Fri. Mar 1st, 2024

✍️ പ്രൊഫ: ഫ്രാൻസിസ് സേവ്യർ (മാനേജിംഗ് എഡിറ്റർ ന്യൂസ്‌ഗിൽ)

വൃണ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതുകൊണ്ടോ കുറച്ചുദിവസം തടങ്കലിൽ വെച്ചതുകൊണ്ടോ പോലീസ് കസ്റ്റഡിയിൽ രണ്ടു ദിവസം കൂടി വച്ചുവെന്ന് കരുതിയോ വീണു പോകുന്ന ആളല്ല ലിബി. അത് ജനുസ് വേറെയാണ് നല്ല ഉശിരുള്ള ഒരു ജന്മമാണ്.

രഹനയുടെ തുടകള്‍ക്കും, ലിബിയുടെ അക്ഷരങ്ങള്‍ക്കും വ്രണപ്പെടുത്താവുന്ന വികാരബലം മാത്രമേ മതത്തിനുള്ളൂ. (ലിബിയുടെ അക്ഷരങ്ങളും അഞ്ചു കടുക്കാ കുരുവിന്റെ ഫോട്ടോയും കണ്ടപ്പോള്‍ വൃണം പൊട്ടിയെന്നാണല്ലോ പരാതിയിൽ പറയുന്നത്. രഹ്‌നയുടെ തുട കണ്ടപ്പോഴാണ് വൃണം പൊട്ടിയതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. രണ്ടും ചാണകങ്ങൾ രേഖാമൂലം എഴുതികൊടുത്തിട്ടുള്ളതാണ്. തുടക്കേസും അക്ഷരക്കേസും!)

കേരളം ഭരിക്കുന്നത് സിപിഐ(എം) നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണെന്നാണ് പൊതു ധാരണ, പക്ഷെ ഈ നടക്കുന്നത് മുഴുവനും സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന രീതികൾ ആണ്. മജിസ്‌ട്രേറ്റ് കോടതിയിൽ വാദിക്കുന്ന ഒരുമജിസ്റ്റീരിയൽ ഒഫെൻസ് മാത്രമായ ഈ വൃണക്കേസിനെ എന്തോവലിയ സംഭവമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മറ്റുസ്ത്രീകളെ ഭയപ്പെടുത്താനുമാണ് സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിക്കുശേഷം നവോത്ഥാനത്തള്ളുകൾക്ക് പഞ്ഞമൊന്നുമില്ലെങ്കിലും ശബരിമലയിലേക്ക് പോകാൻ സ്ത്രീകൾ ആരുമില്ലാതിരുന്നതുകൊണ്ടുമാത്രം നടതുറക്കുന്നതിൻറെ തലേദിവസം രാത്രി ലിബി ശബരിമലയ്ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്ന് ലിബിയുടെ സുഹൃത്തുക്കൾ എല്ലാവർക്കും അറിവുള്ള കാര്യമാണ്. പോയിവന്നതിന് ശേഷവും സംഘികളുടെ സൈബർ ആക്രമണങ്ങളും വൃണക്കേസുകളും നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നയാളാണ് ലിബി.

കഴിഞ്ഞ ഫെബ്രുവരി വരെ ലിബി കണ്ടൻറ് എഡിറ്റർ ആയി ജോലിചെയ്തിരുന്ന ന്യൂസ്‌ഗിൽ.ഡോട്ട് കോം എന്ന ഓൺലൈൻ ന്യൂസ്‌പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുകളും ഏതോ ഒരു ഫോറം പ്രസിഡന്റിന്റെ വികാരം വൃണപ്പെടുത്തിയെന്നാണ് കേസ്. ലിബിയെ ന്യൂസ്‌ഗിൽ കേസുണ്ടായപ്പോൾ പിരിച്ചുവിട്ടതല്ല. ലിബിയുടെ ജോലികളയാൻ സൈറ്റിൽ കൊടുത്തിട്ടുള്ള കോൺടാക്റ്റ് നമ്പറിലേക്ക് വിദേശത്തുനിന്ന് ഉൾപ്പെടെ നിരവധികോളുകൾ വന്നിരുന്നു.ഞങ്ങളുടെ സൈറ്റിലുണ്ടായിരുന്ന ‘നിറപറ’യുടെയും ‘നിംസ് ഹോസ്പിറ്റലി’ന്റെയും പരസ്യങ്ങൾ സംഘി ഭീഷണിയെതുടർന്ന് പിൻവലിച്ചിരുന്നു. എന്നിട്ടും ഞങ്ങൾ ലിബിക്കൊപ്പവും ശബരിമല സ്ത്രീപ്രവേശനത്തിന് ഒപ്പവുമാണ് നിന്നത്. മാർച്ച് 1 മുതൽ ലിബിക്ക് മറ്റൊരു നാഷണൽ ന്യൂസ്പേപ്പറിൽ ജോലിലഭിച്ചപ്പോഴാണ് ന്യൂസ്‌ഗിൽ വിട്ടത്. ഇപ്പോഴും സമയംകിട്ടുമ്പോൾ ന്യൂസ്‌ഗിലുമായി സഹകരിച്ചിരുന്നു. ന്യൂസ്‌ഗിൽ ഉടമ ലിബിയാണെന്നാണ് പരാതിക്കാരൻ പ്രചരിപ്പിച്ചിരുന്നത്.

