Thu. Apr 18th, 2024

പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.പുനലൂര്‍ തൊളിക്കോട് ശ്രീനിലയത്തില്‍ ജനാര്‍ദനന്‍ വൈദ്യരുടെയും പി. ലളിതയുടെയും മകനാണ്.ഭാര്യ ശ്രീലത, മക്കൾ: യദു, നീരജ.

ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി തവണ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും എംജെ രാധാകൃഷ്ണനെ തേടിയെത്തി. ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍, അടയാളങ്ങള്‍, കളിയാട്ടം, വീട്ടിലേക്കുള്ള വഴി ഉള്‍പ്പെടെ 75 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഷാജി. എന്‍.അരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.ഷാങ്ഹായ് മേളയിൽ പുരസ്കാരം നേടിയ ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങളുടെയും ഛായാഗ്രഹണം നിർവഹിച്ചത് എം.ജെ. രാധാകൃഷ്ണനായിരുന്നു.

സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഷാജി എൻ കരുണിന്റെ കീഴിൽ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്ബർ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം.

അടൂർ ഗോപാലകൃഷ്ണൻ മുതൽ ഡോ. ബിജു വരെയുള്ള സംവിധായകരുടെ സിനിമകളിൽ എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണ മികവ് കാണാം. 1999 ൽ കാൻ ചലച്ചിത്ര മേളയിൽ മരണ സിംഹാസനം എന്ന ചിത്രത്തിലൂടെ ഗോൾഡൻ കാമറ അവാർഡ് നേടിയ എ.ജെ.രാധാകൃഷ്ണൻ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. 1996ൽ ജയരാജിന്റെ ദേശാടനത്തിലൂടെയായിരുന്നു ആദ്യ സംസ്ഥാന അവാർഡ്. 99ൽ കരുണത്തിനും 2007ൽ അടയാളങ്ങൾക്കും പുരസ്കാരം ലഭിച്ചു. 2008ൽ ബയോസ്കോപ്പിനും 2010ൽ വീട്ടിലേക്കുള്ള വഴിക്കും 2011ൽ ആകാശത്തിന്റെ നിറത്തിനും വീണ്ടും പുരസ്കാരം. 2017ൽ കാടുപൂക്കുന്ന നേരത്തിലൂടെയാണ് ഏഴാമത്തെ സംസ്ഥാന അവാർഡ്.