Fri. Mar 29th, 2024

✍️  സി. ആർ.സുരേഷ്

”ഈ ലോകത്ത് എല്ലാവരും ജീനിയസ്സുകളാണ്. പക്ഷേ, ഒരു മത്സ്യത്തെ അതിന്റെ മരം കയറാനുള്ള കഴിവ് വെച്ച് നമ്മൾ വിലയിരുത്താൻ തുനിഞ്ഞാൽ, പിന്നെ അത് ആയുഷ്കാലം ഒരു വിഡ്ഢിയുടെ ജീവിതമായിരിക്കും കഴിച്ചുകൂട്ടുക…”

ജീവിച്ചിരിക്കെത്തന്നെ ഇതിഹാസമായി മാറിയ ശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആപേക്ഷികതാസിദ്ധാന്തത്തിലൂടെ പുതിയൊരു പ്രപഞ്ച വീക്ഷണത്തിന് വഴിയൊരുക്കിയ പ്രതിഭയുടെ പര്യായമാണ് ആൽബർട്ട് ഐൻസ്റ്റൈൻ. ആദ്യകാലത്ത് ഭൗതികശാസ്ത്രജ്ഞർക്കുതന്നെ മനസ്സിലാക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്രലോകം ഇപ്പോഴും അപഗ്രഥിച്ചു തീർന്നിട്ടില്ല.

പാറിപ്പറക്കുന്ന ചീകിയൊതുക്കാത്ത മുടിയും ഇസ്തിരി വടിവില്ലാത്ത വസ്ത്രങ്ങളുമായി ലളിതജീവിതം നയിച്ച ഐൻസ്റ്റൈന്റെ നിയോഗം ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റുകയെന്നതായിരുന്നു. സ്കൂളിൽ പോകാതെ അലഞ്ഞുതിരിഞ്ഞു നടക്കാനിഷ്ടപ്പെട്ട ശരാശരി വിദ്യാർത്ഥി ആൽബർട്ട് ഐൻസ്റ്റൈൻ എന്ന മഹാശാസ്ത്രജ്ഞനായ കഥ ആധുനിക ഭൗതികശാസ്ത്രത്തിന്റെ ചരിത്രം കൂടിയാണ്.


ജർമനിയിലെ ഉൾമ് നഗരത്തിൽ ജനനം. മൂന്ന് വയസ്സായപ്പോഴാണ് സംസാരിച്ചു തുടങ്ങിയത്. വാക്കുകൾക്ക് കൃത്യതവന്നത് ഒമ്പതാം വയസ്സിലാണ്. സദാ സംശയങ്ങളുമായി എഴുന്നേറ്റു നിന്നിരുന്ന അദ്ദേഹത്തെ ഇഷ്ടപ്പെടാതിരുന്ന അധ്യാപകർ പലപ്പോഴും ക്ലാസ്സിൽ നിന്നും ഇറക്കിവിട്ടിട്ടുണ്ട്.

ആ കുട്ടിയുടെ സാന്നിധ്യം തന്നെ അസ്വസ്ഥനാക്കുന്നുവെന്നായിരുന്നു അധ്യാപകർ പറഞ്ഞ കാരണം. പതിനഞ്ചാം വയസ്സിൽ സ്കൂളിൽ നിന്നും വിടുതൽ വാങ്ങി. മലമേടുകളിൽ അലഞ്ഞു നടന്നും കലാ-സാഹിത്യവേദികൾ സന്ദർശിച്ചും സ്വയംപഠിച്ചും നടന്ന ആ ഒരു വർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ കാലമെന്ന് പിന്നീട് ഐൻസ്റ്റൈൻ വിലയിരുത്തി.
1896-ൽ ജർമൻ അധികൃതർ ഐൻസ്റ്റൈന്റെ പൗരത്വം റദ്ദാക്കി.

