Wed. Apr 17th, 2024

ലോക‌്സഭ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി ഉണ്ടായെങ്കിലും വർഗപരമായ പോരാട്ടങ്ങളും ബഹുജനപ്ര‌ക്ഷേ‌ാഭങ്ങളും വഴി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വലതുപക്ഷ കടന്നാക്രമണത്തിനെതിരെ രാജ്യത്ത‌് ഇടതു ബദൽപ്രസ്ഥാനം കെട്ടിപ്പടുക്കും. സിപിഐ എമ്മിന്റെ ജനകീയ അടിത്തറ വിപുലീകരിച്ച‌് ശക്തമായ വിപ്ലവപാർടിയായി മുന്നോട്ടുപോകാനും മൂന്ന‌് ദിവസം ഡൽഹിയിൽ ചേർന്ന പാർടി കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചുവെന്ന‌് സീതാറാം യെച്ചൂരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അഞ്ചുവർഷമായി നടത്തിവന്ന വലതുപക്ഷ കടന്നാക്രമണമാണ‌് ബിജെപിക്ക‌് നിർണായകമായ വിജയം നേടിക്കൊടുത്തത‌്. പുൽവാമ, ബാലാക്കോട്ട‌് സംഭവങ്ങൾക്കുശേഷം ജീവിതപ്രശ‌്നങ്ങളിൽനിന്ന‌് ജനശ്രദ്ധ തിരിച്ചുവിടാനും ബിജെപിക്ക‌് കഴിഞ്ഞു. കെട്ടിച്ചമച്ച മോഡി വ്യക്തിപ്രഭാവത്തിന്റെ അകമ്പടിയിൽ, വർഗീയതയിലും ദേശീയതയിലും അധിഷ‌്ഠിതമായ യുദ്ധവെറിയുടെ അന്തരീക്ഷം സൃഷ്ടിച്ചു. അഭൂതപൂർവമായ പണക്കൊഴുപ്പ‌് പ്രചാരണത്തിൽ പ്രകടമായി. ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക‌് വൻതോതിൽ പണം ലഭിച്ചു. തെരഞ്ഞെടുപ്പ‌് കമീഷനും ബിജെപിയുടെ വിജയത്തിൽ പങ്കുണ്ട‌്.

തമിഴ‌്നാടും ആന്ധ്രപ്രദേശും പോലുള്ള ചില സംസ്ഥാനങ്ങളിൽ ഒഴികെ പ്രതിപക്ഷകക്ഷികൾക്ക‌് കനത്ത പരാജയമുണ്ടായി. തെരഞ്ഞെടുപ്പിനു മുമ്പേ മതനിരപേക്ഷ കക്ഷികളുടെ ഐക്യം സ്ഥാപിച്ചെടുക്കുന്നതിൽ പ്രതിപക്ഷം, പ്രത്യേകിച്ച‌് കോൺഗ്രസ‌് പരാജയപ്പെട്ടു. വർഗീയതയുടെ കടന്നാക്രമണത്തിൽനിന്ന‌് മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള പ്രചാരണവും പ്രവർത്തനവും ഉണ്ടായില്ല. തീവ്രഹിന്ദുത്വത്തിനുള്ള മറുപടി മൃദുഹിന്ദുത്വമല്ല. ഹിന്ദുത്വപ്രചാരണത്തിനെതിരെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച‌് നിർബന്ധമായും നടത്തേണ്ടിയിരുന്ന ആശയപോരാട്ടം നടത്തിയില്ല.

കേരളം, പശ‌്ചിമബംഗാൾ, ത്രിപുര തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും തിരിച്ചടി നേരിട്ടു. ഭീകരതയുടെയും അതിക്രമങ്ങളുടെയും അന്തരീക്ഷത്തിലാണ‌് ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പ‌് നടന്നത‌്. ഇത്തരം ആക്രമണങ്ങളിൽ ബംഗാളിൽ അഞ്ച‌് സിപിഐ എം പ്രവർത്തകർക്കും ത്രിപുരയിൽ ഒരു പ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു. ത്രിപുരയിൽ രണ്ട‌് ലോക‌്സഭ മണ്ഡലങ്ങളിലും വൻതോതിൽ ക്രമക്കേടുകളുണ്ടായി. ഈ രണ്ട‌് സംസ്ഥാനത്തും പരമ്പരാഗത വോട്ടുകളിൽ സംഭവിച്ച ചോർച്ചയെക്കുറിച്ച‌് പാർടി കമ്മിറ്റികൾ വസ‌്തുനിഷ‌്ഠമായ വിലയിരുത്തൽ നടത്തിവരികയാണ‌്. പാർടിയിൽ നിന്നും അകന്നുപോയവരെ തിരികെകൊണ്ടുവരാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കും.

കേന്ദ്രത്തിൽ മതനിരപേക്ഷ ബദൽ സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലാണ‌് കോൺഗ്രസെന്ന‌് കേരളത്തിലെ വോട്ടർമാർ ധരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ മതനിരപേക്ഷ വിശ്വാസികളിലും ന്യനപക്ഷങ്ങളിലുംപെട്ട പലവിഭാഗങ്ങളും കോൺഗ്രസിനു വോട്ട‌് നൽകുകയും ചെയ‌്തു. ശബരിമല കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യസ്ഥമായ എൽഡിഎഫ‌് സർക്കാർ ശരിയായ നിലപാട‌് സ്വീകരിച്ചപ്പോൾ അതുപയോഗിച്ച‌് യുഡിഎഫും ബിജെപിയും വിശ്വാസികളിൽ ഒരുവിഭാഗത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു. ഈ വിഭാഗങ്ങളെ മടക്കിക്കൊണ്ടുവരാൻ പാർടി എല്ലാ രീതിയിലും ശ്രമിക്കും.

ഈ മൂന്ന‌് സംസ്ഥാനങ്ങളിലെയും സംസ്ഥാനകമ്മിറ്റികൾ മുന്നോട്ടുവച്ച പ്രാഥമിക അവലോകനം കേന്ദ്രകമ്മിറ്റി ചർച്ചചെയ‌്തു. ബൂത്തുതലത്തിലുള്ള അവലോകനം നടന്നുവരികയാണ‌്. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ അന്തിമ വിശകലനത്തിൽ എത്തിച്ചേരും. പാർടിയുടെ സ്വതന്ത്രമായ കരുത്തും രാഷ്ട്രീയ ഇടപെടൽ ശേഷിയും വീണ്ടെടുക്കാനുള്ള സംഘടനാപരവും രാഷ്ട്രീയവുമായ തിരുത്തൽ നടപടികൾ ഉടൻ സ്വീകരിക്കും യെച്ചൂരി പറഞ്ഞു.