Fri. Mar 29th, 2024

ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്‌ന ജോണ്‍സാണ് ഇന്നലെ രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്. എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്മാന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്

രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വരുന്ന ജിസ്‌നയെ കണ്ടവരുണ്ട്. സാധാരണയെന്ന പോലെ നടന്നു വന്ന പെണ്‍കുട്ടി പെട്ടെന്ന് നില്‍ക്കുകയും കായലിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയുമായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പനങ്ങാട് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘവും ഫയര്‌ഫോഴ്‌സിനൊപ്പം തിരച്ചിലില്‍ പങ്കെടുത്തു .