Thu. Apr 18th, 2024

ലെജികൃഷ്ണൻ

2019ലും ജാതിയുടെ പേരിൽ മേന്മ അവകാശപ്പെടുന്നത് എത്ര വലിയ അശ്ലീലം ആണെന്ന് തിരിച്ചറിയാത്ത പുരോഗമനവാദികളും ബ്രാഹ്മണഭക്തരും നിറഞ്ഞ പുനരുത്ഥാന കേരളത്തിൽ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന തമിഴ് ബ്രാഹ്മണാ, ‘global’ മീറ്റ് എന്ന കലാപരിപാടിയിൽ നിയമമന്ത്രി എ.കെബാലൻ ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ കേരളഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വിചിദംബരേഷ് നടത്തിയ പ്രസ്താവന മാധ്യമങ്ങളിലൂടെ വായിച്ചുകാണുമല്ലോ. ഈ ജാതി സമ്മേളനത്തിന്റെ സംഘാടകരേക്കാൾ പിന്തിരിപ്പന്മാരാണ് ഇത് ഉദ്‌ഘാടനം ചെയ്യാൻപോയ നവോത്ഥാന സർക്കാരിന്റെ നിയമമന്ത്രി ഉൾപ്പെടെയുള്ളവർ.

ജാതിചിന്തയിൽ അപരൻ ഹീനനാണെന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് അപരനോട് വിവേചനം കാണിക്കുകയും ചെയ്യുന്നു. സമത്വം, സഹോദര്യം തുടങ്ങിയ എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും നഗ്നമായ ലംഘനമാണ് ജാതിചിന്ത. ജാതി ലോകത്തെ ഏറ്റവും ഹീനമായ, മനുഷ്യത്വ രഹിതമായ വിവേചനരീതിയാണ്. ജന്മംകൊണ്ട് ചിലർ തങ്ങളെക്കാൾ മോശക്കാരാണ് എന്ന് വിശ്വസിക്കുകയും, തങ്ങൾ വ്യത്യസ്തരാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് പരിഷ്‌കൃത സമൂഹത്തിൽ സ്ഥാനമേയില്ല. ഈ വിവേചനത്തിൽ വിശ്വസിക്കുന്നവർ മനുഷ്യർ എന്ന വിളിക്ക്പോലും വാസ്തവത്തിൽ ആർഹരല്ല. മതം എന്ന കേവല അന്ധവിശ്വാസത്തേക്കാൾ ആയിരം മടങ്ങ് കിരാതമാണ് ജന്മംകൊണ്ട് തങ്ങൾ ശ്രേഷ്ഠരാണെന്ന ജാതിവിശ്വാസം. രണ്ടും തുല്യമല്ല. രണ്ടും ഒന്നല്ല.

സത്യത്തിൽ ഈ മീറ്റിന്റെ ഉദ്ദേശം തന്നെ വേറെയാണെന്നാണ് നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു. സമുദായത്തിലെ ചെറുപ്പക്കാർ ഹീനജാതിക്കാരെയും അന്യമതസ്ഥരെയും വിവാഹം കഴിച്ച് വർണ്ണ സങ്കലനം നടക്കുന്നത് സമുദായ പ്രമാണിമാരെ അസ്വസ്ഥരാക്കുന്നുണ്ടത്രേ. പ്രധാന പ്രശ്നം മേലനങ്ങി പണിയെടുക്കണം എന്ന സ്ഥിതി വന്നപ്പോൾ പലരും സംസ്ഥാനവും രാജ്യവും വിട്ടതാണ്. അങ്ങനെ ഒരൊറ്റ കൂട്ടമായി അഗ്രഹാരങ്ങളിൽ കഴിഞ്ഞിരുന്നവർ താഴ്ന്ന ജാതിക്കാർക്കൊപ്പം വീടുവച്ചും അവരോടൊപ്പം ഫ്ലാറ്റുകളിലും താമസിക്കേണ്ടി വന്നു. അതോടെ താഴ്ന്നവരോട് സമ്പർക്കമായി. ചിലരെങ്കിലും ജാതിക്ക് പുറത്ത് പ്രണയിച്ചു.

