Fri. Mar 29th, 2024

ലിബി.സിഎസ്

ഒരുമാസം മുൻപ് ‘കൃപാസനം അടച്ചുപൂട്ടുക’ എന്ന ആവശ്യമുന്നയിച്ച് നാളെ ജൂലൈ 31 ന് കേരള യുക്തിവാദി സംഘം സംഘടിപ്പിച്ചിട്ടുള്ള മാർച്ചിനെ സംബന്ധിച്ച വാർത്ത വന്നതിന് പിന്നാലെ നിരവധി കലാപരിപാടികൾ സോഷ്യൽമീഡിയയിലും കൃപാസനം ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട ചിലരും കാഴ്ചവെക്കുകയുണ്ടായി. തീരദേശ കലകളുടെ ഉദ്ധാരകനും സംരക്ഷകനും അതിൻറെ വിതരണക്കാരനുമാണല്ലോ അല്ലെങ്കിൽത്തന്നെ കൃപാസനം റിസർച്ച് സെന്റർ ഡയറക്റ്ററും കലാകാരനും കൂടിയായ വിപി അച്ചൻ. വിപി അച്ചന് ബിപി കൂടിയാൽ അദ്ദേഹം സ്വന്തമായി ചില പ്രത്യേക കലാപരിപാടികൾ കൂടി അറേഞ്ച് ചെയ്യാറുണ്ട്. അതിലൊന്നാണ് ഹിന്ദുത്വ സംഘടനകളുടെ കൃപാസനം മാർച്ചും അതോടൊപ്പം ആസൂത്രണം ചെയ്തിരുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സർവീസിന്റെ ഉദ്‌ഘാടനവും.

ആദ്യം തന്നെ സൂചിപ്പിക്കട്ടെ ഞാൻ കൃപാസനം മാർച്ചിന്റെ സംഘാടകയൊന്നുമല്ല. ആ വിഷയത്തോട് യോജിക്കുന്ന മറ്റുള്ളവരെപ്പോലെ ഒരു സാധാരണ വ്യക്തി മാത്രമാണ് എങ്കിലും ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

കൃപാസനം തട്ടിപ്പുകേന്ദ്രത്തിനെതിരെയുള്ള സമരത്തിന്റെ വികാസ പരിണാമത്തിനിടയിൽ അച്ചനെതിരെ ഒരു കേസുകൂടി സംജാതമായിരിക്കുകയാണല്ലോ. ഹിന്ദുമഹാസഭയുടെ സന്യാസി വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള സ്വാമി ഭത്താത്രേയ സായ് സ്വരൂപിനെതിരേ അദ്ദേഹത്തിൻറെ ഫോട്ടോയും ഹിന്ദുമഹാസഭയുടെ പേരും ദുരുപയോഗം ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് വിപിജോസഫ് വലിയവീട്ടിലിനെതിരെ ഡിജിപിക്ക് പരാതി നൽകുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

കേരള യുക്തിവാദി സംഘം നടത്തുന്ന കൃപാസനം മാർച്ചിന്റെ അന്ന് അതേ സമയത്തു തന്നെ, ഹിന്ദു മഹാസഭയുടെ പേരിൽ നടക്കുന്ന ഒരു ആംബുലൻസ് ഉദ്‌ഘാടന ചടങ്ങിനെ സംബന്ധിച്ച വ്യാജവാർത്തയായിരുന്നു പരാതിക്ക്‌ അധാരം.വിപി.ജോസഫ് തന്നെയാണ് ഉദ്‌ഘാടകൻ. എന്നാൽ ജോസഫിനെ തനിക്ക് അറിയില്ലെന്നും ഇങ്ങനെയൊരു പരിപാടിയെക്കുറിച്ചും അറിയില്ലെന്ന് വ്യക്തമാക്കിയ സ്വാമി ഭത്താത്രേയ സായ് സ്വരൂപ് കൃപാസനം ജോസഫിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. ഇതോടൊപ്പം ചില ഹിന്ദുത്വ സംഘടനകളുടെ കൃപാസനം മാർച്ചും കൃപാസനം ജോസഫ് തന്നെ സ്പോൺസർ ചെയ്തിരുന്നു.ആർഎസ്എസിനോ വിശ്വഹിന്ദു പരിഷത്തിനോ ബിജെപിക്കോ ഒന്നും ഈ മാർച്ചുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആസംഘടനകളുടെ ഔദ്യോഗിക നേതൃത്ത്വം വ്യക്തമാക്കിയിട്ടുള്ളത്.

