Thu. Apr 18th, 2024

ഇന്നലെ അന്തരിച്ച പുന്നപ്ര–വയലാർ സമര സേനാനിയും വിപ്ലവ ഗായികയുമായ ആലപ്പുഴ തുമ്പോളി കൊടിവീട്ടുപുരയിടത്തിൽ എ.കെ.അനസൂയയുടെ സംസ്‌കാരചടങ്ങുകൾ ഇന്നു രാവിലെ 9 ന് വീട്ടുവളപ്പിൽ‍ നടന്നു. രോഗബാധിതയായി ഒരു മാസത്തോളമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 9–ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ വിപ്ലവ ഗാനങ്ങൾ പാടി കലാരംഗത്തു തുടക്കമിട്ട അനസൂയ 12–ാം വയസ്സിൽ പുന്നപ്ര വയലാർ സമരത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിട്ടുണ്ട്.

‘ദിവാൻ പദം ദിവാൻ പദം ബഹിഷ്കരിക്കുക…’ ദിവാൻ സർ സിപിയുടെ പട്ടാളം കാവൽ നിന്ന വേദിയിൽ പതിനൊന്നുകാരി അനസൂയ പാടി. പാട്ടുതീർന്നതിന്റെ ആവേശത്തിൽ വേദിവിട്ടിറങ്ങിയ അനസൂയയെ പട്ടാളം വളഞ്ഞു. പറവൂരിലെ കൂനമ്മാവിന് അടുത്തായിരുന്നു വേദി. വേദിയിലെ അധ്യക്ഷനായിരുന്ന സഹോദരൻ അയ്യപ്പൻ ഇടപെട്ടു. ‘പതിനൊന്നു വയസല്ലേയുള്ളൂ, ക്ഷമിക്കൂ’ എന്ന വാക്കിൽ അന്ന് പട്ടാളം ആ പെൺകുട്ടിയുടെ അറസ്റ്റ് ഒഴിവാക്കി. അതായിരുന്നു വിപ്ലവ ഗായിക അനസൂയയുടെ ജീവിതം.

പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കാൻ പോയ വളണ്ടിയേഴ്സിന് അലക് ചെത്തിമിനുക്കി വാരിക്കുന്തമുണ്ടാക്കിയത്, അനസൂയയുടെ കാഞ്ഞിരം ചിറയിലെ ആഞ്ഞിലിപ്പറമ്പ് വീട്ടിലായിരുന്നു. പുന്നപ്രവയലാർ സമരഭടനായിരുന്ന പരേതനായ കൃഷ്‌ണനാണ്‌ ഭർത്താവ്‌. എട്ടുമക്കളുണ്ട്‌.

പുന്നപ്ര വയലാർ കേസിൽപെടുത്തുമ്പോൾ 12 വയസായിരുന്നു അനസൂയയുടെ പ്രായം. തുടർന്ന് കോട്ടയത്ത് ഒളിവ് ജീവിതം. പതിനൊന്നു മാസം ഒളിവിൽ കഴിഞ്ഞു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ പ്രതിയായ അനസൂയ 11 മാസം കോട്ടയത്തെ ബന്ധുവീട്ടിൽ ആൺവേഷത്തിൽ കഴിഞ്ഞു. കേസിലെ പ്രായം കുറഞ്ഞ പ്രതിയായിരുന്നു അവർ. പിന്നീടു ഭീകരമായ പൊലീസ് ആക്രമണം നേരിടേണ്ടി വന്നു. അനസൂയയെ അന്വേഷിച്ചെത്തിയ പൊലീസ് വീട്ടു സാധനങ്ങൾ തകർത്തു, അച്ഛനെയും കുടുംബാംഗങ്ങളെയും മർദിച്ചു. രോഗബാധിതയായിരുന്ന സഹോദരിയെ വലിച്ചു പുറത്തേക്കിട്ടു.

