Fri. Mar 29th, 2024

ഏതാണ്ട് ആയിരം കൊല്ലത്തിലധികം കാലം നമ്മുടെ സമൂഹത്തെയും സാംസ്ക്കാരത്തെയും സ്വാധീനിച്ചിരുന്നത് ബുദ്ധമതമാണെന്നത് ഒരു ചരിത്ര സത്യമാണ്. B C – മൂന്നാം നൂറ്റാണ്ടിൽ അശോകന്റെ കാലത്തുതന്നെ ബുദ്ധമതം കേരളത്തിൽ കടന്നു വന്നു. ബുദ്ധഭിക്ഷുക്കളുടെ പ്രവർത്തനത്തെക്കുറിച്ച് സംഘ കൃതികൾ വേണ്ടുവോളം തെളിവു നൽകുന്നുണ്ട്.മണിമേഖല ഒരു ബൗദ്ധകൃതിയാണ്. ഇന്നത്തെ പല ഹിന്ദു ക്ഷേത്രങ്ങളും ഒരു കാലത്ത് ബുദ്ധദേവാലയങ്ങളായിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്രം കഴക്കൂട്ടത്തിനടുത്തുള്ള ശിവക്ഷേത്രത്തെയും ഇക്കൂട്ടത്തിൽ പെടുത്താറുണ്ട്. കിളിരൂർ, കുട്ടംപേരൂർ, കൊടുംങ്ങല്ലൂർ, തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങൾ ഒരു കാലത്ത് ബൗദ്ധദേവാലയങ്ങളായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

കേരളത്തിലെ പ്രധാന ബുദ്ധക്ഷേത്രങ്ങൾ പലതും സ്ഥിതി ചെയ്യുന്നത് ഇന്നത്തെ കൊല്ലം ആലപ്പുഴ ജില്ലകളിലാണ്. ആ പ്രദേശങ്ങളിൽ നിന്നു ലഭിച്ചിട്ടുള്ള ബുദ്ധമത ബിംബങ്ങളും ഇതര ബുദ്ധമതാവശിഷ്ടങ്ങളും ആ വസ്തുത വ്യക്തമാക്കുന്നു. അമ്പലപ്പുഴ കരുമാടികുട്ടൻ പ്രസിദ്ധമായ ബുദ്ധവിഗ്രഹമാണ്.കൂടാതെ മാവേലിക്കര, ഭരണിക്കാവ്, പള്ളിക്കൽ, മരുതൂർ കുളങ്ങര, എന്നിവിടങ്ങളിൽ നിന്നും ശിലാ നിർമ്മിതമായ ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെങ്ങും പ്രസിദ്ധിനേടിയിരുന്ന “ശ്രീമൂലവാസം’ എന്ന ബുദ്ധ തീർത്ഥാടന കേന്ദ്രം ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴയ്ക്കും തൃക്കുന്ന പുഴയ്ക്കും ഇടയ്ക്കാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു . (കേരള സംസ്കാരം -എ. ശ്രീധരമേനോൻ)


ബുദ്ധമതത്തിന്റെ അധ:പതനം തുടങ്ങുന്നത് A.D. എട്ടാം നൂറ്റാണ്ടോടു കൂടിതന്നെ കേരളത്തിന്റെ സാമൂഹിക ജീവിതം നമ്പൂതിരിമാരുടെ കൈപ്പിടിക്കുള്ളിൽ ഒതുങ്ങിത്തുടങ്ങുന്നകാലമാണ് അത്. പത്രണ്ടാം നൂറ്റാണ്ടാകുമ്പോഴേക്കും നമ്പൂതിരിമാരുടെ പ്രഭാവം ഉച്ചകോടിയിലെത്തി. അതോടെ ബുദ്ധമതത്തിന്റെക്ഷയവുംഅനിവാര്യമായിത്തീർന്നു. എന്നാൽ കേരള സംസ്കാരത്തിൽ ശാശ്വതമായ ചില മുദ്രകൾ അവശേഷിപ്പിക്കുന്നതിന് ബുദ്ധമതത്തിന് കഴിഞ്ഞിട്ടുണ്ട്. ബുദ്ധമതത്തോടു ബന്ധപ്പെട്ട പല ആരാധനാ സമ്പ്രദായങ്ങളും ഉത്സവങ്ങളും ഹിന്ദുമതം സ്വീകരിച്ചു. ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും ശബരിമലയിലെ ശാസ്താ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരമാണ് മുന്നിട്ടു നിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. (കേരള ചരിത്രം എ. ശ്രീധരമേനോൻ) കേരളത്തിൽ പരക്കെ പ്രചാരത്തിലുള്ള നാഗാരാധന ബുദ്ധമതത്തിന്റെ സംഭാവനയാണത്രേ കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട ഉത്സവങ്ങൾ, എഴുന്നളളിപ്പുകൾ, വിഗ്രഹങ്ങൾ, തുടങ്ങിയ പലതും ബുദ്ധമതത്തെ അനുകരിച്ച് രൂപപ്പെട്ടവയാണ്.

