Wed. Apr 17th, 2024

കായിക ലോകത്തെ സംഭാവനകള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്‍കി വരുന്ന പുരസ്‌കാരമായ അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഉള്‍പ്പെടെ 19 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. സ്വപ്‌ന ബര്‍മന്‍ (അത്‌ലറ്റിക്‌സ്), തേജീന്ദര്‍ പാല്‍ സിങ് (അത്‌ലറ്റിക്‌സ്), അജയ് താക്കൂര്‍ (കബഡി), രവീന്ദ്ര ജഡേജ (ക്രിക്കറ്റ്), പൂനം യാദവ് (ക്രിക്കറ്റ്), ഗുര്‍പ്രീത് സിങ് സന്ധു (ഫുട്‌ബോള്‍), അഞ്ജും മൗഡ്ഗില്‍ (ഷൂട്ടിങ്), ഹര്‍മീത് ദേശായി (ടേബിള്‍ ടെന്നീസ്), ചിംഗ്ലന്‍സന (ഹോക്കി) തുടങ്ങിയ പ്രമുഖര്‍ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. 400 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ അനസ് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ വിജയം നേടിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ സ്വര്‍ണം നേടിയ അനസ് 400 മീറ്ററില്‍ വെള്ളി മെഡലും നേടിയിരുന്നു. മിക്‌സഡ് റിലേയില്‍ സ്വര്‍ണംനേടിയ ടീമിനെ അയോഗ്യരാക്കിയതിനെ തുടര്‍ന്നാണ് അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചത്. അടുത്തിടെ നടന്ന അന്താരാഷ്ട്ര മീറ്റുകളിലും അനസ് മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ അത്‌ലറ്റ് കൂടിയാണ് അനസ്. കായിക താരങ്ങളുടെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രകടനമാണ് അര്‍ജുന അവാര്‍ഡിനായി പരിഗണിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, ഒളിമ്പിക്‌സ് എന്നിവയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നവരെ അര്‍ജുനയ്ക്കായി പരിഗണിക്കുകയാണ് പതിവ്. പരിശീലകരില്‍ വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരം ലഭിക്കും. ബാഡ്മിന്റണ്‍ പരിശീലകനാണ് വിമര്‍ കുമാര്‍.