Thu. Mar 28th, 2024

സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത, ബ്രിട്ടീഷുകാര്‍ക്ക് മുമ്പില്‍ മാപ്പെഴുതി നല്‍കി ജയില്‍ മോചിതനായ ഹിന്ദു മഹാസഭ നേതാവ് വി ഡി സവര്‍ക്കര്‍ക്ക് സര്‍വ്വകലാശാലയില്‍ പ്രതിമ. സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയാക്കി ഡല്‍ഹി സര്‍വ്വകലാശാലയിലാണ് അര്‍ധരാത്രി എ ബി വി പി പ്രതിമ സ്ഥാപിച്ചത്. സര്‍വ്വകലാശാലയിലെ നോര്‍ത്ത് ക്യാമ്പസില്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് സവര്‍ക്കറുടെയും ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമയടങ്ങിയ തൂണ്‍ പ്രത്യക്ഷപ്പെട്ടത്.

സര്‍വ്വകലാശാല അധികൃതരുടെ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഒരു ചെറിയ ട്രക്കില്‍ എ ബി വി പി പ്രവര്‍ത്തകര്‍ എന്തോ കൊണ്ടുവന്ന് ഗേറ്റിനു പുറത്തുവെച്ചെന്നാണ് പ്രതിമ സ്ഥാപിച്ച തൂണിനു സമീപമുള്ള ഗേറ്റിലെ കാവല്‍ക്കാരന്‍ പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തരമൊരു സ്മാരകം സ്ഥാപിക്കാന്‍ അനുമതി തേടി പലതവണ അധികൃതരെ സമീപിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍, മാര്‍ച്ചില്‍ ഏപ്രിലില്‍, ആഗസ്റ്റില്‍ എന്നിങ്ങനെയായി. പക്ഷേ യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ തന്നെ അത് ചെയ്യുകയായിരുന്നെന്ന് ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ശക്തി സിംഗ് പ്രതികരിച്ചു.ചുവന്ന കല്ലുകൊണ്ടാണ് പ്രതികള്‍ സ്ഥാപിച്ച തൂണ്‍ തയ്യാറാക്കിയിരിക്കുന്നത്. തൂണിലുള്ള മൂന്ന് പേരും വ്യത്യസ്ത വഴികള്‍ സ്വീകരിച്ചവരാണ്, പക്ഷേ അവരുടെ ലക്ഷ്യം ഒന്നായിരുന്നുവന്നും സിംഗ് പറഞ്ഞു.

പ്രതിമ സ്ഥാപിച്ചതിനെതിരെ എന്‍ എസ് യുവും ഐ സയും രംഗത്തെത്തിയിട്ടുണ്ട്. ചരിത്രം തിരുത്തി സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കാനുള്ള ആര്‍ എസ് എസ് നീക്കത്തിന്റെ ഭാഗമാണിത്. സവര്‍ക്കര്‍ക്കൊപ്പം പ്രതിമയില്‍ ഉള്‍പ്പെടുത്തി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നീ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചിരിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

കൊളോനിയല്‍ ഭരണാധികാരികളില്‍ നിന്നും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ പോലീസ് അതിക്രമങ്ങളും, മര്‍ദ്ദനവും, അടിച്ചമര്‍ത്തലും നേരിട്ടവേളയില്‍, വലതുപക്ഷ ഭീകരവാദി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതുകയായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനിന്നവരാണ് ഹി്ന്ദുമഹാസഭക്കാരെന്നും എന്‍ എസ് യു ഐ ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് അക്ഷയ് ലക്ര പറഞ്ഞു.