ഹിന്ദുമഹാസഭയുടെ ആംബുലൻസ് ഉദ്‌ഘാടനവും ഔദ്യോഗികമായി കേരളത്തിലെ ആസംഘടനയുടെ ആർക്കും അറിയില്ലെന്നുള്ളത് നേരായിരിക്കാം പക്ഷേ കൃപാസനത്തിൻറെ സ്പോണ്സർഷിപ്പിൽ ചിലഹിന്ദുത്വ സംരക്ഷക വേഷമിട്ടവർ നാളെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ചും ആംബുലൻസ് ഉദ്‌ഘാടനവുമൊക്കെ കൃപാസനം ട്രസ്റ്റിലെ ചില ക്രിമിനലുകളുടെ ഗൂഢ ബുദ്ധിയിൽ വിടർന്നതാണ്. സോഷ്യൽ മീഡിയയിൽ ‘സേവ് കൃപാസനം’ എന്നൊരു ഗ്രൂപ്പും ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴയിലെയും ചേർത്തലയിലെയുമെല്ലാം ചില ഹിന്ദുത്വസംരക്ഷകരുടെ ടൈം ലൈനുകളിൽ ഇന്നലെവരെ ആംബുലൻസ് ഉദ്‌ഘാടന പോസ്റ്റുകൾ ഉണ്ടായിരുന്നു. ഇന്നലെ അത് അപ്രത്യക്ഷമാകുകയായിരുന്നു.ഉദരപൂരണാർത്ഥം ഹിന്ദുത്വ സംരക്ഷക വേഷംകെട്ടിയവർ വിപി ജോസഫിൻറെ കാശും വാങ്ങി യുക്തിവാദി സംഘത്തിന്റെ പരിപാടി പൊളിക്കാൻ പ്ലാൻ ചെയ്ത ഏർപ്പാടായിരുന്നു അതെന്നും കാശും വാങ്ങി കാലുമറിയവരെ പേടിച്ച് അത് തുറന്നു പറയാനും നിർവ്വാഹമില്ലാതാകുകയും ഒർജിനൽ ഹിന്ദുമഹാസഭ കേസുകൊടുക്കുകയും ചെയ്തപ്പോൾ ജോസഫ് ഉദ്‌ഘാടന പോസ്റ്റ് പിൻവലിക്കുകയായിരുന്നു എന്ന് കൃപാസനം ഫാൻസ്‌ തന്നെ വിലപിക്കുന്നു.

ഏതോ കടലാസ് ഹിന്ദു സംഘടനയുടെ ലേബലിൽ 31 നു തന്നെ ആസൂത്രണം ചെയ്തിരിക്കുന്ന മാർച്ചിന് പിന്നിലും കൃപാസനത്തിലെ കുരുട്ട് ബുദ്ധിക്കാരും ഹിന്ദുത്വ സംരക്ഷക വേഷമിട്ട നേരെത്തെ സൂചിപ്പിച്ച ചില ഉപജാപകരും ആണ്.കലവൂരിൽ സംഘർഷ സാധ്യതയുണ്ടാകുമെന്നും അവരുടെ ആരാധനാലയം ആക്രമിക്കപ്പെടുമെന്നും പ്രതീതി ഉളവാക്കി കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിക്കാനും ജനങ്ങളിൽ ഭീതിയുളവാക്കാനും വേണ്ടിവന്നാൽ സംഘർഷം വരെ ഉണ്ടാകാനുമുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നത്. എല്ലാത്തിന്റെയും സാമ്പത്തീക സ്രോതസ് കൃപാസനം തട്ടിപ്പു കേന്ദ്രത്തിൽ നിന്നുതന്നെയാണ്.യദാർത്ഥ ക്രിസ്തുമത വിശ്വാസികളോ ഹിന്ദുമത വിശ്വാസികളോ അല്ല ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നതാണ് വസ്തുത. ഈ സ്പോൺസേഡ് മാർച്ചിനെ സംബന്ധിക്കുന്ന വാർത്തകളുടെ ഉറവിടവും കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങളാണ് എന്ന് നിരീക്ഷിച്ചാൽ മനസിലാകും. ഫലത്തിൽ ആസനം ജോസപ്പിന്റെ ആംബുലൻസ് ഉദ്‌ഘാടനം പോലെ ഈ സ്പോൺസേഡ് മാർച്ചും നീരാവിയായിപ്പോകുകയും കൊടുത്ത കാശ് വെള്ളത്തിലാകുമെന്നുമാണ് സൂചന.

