Wed. Apr 24th, 2024

അൾത്താര ബാലികമാരെ പീഡിപ്പിച്ച കത്തോലിക്ക വൈദീകനെ കോടതി 45 വർഷത്തെ തടവിന് വിധിച്ചു. അമേരിക്കയിലാണ് സംഭവം. ഉർബനോ വാസ്ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരനായ വൈദികനെയാണ് 45 വർഷത്തെ തടവിന് കോടതി വിധിച്ചത്. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് ഇയാൾ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു.

2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ഒമ്പത് വയസുമുതൽ പതിമൂന്ന് വയസുവരെയുള്ള അൾത്താര ബാലികമാരെയാണ് വൈദീകൻ പീഡിപ്പിച്ചത്. ദൈവത്തിൻറെ പ്രതിപുരുഷനെ പോലെ കണ്ടിരുന്ന വൈദികനെ രക്ഷിതാക്കൾക്ക് വലിയ വിശ്വാസവുമായിരുന്നു. ഈ വിശ്വാസം മുതലെടുക്കുകയായിരുന്നു വൈദികൻ. ഒമ്പത് ദിവസം നടന്ന വിചാരണയിലാണ് പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്റെ ഭീഷണി അവഗണിച്ച രണ്ട് പെൺകുട്ടികൾ മൊഴി കൊടുത്തത്.

ലൈംഗീകാരോപണം ഉയർന്നതോടെ വൈദികന്റെ നേതൃത്വത്തിൽ പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താൻ ശ്രമങ്ങൾ നടന്നിരുന്നു. തന്റെ ഇളയ സഹോദരൻ മുറിയ്ക്ക് വെളിയിൽ നില്‍ക്കുമ്പോൾ പോലും വൈദികൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടികകൾ മൊഴി നൽകിയിരുന്നു.സംഭവം അതീവ ഗുരുതരമാണെന്ന് കോടതി കണ്ടത്തുകയായിരുന്നു.

മറ്റ് വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടക്കുമ്പോൾ അൾത്താരയ്ക്ക് പിന്നിൽ വച്ച് വൈദികൻ പെൺകുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വൈദികനെതിരായ ആരോപണങ്ങൾക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. വൈദീകനെ പിന്തുണച്ച് നിരവധി വിശ്വാസികളും രംഗത്ത് വന്നിരുന്നു.

1980കളിൽ യുഎസ്സിലാണ് ആദ്യമായി പുരോഹിതരുടെ ലൈംഗികാക്രമണം സംബന്ധിച്ച വെളിപ്പെടുത്തലുകൾ ആദ്യമായി വന്നത്. ഇത് അമേരിക്കയിലെ മാത്രം പ്രതിഭാസമാണെന്ന നിലപാടായിരുന്നു സഭ അന്നെടുത്തത്. എന്നാൽ പുരോഹിതന്മാരുടെ ലൈംഗീക അതിക്രമം ആഗോളതലത്തിൽത്തന്നെ കൂടുതലായതോടെ ഇതിനെതിരെ നടപടികൾ സ്വീകരിക്കാൻ പോപ്പ് മുതിർന്നിരുന്നു.