Fri. Mar 29th, 2024

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്.

100 കിലോമീ​റ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ 2379 കിലോഗ്രാം ഭാരമുള്ള ഓര്‍ബി​റ്റര്‍ ഏഴുവ‍ര്‍ഷത്തിലേറെ ചന്ദ്രനെ വലംവയ്ക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ബി​റ്ററിലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച്‌ ഭൂമിയിലെ കണ്‍ട്രോള്‍ റൂമിന് കൈമാറും.

ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേ​റ്റഡ് ലാര്‍ജ് അറേ സോഫ്​റ്റ് എക്‌സ്റേ സ്‌പെക്‌ട്റോമീ​റ്ററും അന്തരീക്ഷഘടനയെ കുറിച്ച്‌ പഠിക്കാന്‍ ‘ചേസ് 2’വും സൂര്യനില്‍ നിന്നുള്ള എക്‌സ്റേ വികിരണങ്ങളെപ്പ​റ്റി പഠിക്കാന്‍ സോളര്‍ എക്‌സ്റേ മോണി​റ്ററും ഓര്‍ബി​റ്ററിലുണ്ട്.

റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച്‌ ചന്ദ്രനെ സ്‌കാന്‍ ചെയ്യാന്‍ സിന്ത​റ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാന്‍ ഇമേജിംഗ് ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീ​റ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താന്‍ ഓര്‍ബി​റ്റര്‍ ഹൈ റെസല്യൂഷന്‍ കാമറയും ഓര്‍ബി​റ്ററില്‍ ഘടിപ്പിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടെന്ന സൂചനകൾ ഇസ്രോ പുറത്തുവിടുന്നത്. ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഇസ്രോ അറിയിക്കുകയായിരുന്നു.

2.1 കിലോമീറ്റർ വരെ എല്ലാം വളരെ കൃത്യമായാണ് നീങ്ങിയിരുന്നതെന്നും എന്നാൽ അതിന് ശേഷം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാവുകയായിരുന്നുവെന്നും ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ വ്യക്തമാക്കിയിരുന്നു.