സഹോദരി മരിച്ചെങ്കിലും മൃതദേഹം കാണാൻ പോലും അനസൂയയ്ക്കു കഴിഞ്ഞില്ല. പന്ത്രണ്ടുകാരി അനസൂയ കോട്ടയം ജില്ലയിൽ കടക്കുന്നതിനു വിലക്കേർപ്പെടുത്തിയ കാലമുണ്ടായിരുന്നു. രഹസ്യമായ പാർട്ടി ചർച്ചകളിൽ പോലും കുഞ്ഞ് അനസൂയക്കു പ്രവേശനമുണ്ടായിരുന്നു. പാർട്ടിയുടെ രഹസ്യസന്ദേശങ്ങളും നോട്ടിസുകളും പൊലീസ് സ്റ്റേഷനുകളിലേക്കു പോലും എത്തിച്ചിരുന്നത് ആ ബാലികയാണ്. കാക്കിനിക്കർ തയ്‌പിച്ചു ലഘുലേഖകൾ അതിനകത്താക്കി പാവാടയുടുത്ത് ആഴ്‌ചയിലൊരിക്കൽ ജയിലിൽ പോകുമായിരുന്നു അനസൂയ.

അഞ്ചു വയസു തികയും മുൻപ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിലെത്തിയ ആളാണ് അനസൂയ. യോഗം തുടങ്ങും മുൻപ് അനസൂയയുടെ ഗാനാലാപനം ഉണ്ടാകും. പാട്ടു കേട്ടാണ് യോഗത്തിൽ ആളു കൂടുക. ക്രമേണ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയായി. ആദ്യകാല നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവം. പാട്ടിലൂടെയാണ്‌ പാർടിയിലെത്തിയത്‌.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്കായി ആയിരത്തിലധികം വേദികളിൽ അനസൂയ പാടി, എല്ലാം ജനനിബിഡമായ സദസ്സിനു മുന്നിൽ. ആറാം വയസ്സിൽ നാടകത്തിലെ കോമാളി വേഷത്തിൽ വേദിയിലെത്തിയ അനസൂയ പിന്നീടു ഗായികയായി. കെ.വി.പത്രോസ‍ിന്റെ താൽപര്യപ്രകാരം ആരംഭിച്ച കലാകേന്ദ്രത്തിലൂടെയായിരുന്നു അനസൂയയും പി.കെ.മേദിനിയും ഉൾപ്പെടെയുള്ളവർ വിപ്ലവ ഗാനങ്ങൾ പഠിച്ചത്. അനസൂയയാണ് ‘റെഡ് സല്യൂട്ട്’ എന്ന ഗാനം ആദ്യം പാടിയത്. പിന്നീട് മേദിനിയുടെ പേരിലാണ് ആ പാട്ട് പ്രശസ്തമായത്.

സഖാവ് പി കൃഷ്‌ണപിള്ള മരിച്ചശേഷമുള്ള അനുശോചന യോഗത്തിൽ അന്ത്യാഭിവാദ്യ ഗാനം നിറകണ്ണുകളോടെ പാടിയത് അനസൂയയായിരുന്നു. തിരുവിതാംകൂർ കയർ വർക്കേഴ്സ് യൂണിയൻ രൂപം നൽകിയ ‘കലാകേന്ദ്ര’ത്തിൽ സജീവമായിരുന്നു. രാമൻകുട്ടി ആശാൻ, സുദൻ ആശാൻ, ശാരംഗ’പാണി, പി.കെ മേദിനി, ബേബി, ചെല്ലമ്മ, വിജയൻ എന്നിവരോടൊപ്പം പടപ്പാട്ടുകൾ പാടിയിട്ടുണ്ട്.

1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിന്ന അനസൂയ പിൽക്കാലത്ത് സിപിഎമ്മിൽ ചേർന്നു.പുന്നപ്ര-വയലാർ സമരസേനാനി പരേതനായ ടി.എൻ.കൃഷ്ണന്റെ ഭാര്യയാണ്. മക്കൾ: സതിയമ്മ, കൃഷ്ണമ്മ, സുധർമ്മ, സുരബാല, പരേതനായ സുശീലൻ, സജീവൻ, കവിത. മരുമക്കൾ: പരേതനായ വിജയൻ, രാജൻ നമ്പ്യാർ‍, മുകുന്ദൻ, തങ്കച്ചി, ഉഷ, സുരേഷ്.