Wednesday, December 8, 2021

Latest Posts

‘കോവലൻ വക്കീല് പറഞ്ഞു, സങ്കു വക്കീല് പറഞ്ഞു, ചെന്നിത്തലാജി പറഞ്ഞു- ഇപ്പൊ നിയമം നിർമ്മിച്ചു തരാം

സുപ്രീം കോടതിയുടെ അധികാരപരിധിയിൽ നിന്നുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് ഓർഡിനൻസിറക്കാനോ നിയമം കൊണ്ടുവരാനോ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് വിചാരിച്ചാലും സാധിക്കില്ല.

അഡ്വ. ശ്രീജിത്ത് പെരുമന

അപ്പോ എല്ലാം പറഞ്ഞു കോംപ്ളിമെന്റ്‌സ് ആക്കി

‘ശബരിമല വിഷയം “subjudice” അഥവാ കോടതി പരിഗണനയിലാണെന്നും നിയമ നിർമാണം ഇപ്പോൾ സാധ്യമല്ലെന്നും കേന്ദ്ര നിയമ മന്ത്രി’

‘ശബരിമലയിൽ യുവതികളെ കയറ്റരുതെന്നും നിയമനിർമ്മാണം നടത്തണമെന്നും’ #ശശി ‘ തരൂർ 

ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി മറികടക്കാൻ എന്തെങ്കിലും നിയമ നിർമാണം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉടൻ നിയമനിർമാണത്തിനില്ലെന്ന് നിയമ മന്ത്രി രേഖാമൂലം അറിയിക്കുകയായിരുന്നു.

വാൽ: കോവലൻ വക്കീല് പറഞ്ഞു, സങ്കു വക്കീല് പറഞ്ഞു, ചെന്നിത്തലാജി പറഞ്ഞു ഇപ്പൊ നിയമം നിർമ്മിച്ചു തരാം എന്നൊക്കെ ഇണ്ടാസ് ഇറക്കിയ ഇത്തിക്കരപ്പക്കിമാർക്ക് നമോവാകം.

ശബരിമല വിഷയത്തിൽ നിയമനിർമ്മാണം ആത്മഹത്യാപരമായിരിക്കും,

“കളിയിലെ പൊട്ടന്മാർ” ആകാതിരിക്കാൻ ഇത് വായിക്കാതെ പോകരുത്

ശബരിമല കേസിൽ സുപ്രീംകോടതിയിൽ നടന്ന അസാധാരണ മാരത്തോൺ വാദപ്രതിവാദങ്ങൾ കണ്ടു കണ്ണ് തള്ളി അരിയും 3g ആയി മണ്ണെണ്ണയും 3g യായി നടക്കുന്ന ബ്രഹ്മചര്യ സംരക്ഷകർ “ഒന്നും നടക്കാൻ പോകുന്നില്ല, ഭരണഘടനാ ഭേദഗതിയാണ് ഏക മാർഗ്ഗം എന്നും

ശങ്കു വക്കീല് പറഞ്ഞല്ലോ, കോവാലൻ ഗുമസ്തൻ പറഞ്ഞല്ലോ, ചെങ്കോട്ടു കോണം രായപ്പൻ മേസ്തിരി പറഞ്ഞല്ലോ “സംസ്ഥാന സർക്കാരിന് അല്ലെങ്കിൽ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് കൊണ്ടുവന്നിട്ട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധി തടയാൻ സാധിക്കുമെന്ന് ” എന്നൊക്കെ  കമന്റ് ബോക്സിലും, ഇൻബോക്സിലും വിത്തിറക്കുന്നവരോട് ..

വസ്തുതാപരമായ അഭിപ്രായം അറിയിക്കട്ടെ,

സ്ത്രീകളെ ശബരിമലയിൽ കയറുന്നതിനു വിലക്കുന്ന 1965 ലെ നിയമം ഇന്ത്യൻ ഭരണഘടനയുടെ 14, 15, 17, 21, 25, 26 എന്നീ മൗലിക അവകാശങ്ങളുടെ ലംഘനമാണ്. അതായത് മത അവകാശങ്ങളുടെ മുകളിൽ നിൽക്കുന്ന സമത്വത്തിനും, സ്വാതന്ത്ര്യത്തിനും, മാന്യതയ്ക്കും, വിവേചനത്തിനും എതിരാണ് സ്ത്രീകളെ വിലക്കുന്ന നടപടി അല്ലെങ്കിൽ ആചാരമെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു.

സുപ്രീം കോടതിയുടെ അധികാരപരിധിയിൽ നിന്നുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കാൻ സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിച്ചുകൊണ്ട്ഓർഡിനൻസിറക്കാനോ നിയമം കൊണ്ടുവരാനോ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് വിചാരിച്ചാലും സാധിക്കില്ല.