വൈദ്യശാസ്ത്രത്തിനും ബുദ്ധമതം സാരമായ സംഭാവന നൽകി. അഷ്ടാംഗഹൃദയം രചിച്ച വാഗ്ഭടൻ ബുദ്ധമതാനുയായി ആയിരുന്നു. കേരളത്തിൽ വളരെയധികം പ്രചാരം നേടിയിട്ടുള്ള അമരകോശത്തിന്റെ കർത്താവ് അമര സിംഹനും ബുദ്ധമതാനുയായിയാണ്. മലയാള ഭാഷയിൽ കടന്നു കൂടിയിട്ടുള്ള ‘പാലി ‘ പദങ്ങൾ കേരളവും ബുദ്ധമതവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. കേരള ക്ഷേത്രങ്ങളുടെ വാസ്തുശില്പത്തിൽ ബുദ്ധ സ്വാധീനത പ്രകടമാണ്. മലയാള സാഹിത്യത്തിൽ ആധുനിക കാലത്തുപോലും ബുദ്ധമതം ചെലുത്തുന്ന സ്വാധീനതയ്ക്കു തെളിവാണല്ലോ മഹാകവി കുമാരനാശാന്റെ കരുണ, ചണ്ഡാലഭിക്ഷുകി, ബുദ്ധചരിതം, തുടങ്ങിയ കൃതികൾ !


ഇന്ന് കേരളമെമ്പാടും വിപുലമായ ബുദ്ധപൂർണ്ണിമ ആഘോഷങ്ങൾ

കേരള മഹാബോധി മിഷൻറെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലും ഇത്തവണ ബുദ്ധപൂർണ്ണിമ വിപുലമായി തന്നെ ഇന്ന്  ആഘോഷിക്കുകയാണ്.  ബുദ്ധന്റെ ജനനം, ബോധോദയം, മഹാപരിനിബ്ബാനം എന്നിവ ഒത്തുവരുന്ന ദിവസമാണ് ബുദ്ധപൂർണ്ണിമ.
വൈശാഖമാസത്തിലെ പൗർണ്ണമി ദിവസത്തിലാണ്  ബുദ്ധന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം നടന്നിട്ടുള്ളത്.

തിരുവനന്തപുരം വെങ്ങോട് ബുദ്ധഭൂമിയിൽ
…………………………………..
തിരുവനന്തപൂരം വെങ്ങാനൂരിലെ ബുദ്ധഭൂമിയിൽ ബുദ്ധക്ഷേത്ര സംഗീതയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മെഡിക്കൽക്യാമ്പ്, ധമ്മപ്രഭാഷണം, വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ആലപ്പുഴ കരുമാടിയിൽ
…………………………….
ആലപ്പുഴ കരുമാടി ബുദ്ധ പഗോഡക്കു മുന്നിൽ ബുദ്ധിസ്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം.

പാലക്കാട് ധമ്മബോധി ഹാളിലും, കാക്കയൂർ ബുദ്ധക്ഷേത്രത്തിലും ആഘോഷം
…………………………………..
കേരള മഹാബോധി മിഷന്റെ ആഭിമുഖ്യത്തിൽ “ബുദ്ധനും സമാധാനവും ” എന്ന വിഷയത്തിൽ പ്രബന്ധ, പ്രസംഗ, ചിത്രകല മൽസരവും, ബുദ്ധഭിക്ഷുക്കൾ ധമ്മാചാരിമാർ പങ്കെടുക്കുന്ന ധമ്മപ്രഭാഷണവും, ശാന്തിയാത്രയും വൈകിട്ട് 6 മണിക്ക് കൊടുവായൂർ കാക്കയൂർ ബുദ്ധക്ഷേത്രത്തിൽ ധമ്മപ്രഭാഷണം ഉൾപടെയുള്ള
ചടങ്ങുകളും നടക്കും.

ഇതുകൂടാതെ വിവിധ ബൗദ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ കൊല്ലം, പത്തനംതിട്ട, ശിവഗിരി, ആലപ്പുഴ കോഴിക്കോട്, പറവൂർ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലും ബുദ്ധപൂർണ്ണിമ ആഘോഷ പരിപാടികൾ നടക്കും.