Thu. Mar 28th, 2024

കൊച്ചി സെന്‍ട്രല്‍ സിഐ വി എസ് നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കാണാതായ നവാസിന്റെ ഭാര്യ പറഞ്ഞു. മേലുദ്യാഗസ്ഥനെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നാവസിന്റെ മേലുദ്യോഗസ്ഥന്‍ എസിപി പി.എസ്. സുരേഷ് കുമാര്‍ വയര്‍ലസിലൂടെ അധിക്ഷേപിച്ചെന്നും ഇക്കാര്യം അദ്ദേഹം തന്നോട് പറഞ്ഞതായും ചൂണ്ടിക്കാണിച്ചാണ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നവാസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പങ്കുവെയ്ക്കുന്നില്ലെന്നും പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സി.ഐയുടെ ഭാര്യ ആരോപിച്ചു. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം നവാസിനായി തെക്കന്‍ കേരളത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.

സിഐ നവാസ് അവസാനം അയച്ച വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയാണെന്നുമാണ് ബന്ധുവിനയച്ച വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നത്. ബന്ധുവിന്റെ അമ്മയെ ക്വാര്‍ട്ടേഴ്‌സിലേക്ക് അയക്കണമെന്നും സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നു.

ഇന്നലെ കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദമായ അന്വേഷണം നടത്തിയിരുന്നു.

കായംകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നവാസ് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധിക്കുന്നില്ല.

പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ സിഐ നവാസിനെ കാണാതായത്.