ഈ വിഷയത്തിൽ ചില ഹിന്ദുത്വ വർഗ്ഗീയ വാദികൾ മുതലെടുപ്പ് നടത്താതിരിക്കാൻ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൃപാസനത്തിനെതിരായ പല പോസ്റ്റുകളിലും കൃസ്ത്യാനികൾ എന്നവ്യാജേന തെറിവിളിക്കുന്നവരിൽ അധികവും ഇന്നലെവരെ ഇത്തരക്കാരായിരുന്നു എന്ന് നിരീക്ഷിച്ചാൽ മനസിലാകും.ഈസായി മഞ്ചും ക്രിസ്ത്യൻ ഹെൽപ്പ് ലൈനും ഒക്കെ പരിശ്രമിച്ചു പരാജയപ്പെട്ടവർ വർഗ്ഗീയ സംഘർഷത്തിന് കൃപാസനത്തിൻറെ ചിലവിൽ യുക്തിവാദികളുടെ മാർച്ച് മുതലെടുത്ത് വല്ല സ്കോപ്പുമുണ്ടോ എന്ന് ചിലർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്.

അതോടൊപ്പം ചില അഭിനവ യുക്തിവാദികളും ‘കൃപാസനം താരതമ്യേന പുതിയ തട്ടിപ്പു സംഘമാണ്, അനേക വർഷങ്ങളായി ഇവിടെ തട്ടിപ്പു നടത്തികൊണ്ടിരിക്കുന്ന നിരവധി വമ്പന്മാരുണ്ട് വലിയ ആത്മീയ തട്ടിപ്പു സംഘങ്ങൾ വേറെയുണ്ട് . കേരള യുക്തിവാദി സംഘം അവർക്കു എതിരെ അതിന്റെ ചരിത്രത്തിൽ സമരം നടത്തിയിട്ടുണ്ടോ? കെപി യോഹന്നാൻ വള്ളിക്കാവിലമ്മ പോട്ട ധ്യാനകേന്ദ്രം …ഇവിടെ പടർന്നു പന്തലിച്ചു ഇന്ത്യയിലും വിദേശത്തും തട്ടിപ്പു നടത്തുന്ന അവരുടെ കേന്ദ്രങ്ങളിലേക്ക് എന്ത് കൊണ്ട് കേരള യുക്തിവാദി സംഘം പ്രക്ഷോഭവുമായി പോയില്ല? …. എന്നിങ്ങനെയുള്ള വിമർശനങ്ങളുമായി രംഗത്ത് ഉണ്ട്.

ആദ്യം തന്നെ പറയട്ടെ ഇത് യുക്തിവാദികളുടെ മാത്രം പ്രശ്നമല്ല യുക്തിയുള്ളവരെയും യുക്തി ഇല്ലാത്തവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ജനകീയ പ്രശ്നമാണ്. എന്തായാലും ഇതൊരു സദുദ്ദേശപരമായ ചോദ്യമാണെങ്കിലും വെറും വിമർശനം മാത്രമാണെങ്കിലും 17 വർഷം ആ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഒരു മുൻകാല പ്രവർത്തകയെന്ന നിലയിൽ മറുപടി അർഹിക്കുന്നതായി തോന്നിയതുകൊണ്ട് പറയാം.