ഈ രാജ്യത്തെ മതങ്ങളും, മത നിയമങ്ങളും, ഭക്തരുടെ അവകാശങ്ങളും തുടങ്ങി സർവ്വമാന അവകാശങ്ങളും ഭരഘടന പൗരന് നൽകുന്ന മൗലിക അവകാശങ്ങളായ സമത്വത്തിനും, സ്വാതന്ത്ര്യത്തിനും, അവിവേചനത്തിനും മാന്യതയ്ക്കും , ജീവിക്കാനുമുള്ള അവകാശങ്ങളുടെ കീഴിലാണ്. അവ ലംഗിച്ചുകൊണ്ടു നിർമ്മിക്കുന്ന ഓർഡിനൻസും, നിയമങ്ങളും റദ്ദാക്കപ്പെടും..

ഓർഡിനൻസിനായി അഭിനവ ഭക്തർ വാദിക്കുമ്പോൾ സൂചിപ്പിക്കുന്ന കേസുകളെ കുറിച്ച് ചുരുക്കി ചിലത് പറയാം…
————

ഷാഭാനു കേസിൽ കോൺഗ്രസ്സ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നു കോടതി വിധി മറികടന്നില്ലേ എന്ന ആദ്യത്തെ ചോദ്യം ?

കോടതിവിധി മറികടക്കാൻ ഷാ ഭാനു കേസിലെ കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന മുസ്ലിം വുമൺ (പ്രൊട്ടക്ഷൻ ഓൺ ഡിവോഴ്സ് Act), 1986. എന്ന നിയമത്തിനു പിന്നീടെന്തു സംഭവിച്ചു എന്ന് കൂടി ഇത്തരക്കാർ പറയണം…

വേറൊന്നുമല്ല ഷാ ബാനുവിന്‍റെ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ സുപ്രീം കോടതിയെ സമീപിക്കുകയും കോടതി ഷാഭാനു കേസിലെ വിധിയിൽ പറഞ്ഞ അതേ കാര്യം അതായത് മുസ്ളീം സ്ത്രീകൾക്ക് ഒരു പ്രത്യേക കാലത്തേക്കല്ല എല്ലായിപ്പോഴും ജീവനാംശം നൽകണം എന്ന വിധി പുനഃപ്രഖ്യാപിച്ചു .

ഷാ ഭാനു കേസിനെ ശബരിമലയിലെ മൗലികാവകാശ കേസുമായി ബന്ധപ്പെടുത്തുന്നത് തന്നെ അബദ്ധമാണ് സൂർത്തുക്കളെ കാരണം അവിടെ ചോദ്യം പാർലമെന്റ് പാസാക്കിയ CrPCയുടെ ആപ്ലിക്കബിലിറ്റിയും, മുസ്ളീം വ്യക്തി നിയമവുമായിരുന്നു എങ്കിൽ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് “ഫണ്ടമെന്റൽ അവകാശങ്ങളുടെ” ലംഘനമാണ്. അതും കോൺസ്റ്റിറ്റ്യുഷണൽ ധാർമികതയെ മുൻനിർത്തിയുള്ള ഭരഘടന വ്യാഖ്യാനങ്ങൾ. മുസ്ലിം വ്യക്തി നിയമങ്ങളുമായോ, ഹിന്ദു വ്യക്തി നിയമങ്ങളോ ആയി പുല ബന്ധം പോലുമില്ലാത്ത കേസ്.

ശബരിമല കേസിൽ ഭരണഘടനയുടെ കോർ മൗലികാവകാശങ്ങളുടെ ചോദ്യങ്ങളും സംസ്ഥാനം പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ ടെസ്റ്റും അത്രയേ ഉള്ളൂ. അത് ഷാബാനു കേസുപോലെ മറികടക്കാൻ പറ്റുമെന്നത് ഉട്ടോപ്യൻ സങ്കൽപ്പമാണ്..

Next ജെല്ലിക്കെട്ടിനെയും ശബരിമല കേസിനെയും താരതമ്യം ചെയ്യുന്നവർ നിയമത്തിന്റെ ബാലപാഠം പോലും അറിയാത്തവരാണെന്നു പറയാതെ വയ്യ…

1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ മൃഗങ്ങൾക്കുള്ള സംരക്ഷണത്തിന്റെ നിബന്ധനകൾ ലംഘിക്കപ്പെടുന്നു എന്ന് ചൂണ്ടികാണിച്ചു മൃഗ സ്നേഹികൾ നൽകിയ ഹര്ജിയിലാണ്‌ 2014 ൽ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധന ഉത്തരവ് ഇറക്കിയത്. അതൊരു ജുഡീഷ്യൽ നിരോധനം മാത്രമായിരുന്നു. എന്നാൽ ജെല്ലിക്കെട്ട് നടത്താൻ തമിഴ്നാട് മുഴുവൻ പ്രക്ഷോഭം സംഭവിച്ചപ്പോൾ നിയമസഭയുടെ പിൻവാതിൽ വഴി ഓർഡിനൻസ് കൊണ്ടുവരാൻ തമിഴ്നാട് ശ്രമിച്ചു. കേന്ദ്ര നിയമത്തിൽ ഭേദഗതിക് കേന്ദ്രത്തിനു മാത്രമേ സാധിക്കൂ എന്നിരിക്കെ കൊണ്ടുവന്ന ഓർഡിനൻസിനെ തലങ്ങും വിലങ്ങും ആക്ഷേപിച്ച സുപ്രീം കോടതിക്കു വേണമെങ്കിൽ ആ ഓർഡിനൻസ് സ്റ്റേ ചെയ്യാമായിരുന്നെങ്കിലും മൃഗങ്ങളെ പീഡിപ്പിക്കില്ല എന്ന ഉറപ്പിൽ ജെല്ലിക്കെട്ട് അനുവദിക്കുകയായിരുന്നു

