Tue. Apr 16th, 2024

മോഷണകുറ്റത്തിന് പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശി ശ്രീജീവ് മരിച്ച സംഭവം ആത്മഹത്യയെന്ന് സിബിഐ റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന വിഷം ലോക്കപ്പില്‍വച്ച് ശ്രീജീവ് കഴിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശ്രീജീവിനെ പരിശോധിച്ച ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും ആറ്റിങ്ങലിലെ ഒരു ലോഡ്ജില്‍നിന്ന് ലഭിച്ച ശ്രീജീവിന്റെ ആത്മഹത്യാകുറിപ്പുമടക്കം തെളിവായി ഒട്ടേറെ രേഖകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ലോക്കല്‍ പൊലീസും ശ്രീജീവിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ശരീരപരിശോധന നടത്തുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടിലുണ്ട്. പരിശോധന നടത്തിയിരുന്നുവെങ്കില്‍ വിഷം പിടിച്ചെടുക്കാമായിരുന്നു. അതിനാല്‍ പരിശോധന നടത്താത്ത പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാനും സിബിഐ ശുപാര്‍ശ ചെയ്തു. 2014 മെയ് 19നാണ് കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍പുത്തന്‍വീട്ടില്‍ ശ്രീജീവിനെ മോഷണകുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. 20ന് ലോക്കപ്പില്‍ വിഷം കഴിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ 21ന് ശ്രീജീവ് ആശുപത്രിയില്‍ മരിച്ചു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ബന്ധുക്കള്‍ കൊലപാതകമാണെന്ന പരാതിയുമായി രംഗത്തെത്തി.

അയല്‍വാസിയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജീവ് പ്രണയത്തിലായിരുന്നുവെന്നും അതിനാല്‍ പൊലീസ് കൊലപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. ഇതേകുറിച്ച് അന്വേഷണം നടത്തിയ പൊലീസ് കംപ്ലയിന്റ് അതോറിറ്റി പൊലീസ് റിപ്പോര്‍ട്ട് തള്ളി. പാറശാല എസ്‌ഐ ആയിരുന്ന ഗോപകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, രണ്ടുപൊലീസുകാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ശ്രീജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കാനും പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടി സ്വീകരിക്കാനും വിധിച്ചു.

പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാതെ വന്നതോടെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാര സമരം ആരംഭിക്കുകയും ശ്രീജിവിന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതിന് അനൂകൂലമായ നിലപാട് സ്വീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം സിബിഐക്ക് വിട്ടത്. അതേസമയം സിബിഐയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം തുടരുന്ന ശ്രീജിത്ത് പറഞ്ഞു.