Tue. Apr 16th, 2024

ഐഎന്‍എക്‌സ് മീഡിയാക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ചിദംബരത്തെ കണ്ടെത്താന്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് സംഘവും മൂന്നുതവണ ചിദംബരത്തെ തേടി വീ്ട്ടിലെത്തിയിരുന്നു. എന്നാല്‍ ചിദംബരത്തെ കണ്ടെത്തായില്ല. ഇതേത്തുടര്‍ന്നാണ് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.

അതിനിടെ, ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍ വി രമണയുടെ മുന്നിലാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. എന്നാല്‍ കേസ് പരിഗണിക്കുന്നതും ലിസ്റ്റ് ചെയ്യുന്നതും ചീഫ് ജസ്റ്റിസാണെന്നും, അദ്ദേഹത്തിന്റെ കോടതിയെ സമീപിക്കാനും ജസ്റ്റിസ് രമണയുടെ ബെഞ്ച് നിര്‍ദേശിച്ചു.

ചിദംബരത്തിന്റെ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാവില്ല. അറസ്റ്റ് തടഞ്ഞ് ഉത്തരവിടാനാകില്ലെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉച്ചയ്ക്ക് ശേഷം ചിദംബരത്തിന്റെ ഹര്‍ജി പരിഗണിച്ചേക്കും. ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യുന്നതിന് സിബിഐക്ക് തടസ്സമില്ല. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് അയോധ്യകേസില്‍ വാദം കേള്‍ക്കുന്നതിനാലാണ് ഹര്‍ജി ജസ്റ്റിസ് രമണയുടെ ബെഞ്ചിന് മുന്നില്‍ മെന്‍ഷന്‍ ചെയ്തത്. സുപ്രിംകോടതിയുടേത് നിര്‍ഭാഗ്യകരമായ തീരുമാനമെന്ന് ചിദംബരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

രണ്ടു മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണം എന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡല്‍ഹി ജോര്‍ബാഗിലുള്ള ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ നോട്ടീസ് പതിപ്പിച്ചിരുന്നു. ഐഎന്‍എക്‌സ് മീഡിയാക്കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. അതിന്റെ പിന്നാലെ സിബിഐ ഉദ്യോഗസ്ഥരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതേ തുടര്‍ന്നാണ് ചിദംബരത്തിന്റെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ചത്.

ഹൈക്കോടതിയുടെ നടപടി നീതിപൂര്‍വ്വമല്ലെന്നും, തെളിവുകള്‍ പരിശോധിച്ചിട്ടുള്ള നടപടിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഐഎന്‍എക്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയുണ്ട്. ഡല്‍ഹി ഹോക്കൊടതിയുടെ വിധി അതിനു വഴിയോരുക്കുന്നതുമാണ്.

ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റില്‍ നിന്നും മൂന്നു ദിവസത്തേയ്ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനില്‍ ഗൗര്‍ നിരസിച്ചു. ചിദംബരം ധനമന്ത്രിയിരിക്കെ ഐഎന്‍എക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷപം സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി നല്‍കിയത് സംബന്ധിച്ചാണ് കേസ്.