Fri. Mar 29th, 2024

ഇടുക്കി രാജമലയില്‍ ഓടുന്ന ജീപ്പില്‍നിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന് കാണിച്ചാണ് ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി് മൂന്നാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെങ്കിലും സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ.

കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കേണ്ട മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുഞ്ഞിന്റെ അമ്മ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും അതിനാല്‍ ഉറങ്ങിപ്പോയെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ജില്ലാ കലക്ടറോടും പോലീസ് മേധാവിയോടും റിപ്പോര്‍ട്ട് തേടിയിരുന്നു.അടിമാലി കമ്പിളിക്കണ്ടം സ്വദേശികളായ സബീഷിന്റെയും സത്യഭാമയുടെയും 13 മാസം പ്രായമുമുള്ള കുട്ടിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

രാജമല അഞ്ചാം മൈലില്‍ വച്ചാണ് കുട്ടി ജീപ്പില്‍ നിന്നും തെറിച്ചു വീണത്. റോഡില്‍ വീണ കുട്ടി ഇഴഞ്ഞ് ചെക്ക്‌പോയിന്റിലേക്ക് തന്നെ നീങ്ങിയതിനാലാണ് രക്ഷപ്പെട്ടത്. അതേസമയം കുട്ടി ജീപ്പിലില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് മൂന്ന് മണിക്കൂറിന് ശേഷം അമ്പത് കിലോമീറ്റര്‍ അകലെ കമ്പിളിക്കണ്ടത്ത് വച്ചാണ്സതീഷും സത്യഭാമയും ഞായറാഴ്ച പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം മടങ്ങവെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം നടന്നത്. വളവു തിരിയവെ മാതാവിന്റെ കൈയില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ട് പോവുകയും ചെയ്തു. 

രാത്രി കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാര്‍ സിസി ക്യാമറയിലൂടെ റോഡില്‍ ചെക്പോസ്റ്റിന്റെ ഭാഗത്ത് എന്തോ ഇഴഞ്ഞു നടക്കുന്നത് കാണുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനെ വിവരമറിയിക്കുകയും ചെയ്തു. വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയെ പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചു.

പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും, വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ കുട്ടി ഇല്ലെന്ന് തിരിച്ചറിയുകയും ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.