എന്തായാലും പ്രായപൂർത്തിയായ ഈ ‘കുട്ടികൾ’ അന്യജാതിക്കാരുമായി പ്രണയക്കുരുക്കിൽ പെടുന്നത് തടഞ്ഞേ പറ്റൂ.അതുകൊണ്ട് തമിഴ് ബ്രാഹ്മിൺ കുടുംബങ്ങളിലെ കല്യാണപ്രായമായ യുവതിയുവാക്കൾക്ക് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ജാതി, നിറം, പൊക്കം, വണ്ണം, കുലം, ഡിഗ്രി, ജോലി, ശമ്പളം, pedigree, ജാതകം, നക്ഷത്രം, ഗ്രീൻകാർഡ്, citizenship എന്നിവയൊക്കെ ഒത്തുനോക്കിയ ശേഷം (മാത്രം) നിഷ്കളങ്കമായ അനശ്വര പ്രണയത്തിൽ വീണ് കല്യാണം കഴിക്കാനുള്ള വേദി ഒരുക്കാൻ ആണ് ഇമ്മാതിരി ജാതി സമ്മേളനങ്ങൾ.

ചുരുക്കത്തിൽ ചെറുപ്പക്കാർക്ക് ശുദ്ധ-ബ്രാഹ്മണ ഇണകളെ കൂട്ടിക്കൊടുപ്പാണത്രേ ബാലൻ മന്ത്രി ഉദ്‌ഘാടനം ചെയ്ത കൊച്ചിയിലെ പരിപാടി. അതിൽ പങ്കെടുത്ത് സംസാരിച്ച ജസ്റ്റീസ് ചിദംബരേഷ് ആണ് അതിലേറെ ഭേഷ്…

ജസ്റ്റീസ്‌ ചിദംബരേഷിന്റെ പ്രസ്താവനയ്ക്കെതിരെ കേരളീയ സമൂഹത്തിൽ നിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകാതിരുന്നതിൽ ആരും അദ്ഭുതപ്പെടേണ്ടതില്ല. കാരണം നമ്മുടെ സമൂഹം അത്രമാത്രം സവർണ്ണവത്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്‌. സവർണ്ണ ഈഴവർ (ധനിക) പോലും സംവരണത്തിനെതിരെ സംസാരിക്കുന്ന ഇക്കാലത്ത്‌ ഇതൊക്കെ സംഭവിക്കുന്നത്‌ സ്വാഭാവികം മാത്രം. എന്നും അധികാര സ്ഥാനങ്ങൾ വഹിക്കുന്ന ബ്രാഹ്മണ്യം ഒരുകാലത്തും ജനാധിപത്യത്തിനും ആധുനിക നീതിന്യായവ്യവസ്ഥയ്ക്കും അനുകൂലമായിരുന്നില്ല. മനുസ്മൃതി അനുശാസിക്കുന്ന സാമൂഹ്യനീതിക്കുവേണ്ടിയാണ്‌ അവർ നിലകൊള്ളുന്നതെന്നത്‌ സുവ്യക്തവുമാണ്‌.

അവർ കാലാകാലങ്ങളായി മുഴക്കുന്ന വൈദിക സംസ്കാര പുനസ്ഥാപന മുദ്രാവാക്യത്തെ നമ്മുടെ മഹത്തായ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം നമുക്ക്‌ അവഞ്ജയോടെ തള്ളികളയാം. എന്നാൽ അദ്ദേഹം ഉന്നയിച്ച എല്ലാ ഗുണങ്ങളൂം ഒത്തിണങ്ങിയവരാണ്‌ ബ്രാഹ്മണരെന്ന വാദം ചരിത്രപരമായി നിലനിൽക്കുന്നതല്ല. ചരിത്രവഴികളിൽ അവരുടെ നെറികേടുകൾ എത്ര വേണമെങ്കിലും നമുക്ക്‌ ഉദാഹരിക്കാമെങ്കിലും അതിനൊന്നും ഇവിടെ മുതിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ,പാലക്കാട്‌ കൽപ്പാത്തിയിലെ തമിഴ്‌ ബ്രാഹ്മണർ തെരുവ്‌ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയ സംഭവം ഇത്തരുണത്തിൽ പറയാതിരിക്കാനാകില്ല.ആ സംഭവം ഇ.കെ.ചാമിയുടെ പാലക്കാടിന്റെ സാമൂഹ്യ ചരിത്രമെന്ന വിഖ്യാത ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിക്കുകയാണ്‌ ചുവടെ.

