Wednesday, December 6, 2023

Latest Posts

ഏപ്രിൽ 19: പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്, ചാൾസ് ഡാർവിന്റെ ചരമവാര്‍ഷിക ദിനം ഇന്ന്

✍️  സുരേഷ്. സി ആർ

ചരിത്രത്തിലെ ഏറ്റവും വലിയ സത്യാന്വേഷികളിലൊരാളായി മാറിയ ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനാണ് ചാൾസ് ഡാർവിൻ.

പരിണാമസിദ്ധാന്തത്തിലൂടെ ഡാർവിൻ മനുഷ്യന്റെ ധാരണകളെ ഇളക്കിമറിച്ചു. മതങ്ങളുടെ ജ്ഞാന മേൽക്കോയ്മ ഇല്ലാതാക്കി. ഏകകോശമായ ഒരു സൂക്ഷ്മാണുവിൽനിന്ന് പരിണമിച്ചുണ്ടായതാണ് ഇക്കാണായ ജീവജാതികളെല്ലാമെന്ന് അദ്ദേഹം പറഞ്ഞു. ഇരുകാലിലുയർന്നു നിന്ന ഏതോ ആദിമ പൂർവികനിൽ നിന്ന് വഴിപിരിഞ്ഞവരാണ് കുരങ്ങുകളും മനുഷ്യനുമെന്നും ഡാർവിൻ പറഞ്ഞു. കുരങ്ങിൽ നിന്ന് പരിണമിച്ചതാണ് മനുഷ്യനെന്ന് ഡാർവിൻ പറഞ്ഞതായി മതപുരോഹിതരും എതിരാളികളും പ്രചരിപ്പിച്ചു, ഡാർവിൻ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും. വിജയം ഡാർവിനായിരുന്നു. അങ്ങനെ ആധുനിക ലോകത്തിന്റെ ശില്പികളിലൊരാളായി അദ്ദേഹം മാറി.

1859 ൽ ഡാർവിന്റെ ‘ജീവി വർഗങ്ങളുടെ ഉല്പത്തി’ യുടെ പ്രസിദ്ധീകരണത്തോടെ പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു.



ജീവിവര്‍ഗ്ഗങ്ങളെല്ലാം പൊതുപൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതിനി ര്‍ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത പ്രകൃതിശാസ്ത്രജ്ഞനാണ് ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12, 1809 ഏപ്രില്‍ 19, 1882). അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമാണിന്ന്. ജീവി വര്‍ഗ്ഗങ്ങള്‍ പരിണാമ വിധേയമാണെന്ന വസ്തുത ഡാര്‍വിന്റെ ജീവിത കാലത്തുതന്നെ ശാസ്ത്രസ മൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930കളോടെ സ്വീകരിക്കപ്പെട്ട ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണവാദം, ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്.

ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാര്‍വിന്റെ കണ്ടുപിടുത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹന്‍ഡ്രഡ് എന്ന പേരില്‍ മൈക്കിള്‍ ഹാര്‍ട്ട് 1978ല്‍ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയില്‍ 16ആം സ്ഥാനം ഡാര്‍വിനാണ്.

പ്രകൃതിചരിത്രത്തില്‍ ഡാര്‍വിന് താത്പര്യം ജനിച്ചത് എഡിന്‍ബറോ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജില്‍ ദൈവശാസ്ത്രവും പഠിക്കുമ്ബോഴാണ്. ബീഗിള്‍ എന്ന കപ്പലിലെ അഞ്ചുവര്‍ഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാര്‍വിന്റെ പ്രാഗല്ഭ്യം തെളിയിച്ചു.



പ്രകൃതിപ്രക്രിയകള്‍ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വര്‍ത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാള്‍സ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാര്‍വിന്റെ കണ്ടുപിടിത്തങ്ങള്‍.

ബീഗിളിലെ യാത്രക്കിടെ എഴുതിയ കുറിപ്പുകളുടെ പ്രസിദ്ധീകരണം ഡാര്‍വിനെ ഒരെഴുത്തുകാരനെന്ന നിലയില്‍ ജനസമ്മതനാക്കി. ദീര്‍ഘമായ ഈ യാത്രയില്‍ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ജീവാശ്മങ്ങളുടേയും(fossils) ഭൂമിശാസ്ത്രപരമായ വിതരണം(geographic distribution) ഉണര്‍ത്തിയ കൗതുകം, ജീവജാലങ്ങളുടെ വര്‍ഗപരിവര്‍ത്തനത്തെക്കുറിച്ചന്വേഷിക്കാന്‍ ഡാര്‍വിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിര്‍ദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്.

1859ല്‍, ഡാര്‍വിന്റെ ജീവിവര്‍ഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തില്‍ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിര്‍ദ്ധാരണവും എന്ന കൃതിയില്‍ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങള്‍ എന്ന കൃതിയാണ് തുടര്‍ന്നു പ്രസിദ്ധീകരിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രജ്ഞന്മാരില്‍ ഔദ്യോഗികശവസംസ്‌കാരം നല്‍കി ബഹുമാനിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളായിരുന്നു ഡാര്‍വിന്‍ എന്നത് അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.