Thu. Mar 28th, 2024

നിങ്ങള്‍ക്ക് കളിക്കാനുള്ള പാവയല്ല ബംഗാളെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്നും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കവെ അമിത്ഷായ്ക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മമത. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ തകര്‍ക്കപ്പെട്ട പ്രതിമയുടെ സ്ഥാനത്താണ് പുതിയത് സ്ഥാപിച്ചത്.

34 വര്‍ഷം നീണ്ട ഇടതു ഭരണത്തിനു ശേഷമാണ് താന്‍ അധികാരത്തിലേറിയത്. എന്നാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളായ കാറല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയുമൊന്നും പ്രതിമകള്‍ തന്റെ ഭരണത്തില്‍ തകര്‍ത്തിട്ടില്ല. ബി ജെ പിയാണ് പ്രതിമ തകര്‍ത്തത് എന്നത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും സര്‍ക്കാറിന്റെ കൈയിലുണ്ട്. പില്‍ക്കാലത്ത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി മാറിയ ഒരാള്‍ അന്ന് നേതൃത്വം നല്‍കിയ റാലിയില്‍ എന്തുകൊണ്ടിത് സംഭവിച്ചു എന്നതാണ് ആശ്ചര്യകരം. മമത പറഞ്ഞു.

താന്‍ മുസ്‌ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്നും വിദ്യാസാഗറിന്റെ പഴയ പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നുമുള്ള ബി ജെ പി ആരോപണത്തോട് മമത ഇങ്ങനെ പ്രതികരിച്ചു. എല്ലാം മതസ്ഥരെയും ഒരുപോലെ കണ്ടാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. എന്നിട്ടും എന്നില്‍ മുസ്‌ലിം പ്രീണനം ആരോപിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് എന്തടിസ്ഥാനത്തിലാണ് അവര്‍ ആരോപിക്കുന്നത്. ടി എം സി പ്രവര്‍ത്തകരാണ് അതു ചെയ്തതെങ്കില്‍ അവര്‍ക്കെതിരെ ഞാന്‍ നടപടി സ്വീകരിക്കുമായിരുന്നു.

സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയും മമത പൊട്ടിത്തെറിച്ചു. ‘പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. പത്തുപേരാണ് രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ എട്ടുപേരും തൃണമൂല്‍ പ്രവര്‍ത്തകരാണ്.’- മമത വ്യക്തമാക്കി.