1901-ൽ സ്വിസ് പൗരത്വം ലഭിച്ചു. അതുവരെ ഒരു രാജ്യത്തെയും പൗരനല്ലാതെ കഴിഞ്ഞു.
1900-ൽ പോളി എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി. തുടർന്ന് ബേൺ പേറ്റന്റ് ഓഫീസിൽ ഗുമസ്തനായി. പുതിയ കണ്ടുപിടുത്തങ്ങളുടെ പേറ്റന്റിനായുള്ള അപേക്ഷകൾ പരിശോധിച്ച് കഴമ്പുള്ളവ മേലധികാരികൾക്ക് ശുപാർശ ചെയ്യുന്ന ആ ജോലി ജീവിതത്തിൽ വഴിത്തിരിവായി.


1905-ൽ ഫോട്ടോ ഇലക്ട്രിക് പ്രഭാവവും വിശിഷ്ടാപേക്ഷികതാ സിദ്ധാന്തവും വിശദീകരിക്കുന്ന നാലു പ്രബന്ധങ്ങൾ ‘ആനൽസ് ഓഫ് ഫിസിക്സ്’ എന്ന ജർമൻ ഭൗതികശാസ്ത്ര പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവന്നതോടെ ശാസ്ത്രലോകം അംഗീകരിച്ചു. ആ വർഷംതന്നെ ഡോക്ടറേറ്റും ലഭിച്ചു.

ദ്രാവകങ്ങളിൽ പൂർണമായും ലയിക്കാതെ കിടക്കുന്ന പദാർത്ഥങ്ങളുടെ തന്മാത്രാ ചലനം വിശകലനം ചെയ്യുന്നതായിരുന്നു ആദ്യ പ്രബന്ധം. പ്രകാശവൈദ്യുത പ്രഭാവത്തിന് മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകുന്നതാണ് രണ്ടാമത്തേത്. ചില പദാർത്ഥങ്ങളിൽ പ്രകാശം പതിക്കുമ്പോൾ ഇലക്ട്രോണുകൾ സ്വതന്ത്രമാകുന്ന പ്രതിഭാസത്തിന് ഐൻസ്റ്റൈൻ നൽകിയ വ്യാഖ്യാനം അത്ര നാൾ ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്വാണ്ടം ബലതന്ത്രത്തിന് ചിരപ്രതിഷ്ഠ നൽകാൻ സഹായകമായി. ടെലിവിഷനുകൾ മുതൽ തനിയെ തുറക്കുന്ന വാതിലുകൾവരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്കു പിന്നിലുള്ളത് ഐൻസ്റ്റൈന്റെ പ്രകാശവൈദ്യുത സിദ്ധാന്തങ്ങളാണ്. പിന്നീട് അദ്ദേഹത്തിന് നോബൽ പുരസ്കാരം നേടിക്കൊടുത്തതും ഈ പ്രബന്ധമാണ്.

പ്രകാശവൈദ്യുത പ്രഭാവത്തിന് മാക്സ് പ്ലാറ്റിൻറ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകുന്നതാണ് രണ്ടാമത്തേത്. ചലനവസ്തുക്കളുടെ ഇലക്ട്രോ ഡൈനാമിക്സ് എന്ന മൂന്നാമത്തെ പ്രബന്ധത്തിലാണ് വിശിഷ്ടാ പേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ദ്രവ്യത്തെ ഊർജ്ജമാക്കി മാറ്റുന്നതിനെ പറ്റിയുള്ള പ്രശ്സ്ത സമീകരണം E=mc2 അവതരിപ്പിക്കപ്പെടുന്നത് നാലമത്തെ പ്രബന്ധത്തിലാണ്.



അതോടെ ജോലിതേടി നടന്നകാലത്ത് ആട്ടിയിറക്കിയ സ്ഥാപനങ്ങൾ ഐൻസ്റ്റെനെ പ്രൊഫസറായി കിട്ടാൻ മത്സരമായി. പല ക്ഷണങ്ങളും നിരസിച്ച അദ്ദേഹം 1909-ൽ സൂറിച്ച് സർവകലാശാലയിൽ പ്രൊഫസറായി. 1914-ൽ ബർലിൻ സർവകലാശാലയിൽ പ്രൊഫസറായി.