കേരള യുക്തിവാദി സംഘത്തിൻറെ ചരിത്രത്തിലെ അന്ധവിശ്വാസ തട്ടിപ്പിനെതിരെയുള്ള ആദ്യത്തെ ഇടപെടലോ സമരമോ അല്ല കൃപാസനത്തിന് എതിരേയുള്ളത്.എല്ലാ സമരങ്ങളെയുംപോലെ യുക്തിവാദി സംഘം ഏറ്റെടുത്തു നടത്തിയിട്ടുള്ള സമരങ്ങളിൽ പരാജയപ്പെട്ടവയും വിജയിച്ചവയും ഉണ്ട്.ഫോളോ അപ്പ് ഇല്ലാതെ പോയവയും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നവയുമുണ്ട്. സംസ്ഥാനതലത്തിലും എന്തിന് ആലപ്പുഴ ജില്ലയിൽ പോലും ഇത് ആദ്യത്തെ സമരമല്ല….

ആക്ഷേപത്തിൽ ഉന്നയിച്ചിട്ടുള്ള അമൃതാനന്ദമയി മഠത്തിനെതിരെ വള്ളിക്കാവിലേക്കും സെക്രട്ടേറിയേറ്റിലേക്കും മാർച്ച് നടത്തിയിരുന്നു പോട്ട ധ്യാന കേന്ദ്രത്തിത്തിനുമുന്നിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇത്തരം തട്ടിപ്പുകേന്ദ്രങ്ങൾക്കെതിരെ നിരന്തരമായ ആശയപ്രചാരണവും നിയമനടപടികളും സ്വീകരിച്ചിട്ടുള്ളട്ടുള്ള സംഘടനയാണ് കെവൈഎസ്.. അഭിനവ യുക്തിവാദികൾക്ക് ഇതൊക്കെ ആദ്യത്തെ സംഭവമായി തോന്നുന്നതാണ്.

മകരജ്യോതി തട്ടിപ്പിനെതിരെ നടത്തിയ ഇടപെടലിൻറെ വിജയമാണല്ലോ ഇപ്പോൾ ദേവസ്വം ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റിലുള്ള ‘അത് കത്തിക്കുന്നതാണ്’ എന്നവാചകം.പിന്നീട് ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ജ്യോതിഷം വസ്തു പക്ഷിശാസ്ത്രം ഗൗളിശാസ്ത്രം തുടങ്ങിയ കോഴ്‌സുകൾക്കെതിരെ നടത്തിയ സമരവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ജാൻസി ജെയിംസ് വിസി ആയിരിക്കുമ്പോൾ തുടങ്ങിയ ‘തിയോളജി ബിഎ ‘ കോഴ്സ് നിർത്തിക്കാനുള്ള സമരം ഇവയെല്ലാം വിജയിച്ച സമരങ്ങളാണ്.

എന്തിന് ചേർത്തലയിലെ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ നിർമ്മിതി കേന്ദ്രം നിർമ്മിച്ച പുതിയ സ്റ്റേഷൻ കെട്ടിടത്തിന് വാസ്തുദോഷമുണ്ടെന്നും ഗന്ധർവ സഞ്ചാരമുണ്ടെന്നും ചില ഏമാന്മാർ കണ്ടെത്തിയിരുന്നു. അതനുസരിച്ച് വനിതാപൊലീസുകാർക്ക് ഗന്ധർവ്വ ശല്യമുണ്ടാകാതിരിക്കാൻ നമ്പൂതിരിയെക്കൊണ്ടുവന്ന് പൂജനടത്തിപ്പിക്കുകയും ഗന്ധർവൻറെ സുഗമ സഞ്ചാരത്തിനായി ഭിത്തിയിൽ ദ്വാരങ്ങളുണ്ടാക്കുകയും ചെയ്തത് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പോലീസ്‌സ്റ്റേഷനിലേക്ക് യുക്തിവാദിസംഘം മാർച്ചും സർക്കാരിന് പരാതികളും നൽകിയപ്പോൾ പണ്ഡിതന്മാരായ ഈ ഏമാന്മാരെ ഗന്ധർവ്വ വിധിപ്രകാരം പണിഷ്മെന്റ് ട്രാൻസ്ഫർ നൽകി ഗന്ധർവനും പരാതിക്കാർക്കും പ്രശ്നമില്ലാതെ വിഷയം സോൾവാക്കുകയായിരുന്നു. ഗന്ധർവ്വൻ ഇപ്പോഴും വനിതാപൊലീസുകാർക്ക് ഒരു പേടി സ്വപ്നമായി പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ വിലസുകയും ചെയ്യുന്നുണ്ടെങ്കിലും സമരം വിജയിച്ചിരുന്നു.

