Wed. Apr 17th, 2024

ടി. മുരളി

കേരളത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ബ്രാഹ്മണരാൽ വിലക്കപ്പെട്ട അക്ഷര വിദ്യയും ഗണിത ശാസ്ത്രവും അധ്യാപനവും എടുക്കാ ചരക്കായിട്ടും സ്വന്തം ജീവിതം കൊണ്ട് അവ ചുമന്നു നടന്നവരായിരുന്നു നമ്മുടെ ജ്യോത്സ്യന്മാർ .

അധ്യാപനവും പൊതുജന വിദ്യാഭ്യാസവും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ട എട്ടാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെയുള്ള ബ്രാഹ്മണ സവർണ്ണമത മേധാവിത്വക്കാലത്ത് കണിയാന്മാർക്ക് തങ്ങളുടെ ഉടലിന് മുകളിലുള്ള തല നഷ്ടപ്പെടാതിരിക്കാൻ ഹിംസയുടെയും അധർമ്മത്തിന്റെയും/ തിന്മയുടെയും മതമായ ചാതുർവർണ്യ ഹിന്ദു മതത്തിന്റെ ബ്രാഹ്മണ പൗരോഹിത്യ ജന ചൂഷണ തന്ത്രങ്ങളുടെ കൂടെ അതിജീവനത്തിനായി അനുഗമിക്കേണ്ടി വന്നു എന്നെയുള്ളു.

തൽഫലമായി ആ സമുദായത്തിൽ കുറച്ചു പ്രമുഖർക്ക് സവർണ്ണ പക്ഷത്തെ പണ്ഡിതരായി ‘പണിക്കർ ‘ എന്ന സവർണ്ണ ജാതിപ്പേർ പേരിന്റെ വാലായി കനിഞ്ഞ് അനുഗ്രഹിച്ചു കിട്ടുകയുണ്ടായി.

ചരിത്രപരമായി ബ്രാഹ്മണരേക്കാൾ പണ്ഡിതരായിരുന്ന, ഗണിത ശാസ്ത്ര പ്രതിഭകളായിരുന്ന ബൗദ്ധ ധർമ്മ പള്ളിക്കൂടങ്ങളിലെയും കൊടുങ്ങല്ലൂരിലെ വഞ്ചി പോലുള്ള പ്രാചീന ബൗദ്ധ വിശ്വവിദ്യാലങ്ങളിലെയും അധ്യാപകരുടെ പിന്മുറക്കാർ തന്നെയാണ് കണിശൻന്മാർ. ബൗദ്ധ പൈതൃകമായ പ്രാചീന മലയാള എഴുത്തു ശൈലികളായിരുന്ന വട്ടെഴുത്തും കോലെഴുത്തും കൈവിട്ടു പോയെങ്കിലും ബുദ്ധ ധർമ്മത്തിന്റെ വിജ്ഞാനാഭിമുഖ്യത്തിന്റെ തെളിവുകളായ പനയോലകളും എഴുത്താണികളും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെ കൈമോശം വരാതെ കാത്തു രക്ഷിച്ച മഹനീയ പൈതൃകത്തിനുടമകൾ !

ആ മഹനീയ സമൂഹത്തിന്റെ ബുദ്ധധർമ്മ പൈതൃകത്തെ ആദരവോടെ നമിക്കുന്നു.

-ചിത്രകാരൻ ടി. മുരളി