“Law and order situation is the primacy in a civilised society. Convey this to your executive to maintain law and order. We passed a stay order one year ago. Why these protests now?

“We are governed by the rule of law. These kind of things should not happen,”

“Nobody says people can’t fight for a better law. Why so much commotion? We are concerned only with preserving Supreme Court orders.” എന്നാണ് കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതി ചോദിച്ചത്

പറഞ്ഞുവന്നത്.., ജെല്ലിക്കെട്ട് കേസിൽ പൗരന്റെ മൗലികാവകാശമല്ല ചോദ്യം ചെയ്യപ്പെട്ടതും വിലയിരുത്തിയതും. അത് കേവലം ഒരു കേന്ദ്ര നിയമത്തിന്റെ ലംഘനങ്ങൾ ചർച്ചചെയ്യപ്പെട്ട കേസാണ്. ശബരിമലയിലേതോ…

പൗരന്മാരായ സ്ത്രീ ജനങ്ങളുടെ സ്വാതന്ത്ര്യവും, സമത്വവും, ഡിഗ്നിറ്റിയും, റൈറ്റ് to ലൈഫും, റൈറ്റ് to വേർഷിപ്പും തുടങ്ങിയുള്ള അതി പ്രധാന ഭരണഘടനാ ലംഘനങ്ങളാണ് ചോദ്യം ചെയ്യുകയും തലനാരിഴകീറി പരിശോധിക്കപെടുകയും ചെയ്തത്. ഒടുവിൽ ഭരണഘടനാ ലംഘനമാണ് സ്ത്രീകളെ ശബരിമലയിൽ കയറ്റാത്തത് എന്നും പ്രഖ്യാപിച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നത്.

കേന്ദ്ര നിയമത്തിലൂന്നി മൃഗങ്ങളുടെ അവകാശങ്ങൾക്കായി മനുഷ്യൻ നൽകിയ കേസും മനുഷ്യരുടെ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനാ മൗലിക അവകാശങ്ങൾക്കായി മനുഷ്യർ നൽകിയ കേസും താരതമ്യം ചെയ്യുന്നവരോട് ഒരെ ഒരു ചോദ്യം….

അല്ലാ എന്ത് നിയമമാണ് കേരളം ഈ വിഷയത്തിൽ പാസാക്കേണ്ടത് ?

ഭരണഘടനയ്‌ക്കെതിരായി ലിംഗവിവേചനം നടത്തി ആർട്ടിക്കിൾ 14, 15, 17, 21, 25, 26 എന്നിവ ലംഘിച്ചുകൊണ്ട് സ്ത്രീകളെ ശബരിമലയിൽ കയറ്റാമെന്നു പറയുന്ന നിയമമോ ?

അല്ലെങ്കിൽ സ്ത്രീകളെ എല്ലാം അസാധുവാക്കി പ്രഖ്യാപിച്ച് പാകിസ്താനിലേക്ക് അയക്കാമെന്ന നിയമമോ ?

അതല്ലെങ്കിൽ ആർത്തവം അശുദ്ധിയാണെന്നു പ്രഖ്യാപിക്കുന്ന നിയമമോ ?

സുഹൃത്തേ ഭരഘടന പൗരന് നൽകുന്ന മൗലികാവകാശങ്ങൾക്ക് കീഴിലാണ് ഷാഭാനു കേസിൽ പരിഗണിച്ച പേഴ്‌സണൽ മത നിയമങ്ങളും, ജെല്ലിക്കെട്ട് കേസിൽ പരിഗണിച്ച മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവുമെല്ലാം..

റിവ്യൂവിലൂടെയോ, അതുമല്ലെങ്കിൽ അഞ്ചംഗ ബെഞ്ചിന് മുകളിൽ ലാർജർ ഭരണഘടനാ ബെഞ്ചിനോ മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ…

നിയമസഭയുടെ പിൻവാതിൽ വഴി ഓർഡിനൻസിറാക്കാൻ ഇത് മൃഗ സംരക്ഷണ നിയമമല്ല. രാജ്യത്തിൻറെ ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടനയ്ക്ക് മുകളിൽ ഒരു നിയമമില്ല എന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ ?

