രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവില്‍കഴിയുന്ന നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചു. ലണ്ടനില്‍ കഴിയുന്ന മകളുടെ വിവാഹത്തിനാണ് പരോള്‍. 27വര്‍ഷമായി തടവില്‍കഴിയുന്ന നളിനിക്ക് തടവില്‍വച്ച് ജനിച്ച മകളുടെ വിവാഹമാണ് നടക്കുന്നത്. ആറുമാസത്തെ പരോള്‍ ആണ് നളിനി ആവശ്യപ്പെട്ടത്. നളിനിയുടെ പരോള്‍ ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ നേരിട്ട് കോടതിയില്‍ ഹാജരാകാനും വാദിക്കാനും നളിനി അനുമതി തേടി. തടവുകാരന്റെ അവകാശമെന്ന നിലയില്‍ അത് കോടതി അനുവദിക്കുകയായിരുന്നു.
ഓരോ 2 വര്‍ഷത്തിനും ഒരുമാസം ലീവിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നളിനി ആറുമാസത്തെ അവധി ചോദിച്ചത്.
30 ദിവസത്തില്‍കൂടുതല്‍ പരോള്‍ അനുവദിക്കാന്‍ ജയില്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. സോപാധികമാണ് പരോള്‍. രാഷ്ട്രീയക്കാരുമായി ഇടപെടരുത്, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് തുടങ്ങിയ ഉപാധികള്‍ക്ക് അനുസൃതമായാണ് ജസ്റ്റിസ്മാരായ എംഎം സുന്ദരേഷ്, എന്‍ നിര്‍മ്മല്‍കുമാര്‍ എന്നിവര്‍ പരോള്‍ അനുവദിച്ചത്. നളിനിക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിന് തമിഴ്നാട് സര്‍ക്കാരിനും കോടതി നിര്‍ദ്ദേശം നല്കി.
ശ്രീപെരുമ്പത്തൂരില്‍ 1991ലാണ് രാജീവ്ഗാന്ധി വധിക്കപ്പെട്ടത്. വധശിക്ഷ 2000ല്‍ രാജീവ്ഗാന്ധിയുടെ വിധവ സോണിയാഗാന്ധിയുടെ കൂടി അപേക്ഷയില്‍ ജീവപര്യന്തമാക്കിമാറ്റി. എന്നാല്‍ അതിനുശേഷം 3700 ജീവപര്യന്ത തടവുകാര്‍ വിവിധജയിലുകളില്നിന്നും സ്വതന്ത്രരാക്കപ്പെട്ടിട്ടുണ്ട്.20 വര്‍ഷം തടവുപൂര്ത്തിയാക്കപ്പെട്ടവരെ സ്വതന്ത്രരാക്കാമെന്ന 1994ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018 സെപ്റ്റംബര്‍ 9ന് തമിഴ്നാട് സര്‍ക്കാര്‍ രാജീവ് വധക്കേസിലെ ഏഴുപ്രതികളെയും സ്വതന്ത്രരാക്കാന്‍ ശുപാര്ശചെയ്തുവെങ്കിലും അതിന് ഗവര്‍ണരുടെ അനുമതിലഭിച്ചിട്ടില്ല.