ടെലിവിഷനുകൾ മുതൽ തനിയെ തുറക്കുന്ന വാതിലുകൾവരെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയ്ക്കു പിന്നിലുള്ളത് ഐൻസ്റ്റൈന്റെ പ്രകാശവൈദ്യുത സിദ്ധാന്തങ്ങളാണ്. 1921-ൽ ഭൗതികത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത് ഈ രണ്ടാമത്തെ പ്രബന്ധത്തിനാണ്. ആപേക്ഷികതാ സിന്ധാന്തം ഉൾക്കൊള്ളാൻ അന്നത്തെ നോബൽ പുരസ്കാരസമിതിക്ക് കഴിഞ്ഞിരുന്നില്ല.

1916-ൽ അവതരിപ്പിച്ച സാമാന്യ അപേക്ഷികതാ സിദ്ധാന്തമാണ് അദ്ദേഹത്തെ ശാസ്ത്രലോകത്തിനു മുന്നിൽ അമ്പരിപ്പിച്ചത്. സങ്കീർണ്ണ പ്രക്രിയകളിലൂടെ നടത്തിയ ഈ പ്രവചനങ്ങൾ പിന്നീട് നടന്ന നിരീക്ഷണങ്ങളിലൂടെ ശരിയെന്നു തെളിഞ്ഞതോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. ഗുരുത്വതരംഗത്തെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ പ്രവചനം തെളിയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.


1921-ൽ ഭൗതികത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെപ്പറ്റിയുള്ള താരതമ്യേന പ്രാധാന്യം കുറഞ്ഞ കണ്ടുപിടുത്തമാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ആപേക്ഷികതാ സിന്ധാന്തം ഉൾക്കൊള്ളാൻ അന്നത്തെ നോബൽ പുരസ്കാരസമിതിക്ക് കഴിഞ്ഞിരുന്നില്ല.

ഹിറ്റ്ലറുടെ നയങ്ങളിൽ പ്രതിഷേധിച്ച് പ്രഷ്യൻ സയൻസ് അക്കാഡമിയിൽനിന്ന് രാജിവച്ചതോടെ ജർമനിയിൽ നോട്ടപ്പുള്ളിയായി. രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു. വീട് കൊള്ളയടിക്കപ്പെടുകയും വധഭീഷണി നേരിടുകയും ചെയ്തു. 1940-ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. രണ്ടാം ലോകയുദ്ധാനന്തരം ലോകസമാധാനത്തിനുവേണ്ടി ലീഗ് ഓഫ് നേഷൻസുമായി സഹകരിച്ചു.

1939-ൽ രണ്ടാം ലോകയുദ്ധം വന്നപ്പോൾ മാതൃരാജ്യമായ ജർമനി തന്റെ പ്രശസ്തമായ സമീകരണം ഉപയോഗിച്ച് അണുബോംബ് നിർമിക്കാൻ ശ്രമം നടക്കുന്നുവെന്ന വാർത്ത പരന്നതോടെ അതുണ്ടാക്കുന്ന അപകടങ്ങൾ വിവരിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് റൂസ് വെൽറ്റിന് കത്തെഴുതി.


ഐൻസൈറ്റന്റെ കത്തിൽ നിന്നുള്ള പ്രേരണമൂലം 1945-ൽ അമേരിക്ക അണുബോംബ് പ്രയോഗിച്ചതോടെയാണ് ലോകസമാധാനം നിലനിർത്താനുള്ള പ്രചാരണപ്രവർത്തനങ്ങളിൽ മുഴുകാൻ അദ്ദേഹത്തിന് പ്രചോദനമായത്. 1952-ൽ ഇസ്രായേൽ പ്രസിഡന്റാകാൻ ക്ഷണം ലഭിച്ചെങ്കിലും സ്നേഹപൂർവം നിരസിച്ചു.

വൈദ്യുതകാന്തിക ബലങ്ങളെയും ഗുരുത്വാകർഷണബലത്തെയും ഒരു പൊതുനിയമത്തിൽ കീഴിൽ വരുന്ന ഏകീകൃതമണ്ഡല സിദ്ധാന്തമുണ്ടാക്കാനാണ് അവസാനക്കാലത്ത് ഐൻസ്റ്റൈൻ ശ്രമിച്ചത്. നീണ്ട മുപ്പത് വർഷം പരിശ്രമിച്ചിട്ടും ഇതിൽ വിജയിക്കാൻ അദ്ദേഹത്തിനായില്ല.