Thu. Mar 28th, 2024

കായംകുളം കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്യാജവൈദ്യൻ മോഹനൻ നായരുടെ തട്ടിപ്പ് സ്ഥാപനം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. മാർച്ച്‌ ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി പാരമ്പര്യ വൈദ്യനാണ് എന്ന അവകാശവാദത്തോടെ “മോഹനൻവൈദ്യർ” എന്ന പേരിൽ ഇയാൾ ഇവിടെ ചികിത്സ നടത്തുകയാണ്. നിലവിൽ ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന് പാരമ്പര്യ വൈദ്യൻ എന്ന വകാശപ്പെടാൻ പോലും യോഗ്യതയില്ല.അതും തട്ടിപ്പാണ്. ഇയാളുടെ പിതാവ് എവിടെയും നാട്ടുവൈദ്യൻ ആയിരുന്നില്ല എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.ഇയാൾ ചേർത്തലയിൽ വന്ന് താമസിക്കുന്ന വ്യക്തിയാണ്. ഇയാൾ പുരയിടം വാങ്ങിയ സ്ഥലത്ത് ഒരു വൈദ്യൻ താമസിച്ചിരുന്നു എന്നതും അവർ ഔഷധസസ്യങ്ങൾ അവിടെ നട്ടുപിടിപ്പിച്ചിരുന്നു എന്നതും നേരാണ്. അദ്ദേഹത്തിൻറെ മക്കളുടെ രണ്ടു മക്കൾ ഗവണ്മെന്റ് സർവീസിലുള്ള ബിഎഎംഎസ് ബിരുദധാരികളായ ഡോക്ടർമാരാണ്. എന്നാൽ മോഹനൻ നായരോ ഇയാളുടെ പൂർവികാരോ ആരും വൈദ്യന്മാർ അല്ല.

നിപ്പവൈറസ് പടർന്നു പിടിച്ച സമയത്ത് അതിനെതിരായി വലിയ പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്.സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായാണ് നിപ്പ നിയന്ത്രണ വിധേയമായത്. എന്നാൽ ഈ സമയത്ത് ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണങ്ങളാണ് ഈ “വൈദ്യർ” നടത്തിക്കൊണ്ടിരുന്നത്.അവസാനം ഇയാൾക്കെതിരെ പോലീസ് കേസ്എടുക്കുന്ന സ്ഥിതി ഉണ്ടായി.

ഇപ്പോഴും ഓരോ അസുഖങ്ങളെ കുറിച്ചും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചരണങ്ങളാണ് ഇയാൾ സോഷ്യൽമീഡിയയിലും മറ്റു മാധ്യമങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുള്ള കുഞ്ഞ് മരണപ്പെടുന്ന സ്ഥിതിയുണ്ടായത്. ഇതിന് മുൻപും ചികിത്സയിലുണ്ടായിരുന്ന പലരും മരണപ്പെട്ടിട്ടുണ്ട്.ഓരോ രോഗികളും രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടഞ്ഞത്തിനു ശേഷമാണ് ഇവിടെയെത്തുന്നത്. അതുകൊണ്ട് തന്നെ അരും പരാതിപ്പെടാൻ പോകാറുമില്ല..

മുമ്പ് ഇതുപോലെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മോഹനന്‍ നായർ ചികിത്സ നടത്തുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. വീണ്ടും സ്വാധീനം ഉപായോഗിച്ച് പുനരാരംഭിക്കുകയായിരുന്നു. യുക്തിവാദിസംഘം ഇയാൾക്കെതിരെ നിരവധി പരാതികൾ നൽകിയിരുന്നു. തുടർന്ന് ഇയാളുടെ വീടിനുമുന്നിൽ വെച്ചിരുന്ന ഡോ.മോഹനൻ നായർ എന്നബോർഡ് മാറ്റി ‘ഞാൻ ഒരു ഡോക്റ്ററോ വൈദ്യനോ അല്ല’ എന്ന് ഒരു ബോർഡ് തൂക്കിയിരുന്നെങ്കിലും ചേർത്തല മതിലകത്ത് ‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരിളാണ് ഇയാളുടെ വ്യാജചികിത്സ സ്ഥാപനത്തിന്റെ ഹെഡ്ക്വാർട്ടർസ് പ്രവർത്തിക്കുന്നത്. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരാണ് ഇദ്ദേഹത്തിന്റെ മുഖ്യ കസ്റ്റമേഴ്സ്.