മുൻപ് ചേർത്തല സ്റ്റേഷനിലെ കാർത്ത്യായനിയുടെ ഫോട്ടോവെച്ച് രാവിലെയും വൈകുന്നേരവും വിളക്കും ചന്ദനത്തിരിയും കത്തിക്കുന്നതിനെതിരെയു പറവഴിപാട് നടത്തുന്നതിനെതിരെയും പോലീസ് സ്റ്റേഷൻ മാർച്ച് വരെ നടന്നിരുന്നു. എന്നും രാവിലെയും വൈകുന്നേരവും ചായക്കട തുറക്കുംപോലെ വിളക്കു കത്തിച്ചുവെച്ചാണ് സ്റ്റേഷനിൽ കലാപരിപാടികൾ തുടങ്ങിയിരുന്നത്. അത്തരത്തിലുള്ള നിരവധി ഇടപെടലുകൾ യുക്തിവാദിസംഘം നടത്തിയിരുന്നു.

അന്ധവിശ്വാസ തട്ടിപ്പുകൾക്കെതിരെ കേരള യുക്തിവാദി സംഘം നടത്തിയിട്ടുള്ള സമരങ്ങൾ മറ്റൊരു സംഘടനക്കും ചെയ്യാനായിട്ടില്ല. മാനവീയതയും ശാസ്ത്രീയാവബോധവും പൊതുജനങ്ങൾക്കിടയിൽ പകരാനായി കെ വൈ എസ് നടത്തിയ പരിപാടികളിൽ ഇനിയും ഒരുപാടുണ്ട്. രണ്ടായിരത്തി പതിനാലിൽ ജനങ്ങളെ വഞ്ചിച്ചു മുതലെടുപ്പ് നടത്തിയ പാഞ്ഞാളിലെ ആതിരാത്രം വർഷങ്ങളോളമായി നടത്തുന്ന ദിവ്യാൽഭുത അനാവരണ പരിപാടികളൊക്കെ ആർക്കും അവഗണിക്കാവുന്ന കാര്യങ്ങളല്ല.

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം കൊണ്ടുവരാനാവശ്യപ്പെട്ടു വർഷങ്ങളായി സമരം ചെയ്യുകയും ഇപ്പോഴും സമരങ്ങൾ തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.ബഹുജന പങ്കാളിത്തക്കുറവ് കൊണ്ട് ചിലസമരങ്ങൾ പരാജയപ്പെട്ടിട്ടുമുണ്ട്. സമൂഹത്തിൽ ഇടപെടുന്ന എല്ലാസംഘടനകളുടെയും കാര്യത്തിൽ അങ്ങനെത്തന്നെയാണല്ലോ? യുക്തിവാദി സംഘം പ്രവർത്തിച്ചതും വളർന്നതും നിരവധി വിഷയങ്ങളിൽ പ്രത്യക്ഷ ഇടപെടലുകൾ നടത്തിക്കൊണ്ടു തന്നെയാണ്. നിരവധി അന്ധവിശ്വാസതട്ടിപ്പുകളെയും വർഗ്ഗീയവാദികളുടെ ഭീഷണികളെ നേരിട്ട്കൊണ്ടും അനാവരണം ചെയ്തുകാണിച്ച് തന്നെയാണ്. അല്ലാതെ പെന്തക്കോസ്തുകാരുടെ പ്രെയർമീറ്റിങ്ങുകൾ പോലെ ആഴ്ചതോറും പഞ്ചായത്തു തലത്തിലോ വാർഡ് തലത്തിലോ ഹാളെടുത്ത് പ്രഭാഷണം നടത്തിമാത്രമല്ല. മകരജ്യോതി തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നതിന്റെ പേരിൽ സുകുമാരൻ സാറിനെപ്പോലുള്ളവർ ക്രൂരമായി മർദ്ദിക്കപ്പെട്ടതൊക്കെ എല്ലാവർക്കും അറിവുള്ളകാര്യമല്ലേ? സംഘം നേരിട്ട് ഏറ്റെടുത്ത് നടത്തിയവ കൂടാതെ നിരവധിയായ ബഹുജന സമരങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.കുമ്പസാരവിവാദം ഉണ്ടായപ്പോഴും ഫ്രാങ്കോയുടെ പീഡനക്കേസ് ഉണ്ടായപ്പോഴും ഉൾപ്പെടെ നിരവധി സമരങ്ങളിൽ കേരള യുക്തിവാദിസംഘം പിന്തുണ നൽകിയിരുന്നു.

