Thu. Mar 28th, 2024

അഭയ കേസിലെ ഒന്നാം പ്രതിയായ ഫാദർ തോമസ് കോട്ടൂരിനെ കോടതിയിൽ വെച്ച് മുഖ്യസാക്ഷി രാജു തിരിച്ചറിഞ്ഞു. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂർ കോൺവെന്റിന്റെ പടികൾ കയറി മുകളിലേക്ക് പോകുന്നത് കണ്ടെന്നാണ് രാജു മൊഴി നൽകിയത്.

മുൻ അന്വേഷണ സംഘത്തിനെതിരെയുള്ള നിർണായക വെളിപ്പെടുത്തലും രാജു ഇന്ന് കോടതിയിൽ നടത്തി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കുറ്റം ഏറ്റെടുക്കാൻ തനിക്ക് രണ്ട് ലക്ഷം രൂപയും, കുടുംബത്തിലുളളവർക്ക് ജോലിയും വാഗ്ദാനം ചെയ്‌തെന്നും രാജു കോടതിയിൽ മൊഴി നൽകി.

മോഷണം നടത്താറുണ്ടായിരുന്ന രാജു ഇതിനായാണ് അന്ന് കോൺവെന്റിൽ എത്തിയതെങ്കിലും അഭയ കേസിൽ ഏറെ നിർണായകമാണ് രാജുവിന്റെ മൊഴി.സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നിസ്സഹായരെന്ന് പ്രോസിക്യൂഷന്‍ പോലും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.അതിനിടയിലാണ് വൻ പ്രലോഭനങ്ങൾ ഉണ്ടായിട്ടും കുഞ്ഞാടുകളെപോലെ മോഷ്ടാവായ സാക്ഷി കൂറുമാറാതിരുന്നത് എന്നത് ശ്രദ്ധേയമാണ.സാക്ഷികളുടെ കൂറുമാറ്റം തടയാനാകില്ലെന്നും ഒരാള്‍ പോലും സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവും കൂറുമാറിയതിനെ തുടര്‍ന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം.

അഭയ കൊലക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന സൂചനയാണ് പ്രോസിക്യൂഷന്റെ നിലപാടില്‍ നിന്ന് വ്യക്തമാകുന്നത്. സാക്ഷികളാരും തന്നെ സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, കേസിലെ പ്രധാന സാക്ഷികളിലൊരാളായ സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. കൊലപാതകം നടന്ന ദിവസം കോണ്‍വെന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന നിര്‍ണ്ണായക മൊഴിയായിരുന്നു സിസ്റ്റര്‍ സിബിഐയ്ക്ക് നല്‍കിയിരുന്നത്. അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റര്‍ കോടതിയില്‍ പറഞ്ഞത്.

കേസിലെ രണ്ടാം സാക്ഷിയാണ് സഞ്ജു പി മാത്യു. കൊലപാതകം നടന്നതിന്റെ തലേദിവസം കോണ്‍വെന്റിന് സമീപം ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ ബൈക്ക് കണ്ടതായാണ് സഞ്ജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇതെല്ലാം തന്നെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ദിവസങ്ങളോളം തന്നെ കസ്റ്റഡിയില്‍ വെച്ചുവെന്നും സഞ്ജു കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സഞ്ജുവിനെ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.അതേസമയം ഇയാള്‍ക്കെതിരെ കുറുമാറ്റത്തിന് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു .