Fri. Mar 29th, 2024

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റിയ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണ സര്‍ക്കാര്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. എത്രസമയം കൊണ്ട് തടയണ പൊളിക്കാമെന്ന് വെള്ളിയാഴ്ച കലക്ടര്‍ അറിയിക്കണം.

കേസ് പരിഗണിക്കവെ തടയണ പൊളിച്ചു മാറ്റണമെന്ന മുന്‍ ഉത്തരവ് നടപ്പായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദേശം .തടയണ പൊളിച്ചു നീക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നേരത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയണ പൊളിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നും ഉത്തരവ് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിനോട് തടയണ പൊളിച്ചു നീക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത് .

വരുന്ന മഴയ്ക്കു മുമ്പു തടയണ പൊളിച്ചു നീക്കണമെന്നായിരുന്നു സർക്കാർ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ നിർദേശം. തടയണയുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പ്രകൃതിക്കും തടയണ ഭീഷണിയാണെന്നു പരിശോധന നടത്തിയ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ജലസേചന എക്സിക്യുട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയാണു പഠനം നടത്തിയത്.

ചീങ്കണ്ണിപ്പാലയിൽ പി.വി.അൻവർ കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്കു കുടിവെള്ളമാകേണ്ട, കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയിട്ടുള്ളത്. ഇതു പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കലക്ടർ ടി.ഭാസ്‌കരൻ ഉത്തരവിട്ടിരുന്നു. പി.വി. അൻവർ പിന്നീടു തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു.

വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കാൻ 2017 ഡിസംബർ 8ന് മലപ്പുറം കലക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണു കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നതു താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

തുടർന്ന് കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എം.പി.വിനോദ് ഹൈക്കോടതിയെ സമീപിച്ചു കേസിൽ കക്ഷിചേരുകയായിരുന്നു.