കൃപാസനം തട്ടിപ്പിലേക്ക് തന്നെ വരാം കൃപാസനത്തിൽമാത്രമല്ല പൂങ്കാവ് പള്ളിയിലും തങ്കിപ്പള്ളിയിലും അർത്തുങ്കൽ പള്ളിയിലുമൊക്കെ ഇതിനേക്കാൾ ഭീകരമായ അന്ധവിശ്വാസ തട്ടിപ്പുകൾ നടക്കുന്നുണ്ട്. കൃപാസനം വിഷയം രണ്ടുവർഷത്തിലധികമായി നിരന്തരം സോഷ്യൽമീഡിയയിൽ ചർച്ചയാക്കിക്കൊണ്ടിരുന്ന ഫ്രാൻസിസ് ജോയിയുടെ നിരവധി പോസ്റ്റുകൾ വന്നിട്ടും ഒരു സംഘടനയും ആ വിഷയം ഏറ്റെടുക്കാതിരുന്ന സാഹചര്യത്തിൽ അദ്ദേഹം കളക്റ്റ് ചെയ്തുവെച്ചിരുന്ന കുറെ തെളിവുകൾ നിരത്തി ഒരു വാർത്ത അടിക്കുകമാത്രമാണ് ഞാൻ ചെയ്തത്.പിന്നീട് അത് പല മാധ്യമങ്ങളും ഏറ്റെടുക്കുകയും യുക്തിവാദിസംഘം കഴിഞ്ഞമാസം സമരം പ്രഖ്യാപിക്കുകയും ചെയ്തശേഷം അതിൻറെ പിതൃത്വം ഏറ്റെടുക്കാൻ ഹിന്ദുത്വ വർഗ്ഗീയവാദികളുടെ പണം വാങ്ങി അവർക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന ഒരു ഓൺലൈൻ മാധ്യമവും ആലപ്പുഴയിൽ കൃപാസനത്തിനെതിരെ പ്രയർമീറ്റിങ് സംഘടിപ്പിച്ചുമൊക്കെ വേറെചിലരും ചില ശ്രമങ്ങളൊക്കെ നടത്തിയിരുന്നു.അതിനിടയിൽ വീണ്ടും ഒരു ദോശയുണ്ടാക്കിയ വാർത്തയും ചർച്ചയായപ്പോൾ കൃപാസനം ജോസഫ് മാപ്പു പറച്ചിലുമായി രംഗത്തുവരികയായിരുന്നു,

ഏതുവിഷയത്തിലും സോഷ്യൽമീഡിയയിൽ നടക്കുന്ന ചർച്ചകളിൽ വലിയ കാര്യമൊന്നുമില്ല.ഏതെങ്കിലും രഹസ്യസ്ഥലത്ത് സുരക്ഷിതമായിരുന്ന് പോസ്റ്റിട്ടും ലൈക്കടിച്ചും വായിൽ തോന്നുന്ന കമന്റിട്ടും പൊങ്കാല നടത്തിയും അവസാനിക്കുകയേ ഉള്ളൂ അവ. പ്രത്യക്ഷ സമരങ്ങളും രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായാൽ മാത്രമേ (കക്ഷി രാഷ്ട്രീയമല്ല ഉദ്ദേശിച്ചത്) ഇതുപോലുള്ള ഏതു വിഷയത്തിനും ശാശ്വതമായ പരിഹാരമുണ്ടാക്കാനാവൂ. അത്തരത്തിലുള്ള ഒരു വലിയ ജനകീയ ഇടപെടലിൻറെ തുടക്കമായി 31ന് നടക്കുന്ന മാർച്ച് മാറട്ടെ എന്ന് പ്രത്യാശിക്കുന്നു.