പാർലമെന്റും കോടതികളും രാഷ്ട്രപതിയും ഒക്കെ ഉണ്ടാക്കിയത് ഭരണഘടനയാണ് അല്ലാതെ മുഖ്യമന്ത്രീയും പ്രധാനമന്ത്രീയും രാഷ്ട്രപതീം ചേർന്നിരുന്ന് ഭരണഘടന ഉണ്ടാക്കിയയതല്ല…

ജെല്ലിക്കെട്ട് ജെല്ലിക്കെട്ട് എന്ന് രാഹുൽ ഈശ്വരൻ പുലമ്പുന്നത് കേട്ട് പാടി നടക്കാൻ പോയാൽ പണിപാളും മക്കളേ…

ഓർഡിനൻസിന്റെ കുറിച്ചും ഭരണഘടനാ ഭേദഗതികളെ കുറിച്ചും ഒന്ന് മനസിലാക്കാം
—————–
1. ഭരണഘടനയിലെ എന്തും പാർലമെന്റിൽ നിക്ഷിപ്തമായ ഇൻഹെറെന്റ് (inherent) അധികാരം ഉപയോഗിച്ച് ഭേദഗതി വരുത്താൻ സാധിക്കില്ല. അങ്ങനെ മൗലികാവകാശങ്ങൾ പോലും ഭേദഗതി ചെയ്തു ഭരണഘടനയുടെ ബെയിസ്ക് സ്ട്രക്ച്ചറിനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കോടതിക്ക് പോലും അധികാരം നൽകാത്തവിധം കൊണ്ടുവന്ന 1976 ലെ 42 മത്തെ ഭരണഘടനാ ഭേദഗതിയിലെ പാർലമെന്റിനു സമ്പൂർണ്ണ അധികാരം കിട്ടുന്ന ആർട്ടിക്കിൾ 368 ലെ 4 , 5 ഉപവകുപ്പുകൾ സുപ്രീം കോടതി മിനർവാ മിൽസ് (Minerva Mills Ltd. and Ors. v. Union Of India and Ors.) കേസിൽ റദ്ദാക്കുകയും ഭരണഘടനയുടെ ബെയിസിക്ക് സ്ട്രക്ച്ചറിനെ ഭേദഗതി ചെയ്യുന്നതിൽ നിന്നും തടയുകയും, ഭേദഗതി ചെയ്യുമ്പോൾ കേശവാനന്ദ ഭാരതി കേസിലെ വിധി പ്രകാരം പാലിക്കേണ്ട ഗൈഡ്‌ലൈൻസുകൾ വീണ്ടും ഊട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2. അതുകൊണ്ടുതന്നെ ചെന്നിത്തലജി സ്വപ്നം കാണുന്ന ഭരണഘടനാ ഭേദഗതി സാധ്യമാകണമെങ്കിൽ കേശവാനന്ദ ഭാരതി (His Holiness Kesavananda Bharati Sripadagalvaru and Ors. v. State of Kerala and Anr.) കേസിലെ ബേസിക് സ്ട്രക്ചർ ടെക്സ്റ്റ് മറികടക്കുകയും മറ്റു ഭരണഘടന വിധികളെ തിരുത്തുകയും വേണം. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അഥവാ ബേസിക് സ്ട്രക്ച്ചർ (Basic structure) ഭേദഗതി ചെയ്യാൻ സാധിക്കില്ല കാരണം അവ ഏതെങ്കിലും എഴുതപ്പെട്ട നിയമങ്ങളിൽ മാത്രം അതിഷ്ടിതമായിട്ടുള്ളതല്ല. തൊട്ടുകൂടായ്മ, തുല്യത, സ്വാതന്ത്ര്യം, ആത്മാഭിമാനത്തോടെ ജീവിക്കുക തുടങ്ങിയ അടിസ്ഥാന ആശയങ്ങളായാണ് ബെയിസിക്ക് സ്ട്രക്ച്ചർ സുപ്രീംകോടതി രൂപപ്പെടുത്തിയിട്ടുള്ളത്. ഭരണഘടനയുടെയും ആത്യന്തികമായി രമേശ് ചെന്നിത്തല എന്ന പൗരന്റേതുകൂടിയായ അത്തരം ആശയങ്ങൾ മറികടക്കുന്ന ഭരണഘടനാ ഭേദഗതിയാണ് അടിസ്ഥാനപരമായി താൻ നിർദ്ദേശിക്കുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർഥ്യം?