 “1924 നവംബർ  പതിമൂന്നാം തിയ്യതി പാലക്കാട്‌ താലൂക്കിൽ പെട്ട മിക്ക അംശങ്ങളിൽ നിന്നും മര്യാദക്കാരും യോഗ്യന്മാരും പ്രമാണികളും ആയ മൂന്നും നാലും ഈഴവർ കൂടി സുമാർ എൺപതിലധികം ആളുകൾ ഏകദേശം ഉച്ചതിരിഞ്ഞ്‌ മൂന്നരമണി സമയത്ത്‌ ഉത്സവ സ്ഥലത്ത്‌ എത്തിച്ചേരുകയും ഗവൺമന്റ്‌ കൽപ്പനയും സബ്‌ കളക്ടറുടെ ഉപദേശവും ആസ്‌ പദമാക്കി കൽപ്പാത്തി വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുമ്പിൽ നിന്ന് ദേവനെ നമസ്കരിച്ച്‌ പിന്തിരിയുമ്പോഴേക്കും നിസ്സഹായന്മാരും നിരായുധന്മാരും നിരുപദ്രവകാരികളുമായ ഈ സാധു ഈഴവരുടെ മേൽ ബ്രാഹ്മണരെന്ന പേരും ധരിച്ച്‌ കപടന്മാരായ അസംഖ്യം നരനരികൾ കൂടിച്ചേർന്ന് കഠിനമായ വിധത്തിൽ കല്ലെറിയുകയും അടിക്കുകയും കഴിയും പ്രകാരമുള്ള ദേഹോപദ്രവങ്ങൾ ചെയ്യുകയും ചെയ്തു. ഏതോപ്രകാരത്തിൽ ഈഴവർ അപായം കൂടാതെ ഓടി രക്ഷപ്പെട്ടു.മുഖത്തും കണ്ണിനും മറ്റും മുറിയേറ്റ കൂട്ടരെ ആസ്പത്രിയിലേക്ക്‌ കൊണ്ടുപോയി. ഈ സംഭവങ്ങളെല്ലാം ഗവൺമന്റ്‌ ഉദ്യോഗസ്ഥന്മാർ ക്യാമ്പ്‌ ചെയ്യുന്ന അതേഗീഹാര വീഥിയിൽ വെച്ചു തന്നെ ആയിരുന്നു.കൽപാതിയിൽ ക്ഷേത്ര പ്രവേശനത്തിനല്ല ഇവർ ശ്രമിച്ചത്‌.പബ്ലിക്ക്‌ റോഡുകളിൽകൂടി എല്ലാ സമുദായക്കാർക്കും ഗതാഗതം ചെയ്യുന്നതിന്‌ വിരോധമില്ലെന്ന് നിയമനിർമ്മാണ സഭയിലെ തീർപ്പിനെ ആസ്‌ പദമാക്കിയിട്ടാണ്‌ ഇവർ കൽപ്പാത്തിയിൽ പ്രവേശിച്ചത്‌.”

ഈ സമരത്തിന്‌ നേതൃത്വം നൽകിയവരിൽ തച്ചമൂച്ചിക്കൽ ടി.കെ ചാമി, ജോൺ കിട്ട,കെ.ടി ഫിലിപ്പ്‌ തുടങ്ങിയവർ ഉൾപ്പെടുന്നു. കൽപാത്തി സമരത്തെ തുടർന്നാണ്‌ ഇവർ കൃസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്തത്‌.

ബ്രാഹ്മണരുടെ സ്വഭാവമഹിമ വിളിച്ചോതുന്ന ഈ സംഭവത്തെ ചരിത്രത്തിൽ നിന്നും നിഷ്കാസനം ചെയ്യാനാണ്‌ ബ്രാഹ്മണ പ്രമുഖർ ഇന്നും ശ്രമിക്കുന്നതെന്ന് കൂടി പറയട്ടെ. ചരിത്രം വളച്ചൊടിച്ചും വികൃതമാക്കിയും വംശമഹിമകൾ അടിച്ചേൽപ്പിക്കുന്നതും നമ്മുടെ സനാതന പാരമ്പര്യത്തിന്റെ തുടർച്ചയാണ്‌.

മനുവാദികളുടെ സംഘടിത ശേഷിയെ അതിജീവിച്ച്‌ സ്വാതന്ത്ര്യാനന്ത്രരം നിലവിൽ വന്ന മഹത്തായ ഭരണ ഘടനയെ സംരക്ഷിക്കാനായി പൗരബോധമുള്ള ജനാധിപത്യത്തിന്റെ വക്താക്കൾക്ക്‌ മനുവാദികളുമായി ഇനിയും കനത്ത പോരാട്ടങ്ങൾ നടത്തേണ്ടി വരുമെന്നാണ്‌ ഇത്തരം പ്രസ്താവനകൾ സൂചിപ്പിക്കുന്നത്‌.