരിശോധനയില്‍ ് കണ്ടെത്തി.

കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യഏജന്റ് മോട്ടോര്‍വാഹന ഓഫീസിലിരുന്ന് ബില്ലുകളിലും ജിഡിആറിലും സീല്‍ പതിച്ചു നല്‍കുന്നതായും ഇയാളുടെ പക്കലുണ്ടായിരുന്ന ബുക്കില്‍ നിന്നും 5,450 രൂപയും വിജിലന്‍സ് കണ്ടെത്തി. കൂടാതെ ഇവിടത്തെ വേയ്ബ്രിഡ്ജ് മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയശേഷം കടത്തിവിടുന്നതായും വിജിലന്‍സ് കണ്ടെത്തി.

ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ലോറി ക്ലീനര്‍മാര്‍ ആര്‍സി ബുക്കിനകത്തു 200 രൂപമുതല്‍ 500 രൂപ വരെ വച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അമരവിള മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പരസ്പരം ധാരണയിലെത്തിയശേഷം തുടര്‍ച്ചയായി നാലും അഞ്ചും ദിവസം ഡ്യൂട്ടി നോക്കുന്നതായും മേലുദ്യോഗസ്ഥര്‍ ഈ ഓഫീസില്‍ പരിശോധനകള്‍ നടത്തുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളെപ്പറ്റിയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറുമെന്നും വരും ദിവസങ്ങളിലും ഓണത്തോടനുബന്ധിച്ചു ഇത്തരം പരിശോധനകള്‍ തുടരുമെന്നും വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

പരിശോധനകള്‍ക്കു വിജിലന്‍സ് ആസ്ഥാനത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വെങ്കിടേഷ് വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം പൊലീസ് സൂപ്രണ്ടിന്റെ ചുമതലയുള്ള ഡിവൈഎസ്പി ഇ എസ് ബിജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.