3. ആർട്ടിക്കിൾ 14 എന്ന സമത്വത്തിനുള്ള അവകാശത്തിലോ, ആർട്ടിക്കിൾ 25 റൈറ്റ് ടു വേർഷിപ്പെന്ന മൗലികാവകാശത്തിലോ പരസ്പര വിരുദ്ധമായി റെസ്ട്രിക്ഷൻസ് അഥവാ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സാധിക്കില്ല . സമത്വത്തിനു മേൽ ഒരുതരത്തിലുള്ള റീസണിബിൽ റെസ്ട്രിക്ഷൻസും പാടില്ല അത് റിലീജ്യസ് റൈറ്റ്സ് അഥവാ വിശ്വാസത്തിനുള്ള അവകാശങ്ങൾ ആണെങ്കിൽപോലും എന്നതാണ് വ്യവസ്ഥ. അങ്ങനെ വരുമ്പോൾ ഈ ലിംഗ വിവേചനവും, ആർട്ടിക്കിൾ 15 ലോ, 14 ലോ ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാ ഭേദഗതി പോയിട്ട് ഒന്ന് തൊടാൻ പോലും പാർലമെന്റിനു സാധിക്കില്ല.

4. ക്രിസ്ത്യൻ മതത്തിലേതുപോലെ റോമൻ കാത്തോലിക്, ലാറ്റിൻ കാതോലിക്ക്, മലങ്കര എന്നതുപോലെ അയ്യപ്പ ഭക്തന്മാരെ പ്രത്യേക റിലീജിയസ് ഡിനോമിനേഷനായി ഭരണഘടന ഭേദഗതിയിലൂടെ പ്രഖ്യാപിച്ചാലും 10-50 പ്രായ പരിധിയിലുള്ള സ്ത്രീകളെ തടയാനാകില്ല.

5. ഓരോ ഹിന്ദു ആരാധനാ മൂർത്തിയ്ക്കും ഓരോ ഡിനോമിനേഷൻ എന്ന രീതിയിൽ ഭേദഗതിയിലൂടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാളെ ആലപ്പുഴയിലുള്ള മഞ്ച് ചോക്കലേറ്റ് പ്രസാദവും കാണിക്കയുമായുള്ള മഞ്ച് മുരുകനെയും, സ്വിറ്റസർലണ്ടിലെ മഞ്ച് കമ്പനിയെയും പ്രത്യേക മത വിഭാഗമായി പ്രഖ്യാപിക്കേണ്ടി വരും.

6. ഒരു ഭക്ത ജന വിഭാഗം പ്രത്യേക റിലീജിയസ് ഡിനോമിനേഷനാണോ എന്നതും ഒരു ആചാരം എസ്സൻഷ്യൽ റിലീജിയസ് പ്രാക്ടീസാണോ എന്നതും ഭരണ ഘടനയിൽ ഒരു പട്ടികയായി ഉൾക്കൊളളിച്ചിരിക്കുകയല്ല. അത് ജുഡിഷ്യൽ പരിശോധനയിലൂടെയാണ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ശബരിമലയിൽ അയ്യപ്പ ക്ഷേത്രത്തെയും അവിടെ എത്തുന്ന വിശ്വാസികളെയും ഒരുതരത്തിലും പ്രത്യേക മത വിഭാഗമായോ, പ്രത്യേക വിശ്വാസികളയായോ പ്രഖ്യാപിച്ചു ഭരണഘടനയിൽ എഴുതി ചേർക്കാനോ, ഷെഡ്യുളായി പ്രഖ്യാപിക്കാനോ പാർലമെന്റിനു ഭരണഘടന ഭേദഗതിയിലൂടെ സാധിക്കില്ല.

7. എസൻഷ്യൽ റിലീജിയസ് പ്ലാക്ടീസ് (Essential Religious Practices ) അഥവാ അവിഭാജ്യമായ മത ആചാരങ്ങൾ എന്നത് ക്ഷേത്ര പ്രവേശനത്തിനും ആരാധനയ്ക്കുമുള്ള അവകാശത്തിന് കീഴ്പ്പെട്ടേ നിൽക്കൂ എന്നാണ് മദ്രാസ് ക്ഷേത്ര പ്രവേശന കേസിലെ (ശ്രീ വെങ്കട്ടരമണ ദേവരു Vs സ്റ്റേറ്റ് ഓഫ് മൈസൂർ) ഭരണഘടനാ ബഞ്ച് വിധി. ആർട്ടിക്കിൾ 25 (2) (B) നല്കുന്ന പൗരന്റെ മൗലികാവകാശത്തിനു താഴെ മാത്രമേ ആർട്ടിക്കിൾ 26 ( b)യുടെ ഡിനോമിനേഷൻ റൈറ്റ്സ് അഥവാ മത ആചാരങ്ങൾ തീരുമാനിക്കാനും അത് നടപ്പിൽ വരുത്തുവാനുമുള്ള പ്രത്യേക മതങ്ങളുടെ ഡിനോമിനേഷൻ അവകാശം നിലനിൽക്കുകയുള്ളൂ എന്നാണു കോടതി വ്യക്തമാക്കിയിട്ടുള്ളത്.

8. ഒരു പ്രത്യേക മത വിഭാഗത്തിന്റെ ആരാധനയ്ക്കായി നിർമ്മിച്ച ആരാധനാലയങ്ങൾ ആണെങ്കിലും അവിടെ അതേ മതവിഭാഗത്തിലെ എല്ലാവർക്കുമുള്ള മൗലികാവകാശങ്ങൾ അനുവദിച്ചു നൽകിയേ മതിയാകൂ. മൗലികാവകാശങ്ങളായ തുല്യതയ്ക്കും, ആത്മാഭിമാനത്തിനും, സ്വാതന്ത്ര്യത്തിനും താഴെയാണ് ആർട്ടിക്കിൾ 26 ( b)യിലെ ആചാരങ്ങൾ നടപ്പിലാക്കാനും സംരക്ഷിക്കാനുമുള്ള അവകാശം. ഗൗഡസാരസ്വത ബ്രാഹ്മണർ സ്ഥാപിച്ച ഒരു ക്ഷേത്രം അവരുടെ ഡിനോമിനേഷന്റെ എസൻഷ്യൽ പ്രാക്ടീസുകൾക്കു വേണ്ടിയാണ്. എന്നാൽ അവിടെ ആരാധനയ്ക്ക് പ്രവേശിക്കാനും ആരാധിക്കാനുമുള്ള ദളിതരുടെ അവകാശം മൗലികമാണ്. അതിന് ഡിനോമിനേഷനൽ റൈറ്റ്സ് കീഴ്പ്പെടണം എന്നതായിരുന്നു വിധി.

9. ശബരിമല കേസിലെ വിധിയിൽ ഈ കാര്യമാണ് ഭൂരിപക്ഷ ബെഞ്ച് ശക്തമായി പ്രഖ്യാപിക്കുന്നത്. ഭരണഘടന ഭേദഗതികൾ സുപ്രീംകോടതിയുടെ റിവ്യൂ അഥവാ പുനഃപരിശോധനയ്ക്ക് വിധേയമാണ് എന്നതുകൊണ്ട് അത്തരത്തിൽ ഒരു കള്ളക്കളി സാധ്യമല്ല എന്നതാണ് യാഥാർഥ്യം.

10. സുപ്രീംകോടതിയുടെ ശബരിമല കേസിനു മുൻപുള്ള ഭരഘടന വിധികളും അതിനെ ആധാരപ്പെടുത്തിയുള്ള ശബരിമല കേസിലെ വിധിയും മറികടക്കാൻ ബഹു. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്ന ഭരണഘടനാ ഭേദഗതി ഭരഘടനയുടെ അടിസ്ഥാന ശിലയെയും, പാർട്ടി മൂന്നിലെ മൗലികാവകാവകാശങ്ങളെയും മാറ്റിമറിക്കുമെന്നതിനാൽ ഒരു ഉട്ടോപ്പ്യൻ ആശയമായി നിലനിൽക്കുമെന്നതാണ് യാഥാർഥ്യം.

അറിഞ്ഞോ അറിയാതെയോ, ശബരിമല വിധിയെ തുടർന്ന് ഉയർന്നു വരുന്ന സംവാദങ്ങളിൽ ഫാസിസ്റ്റ് ആയങ്ങളെ മുറുകെ പിടിക്കുന്ന സംഘ്പരിവാരും മൃഗീയ ഭൂരിപക്ഷത്തിൽ രാജ്യം ഭരിക്കുന്ന BJP എന്ന പാർട്ടിയും ഉയർത്താത്ത ഏറ്റവും അപകടകരവും പിന്തിരിപ്പനുമായ നിർദേശമാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത് എന്നതാണ് യാഥാർഥ്യം..

എന്നാൽ ഇനി ഭരണഘടനാ ഭേദഗതി വേണ്ട ഓർഡിനൻസ് ആയാൽ പ്രശ്നമില്ലല്ലോ എന്നാണ് ചോദ്യമെങ്കിൽ അതുകൂടി നോക്കാം..

എന്താണ് #ഓർഡിനൻസ് അറിയേണ്ടതെല്ലാം

1. നിയമനിർമ്മാണ സഭയ്കുപകരം (പാർലമെന്റ് /നിയമസഭ) യുടെ കാര്യനിർവ്വഹണ (എക്സിക്കുട്ടീവ്) വിഭാഗം അഥവാ ഗവൺമെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ ഓർഡിനൻസ് എന്ന് പറയുന്നു.

ഓർഡിനൻസ് എന്നാൽ നിയമനിർമ്മാണ സഭകൾ പാസാക്കുന്ന നിയമത്തിനു തുല്യമാണ്, ഇവ നിർമ്മിക്കാനുള്ള ധിക്കാരവും നിയമനിർമ്മാണ സംഭയുടേതിന് തുല്യമാണ് ടി വെങ്കിട്ട റെഡ്ഢി Vs. സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസിൽ സുപ്രീം കോടതി പറയുന്നു.

എപ്പോഴാണ് ഒരു ഓർഡിനൻസ് കൊണ്ടുവരിക ?

നിയമ സഭ സമ്മേളനങ്ങൾ നടക്കാത്ത സമയങ്ങളിൽ അടിയന്തരമായി നിയമ നിർമ്മാണങ്ങൾ ആവശ്യമായി വരുമ്പോൾ സംസ്ഥാനങ്ങൾക്ക് വേണ്ടി ഭരണഘടനയുടെ 213 അനുച്ഛേദമനുസരിച്ച് സംസ്ഥാന ഗവർണ്ണർക്ക് നിയമം നിർമ്മിക്കാം.

പാർലമെന്റ് സമ്മേളനങ്ങൾ നടക്കാത്ത സമയങ്ങളിൽ അടിയന്തരമായി നിയമ നിർമ്മാണങ്ങൾ ആവശ്യമായി വരുമ്പോൾ രാജ്യത്തിന് വേണ്ടി ഭരണഘടനയുടെ 123 അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്ക് നിയമം നിർമ്മിക്കാം.

അതായത് അത്യാവശ്യഘട്ടങ്ങളിൽ നിയമനിർമ്മാണം നടത്താൻ എക്സിക്കുട്ടീവിനുള്ള അധികാരമാണ് ഓർഡിനൻസ്.

ഒരിക്കൽ പാസാക്കിയാൽ അത് പിന്നീട് നിയമമാണോ ?

അതെ. ഓർഡിനൻസിൽ പ്രസിഡന്റോ, ഗവർണ്ണറോ ഒപ്പു വെക്കുന്ന ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതാണ്. എന്നാൽ ഓർഡിനൻസ് പാസ്സാക്കിയശേഷം വരുന്ന നിയമ സഭയുടെയോ, പാർലമെന്റിന്റെയോ ആദ്യ സമ്മേളനത്തിലെ ആദ്യ ആറാഴ്ചകൾക്കുള്ളിൽ ഈ ഓർഡിനൻസ് നിയമസഭയ്ക്ക് മുൻപാകെ പാസാക്കി എടുക്കേണ്ടതാണ്.

പാസായില്ലെങ്കിൽ ഓർഡിനൻസിന് എന്ത് സംഭവിക്കും ?

ആദ്യ സമ്മേളനത്തിൽ പാസാകാത്ത ഓർഡിനൻസുകൾ സമ്മേളന ശേഷം വീണ്ടും പ്രഖ്യാപിച്ച് നിയമമായി നിലനിർത്താറുണ്ട്.

അങ്ങനെയെങ്കിൽ ഇപ്പോഴും ഇങ്ങനെ ആവർത്തിച്ച് പ്രഖ്യാപിച്ചാൽ മതിയല്ലോ പാസാകാതെ തന്നെ നിയമമായി മുന്നോട്ട് കൊണ്ടുപോകാമല്ലോ ?

അതെ .യഥാർത്ഥത്തിൽ അടിയന്തര സഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ഈ ഭരഘടന അധികാരം ഉപയോഗിച്ച് കേഡൻറാവും, നിയമസഭകളും ഓർഡിനൻസുകൾ പാസാക്കാതെ വീണ്ടും വിളംബരം ചെയ്യാറുണ്ട്. ഈ പ്രവണതകളെ സുപ്രീം കോടതി അതിന്റെ വിവിധ സുപ്രധാന വിധികളിലൂടെ ശക്താമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്. ഭരഘടനപരമായ വഞ്ചന എന്നാണ് ഈ പ്രവണതയെ കോടതി വിവിധ കേസുകളിൽ വിശേഷിപ്പിച്ചിട്ടുള്ളത്.

1952 മുതൽ 2014 വരെ ഇത്തരത്തിൽ ഏകദേശം 637 ഓർഡിനൻസുകൾ കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ പല നിയമങ്ങളും ഓർഡിനൻസിന് ശേഷമുള്ള ആദ്യ സമ്മേളനത്തിൽ പാസാകാത്തതിനെ തുടർന്ന് റദ്ധാക്കപ്പെട്ടിട്ടുണ്ട്.

1967 മുതൽ 1981 വരെ ഏകദേശം 256 ഓർഡിനൻസുകൾ ബീഹാർ ഗവൺമെന്റ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിൽ 189 എണ്ണം മാത്രമാണ് പാസായിട്ടുള്ളത്. ഇത് ഭരഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും എക്സിക്കുട്ടീവിന്റെ ഭരണഘടനാ വഞ്ചനയാണെന്നും സുപ്രീംകോടതി വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

wc വാധ്വ കേസിലും, പി വജ്രവേലു മൂതലിയാർ കേസിലും അങ്ങേയറ്റം അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഓർഡിനൻസ് നിർമിക്കാൻ പാടുള്ളൂ എന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്. മറിച്ചുള്ള ഓർഡിനൻസുകൾ അധികാര ദുർവിനിയോഗമാണെന്നും കോടതി പറയുന്നു

എത്രപ്രാവശ്യം ഓർഡിനൻസുകൾ സഭകളിൽ പാസാക്കാതെ മുന്നോട്ട് കൊണ്ടുപോകാം ?

മൂന്നു പ്രാവശ്യം ഓർഡിനൻസുകൾ പാസാക്കാതെ വീണ്ടും പ്രഖ്യാപിച്ച്‌ മുന്നോട്ട് കൊണ്ടുപോകാം

പ്രസിഡന്റിനും , ഗവർണ്ണക്കുമുള്ള സംസ്ഥാന കേന്ദ്ര ക്യാബിനറ്റിന്റെ ഉപദേശ പ്രകാരം ഓർഡിനൻസ് പുറപ്പെടുവിക്കാം.

ഓർഡിനൻസുകൾ ജുഡീഷ്യൽ റിവ്യൂ ബാധകമാണോ ?

തീർച്ചയായും, കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിക്കുന്ന ഓർഡിനൻസുകളുടെ ഭരഘടന സാധുതകൾ കോടതികൾക്ക് പരിശോധികം ഭരണഘടനാ ലംഘനം കണ്ടെത്തിയാൽ ഓർഡിനൻസ് റദ്ദാക്കി ഉത്തരവിറക്കാനും കോടതികൾക്ക് അധികാരമുണ്ട്.

മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ ശബരിമല വിഷയത്തിലെ ഓർഡിനൻസ് എന്ന ആവശ്യത്തെ നോക്കികാണുമ്പോൾ ഉരുത്തിരിയുന്ന വസ്തുതകൾ ഇങ്ങനെയാണ് ..

ഭരണഘടന പൗരന് നൽകുന്ന മൗലിക അവകാശങ്ങൾ ലംഗിച്ചുകൊണ്ട് സംസ്ഥാനത്തിനോ കേന്ദ്രത്തിനോ ഓർഡിനൻസ് ഇറക്കാൻ സാധിക്കില്ല.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിധിയിൽ പാർട്ട് മൂന്നിലെ മൗലികാവകാശനങ്ങളുടെ ലംഘനങ്ങൾ കണ്ടത്തി റദ്ധാക്കിയ സ്ത്രീ പ്രവേശനം നിരോധിക്കുന്ന കേരള നിയമത്തിലെ വകുപ്പ് മറ്റൊരു രീതിയിലും ഓർഡിനൻസായി കൊണ്ടുവരുവാൻ സാധിക്കില്ല.

അത്തരത്തിൽ ഒരു ഭരണഘടന വിരുദ്ധ ഓർഡിനൻസ് കൊണ്ടുവന്നാൽ കൊണ്ടുവരുന്ന സംസ്ഥാനത്തിനോ, കേന്ദ്ര സർക്കാരിനോ കോടതിയുടെ അതിശക്തമായ ശകാരം ഉണ്ടാകുകയും, ഓർഡിനൻസ് റദ്ധാക്കപ്പെടുകയും കോടതി അലക്ഷ്യത്തിനു ഉൾപ്പെടെ എക്സിക്കുട്ടീവിനെ വിളിച്ചുവരുത്താനുള്ള അധികാരവും കോടതികൾക്കുണ്ട്. ഇത്തരത്തിൽ കോടതി പരാമർശങ്ങളുടെ പേരിൽ ഗവൺമെന്റുകൾ രാജിവെച്ച ചരിത്രതം കേന്ദ്രത്തിലും, കേരളത്തിലും ഉള്ളതിനാൽ സുപ്രീം കോടതിയെ വെല്ലുവിളിച്ചു കേന്ദ്രമോ കേരളമോ ഈ വിഷയത്തിൽ നിയമ നിർമ്മാണമോ ഓർഡിനൻസോ കൊണ്ടുവരില്ല എന്ന് നിസംശയം പറയാം.

ഇനി അഥവാ ഭരഘടന വിരുദ്ധമായി അത്തരമൊരു ഓർഡിനൻസ് കൊണ്ടുവരികയും ഗവർണ്ണറോ, രാഷ്ട്രപതിയെ അത് അംഗീകരിക്കുകയും ചെയ്താലും ദിവസങ്ങൾക്കുള്ളിൽ അതിന്റെ ഭരണഘടന പരിശോധന കോടതി നടത്തുകയും റദ്ദാക്കുകയുംക്കുകയും സ്ത്രീ പ്രവേശനം സാധ്യമാകും വിധം ഭരണഘടന ബെഞ്ചിന്റെ വിധി നിലവിൽ വരികയും ചെയ്യും.

കേവലം ഭാഗികമായൊരു വിഭാഗത്തിന്റെ വോട്ടുബാങ്കിനു വേണ്ടി രാഷ്ട്രീയ പാർട്ടികളും, ഗവണ്മെന്റുകളും ഇത്തരത്തിൽ ഒരു ആത്മഹത്യാ തീരുമാനത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ ഒരു സാധാരണക്കാരനുപോലും സാധിക്കില്ല.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.