ലിബിയുടെ ശബരിമല വിഷയത്തിലുള്ള നിലപാട് വിധിവന്നശേഷം ഉണ്ടായതല്ല. ഇത് ശബരിമല സ്ത്രീപ്രവേശനവിഷയത്തെക്കുറിച്ചും റെഡി ടു വെയിറ്റ് കാമ്പയിനെക്കുറിച്ചും ലിബി 2016 ൽ വിധിവരുന്നതിന് മുൻപുതന്നെ ഡെയിലി റിപ്പോർട്സ് ഡോട്ട് ഇൻ എന്ന ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനമാണ്. ലിങ്ക് ചുവടെ.

READ IN “യെസ് വി ആർ റെഡി ടു വെയിറ്റ് ഫോർ സുപ്രീം കോർട്ട് ഓർഡർ” ഒന്ന് ചുമ്മാതിരിക്കൂ…എച് വൈ എം

“യെസ് വി ആർ റെഡി ടു വെയിറ്റ് ഫോർ സുപ്രീം കോർട്ട് ഓർഡർ” ഒന്ന് ചുമ്മാതിരിക്കൂ…

(ലിബി 2016 ൽ ഡെയിലി റിപ്പോർട്സ് ഡോട്ട് ഇൻ എന്ന ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനം) 

ഇ തു വരെ ഒരു ജനകീയ പ്രശ്നങ്ങളിലും കണ്ടിട്ടില്ലാത്ത ചില ശൂദ്രേച്ചികൾ (ജാതി കുശുമ്പുകൊണ്ടല്ല ഇങ്ങനെ ഒരു പദം പ്രയോഗിച്ചത്.. ബ്രാഹ്മണ്യത്തിന് ദാസ്യപണി ചെയ്യുക എന്നത് ശൂദ്രന്‍െറ/ശൂദ്രത്തികളുടെ ജാതി ധര്‍മ്മത്തില്‍ ആധിഷ്ഠിതമായ പാരമ്പര്യമാണല്ലോ?എന്നും Ready to wait ആയിരുന്നല്ലോ? ഇതിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായ് അവര്‍ക്ക് തോന്നില്ല) പദ്മാ പിള്ള, സുജ പവിത്രൻ, രാധിക മേനോൻ തുടങ്ങിയവരാണ് “റെഡി ടു വെയ്റ്റ്” പ്രചരണവുമായി ഇപ്പോൾ ‘മുന്നോട്ട് വന്നിട്ടുള്ളത്.

ഇതിനു നെഗറ്റീവ് ആയും പോസിറ്റീവ് ആയും പബ്ലിസിറ്റി കൊടുക്കുന്നത് ചില മാധ്യമങ്ങളാണ്.സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള ഈ കേസ് എന്തായാലും സ്ത്രീകൾക്ക് അനുകൂലമായേ വിധിക്കൂ എന്ന് ആർ എസ് എസ് ൻറെ സ്നഖ ചാലക് നും കെ.സുരേന്ദ്രനും പോലും അറിയാം.അതുകൊണ്ടാണ് അദ്ദേഹവും ഇപ്പോൾ കെ.സുരേന്ദ്രനും സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് എടുത്തിരിക്കുന്നത് എന്ന് നിയമ പരിജ്ഞാനവും സാമാന്യ ബോധവും ഉള്ള ആർക്കാണ് മനസിലാകാത്തത്?

ഈ കേസിൽ സ്ത്രീകൾക്ക് അനുക്കൂലമായെ കോടതി വിധി ഉണ്ടാകു എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ആയിരുന്നു കഴിഞ്ഞ എൽ ഡി എഫ് സർക്കാർ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ല എന്ന് സത്യവാങ് മൂലം കൊടുത്തത്.അല്ലാതെ അന്നത്തെ ദേവസവം മന്ത്രി ജി.സുധാകരൻ നിരീശ്വരവാദി ആയതുകൊണ്ട് മാത്രം അല്ല.

ഇതൊന്നും ചർച്ചക്കെടുക്കാതെ വിട്ടുകളയൂ, വിധി വരുമ്പോൾ വിധി നടപ്പാക്കാൻ ഇവന്റെ സർക്കാർ തന്നെ ബാധ്യസ്ഥനാകുന്നത് കാണാം. ഇവർ വാസ്തവതത്തിൽ അവഹേളിക്കുന്നത് അയ്യപ്പൻ അവർണ്ണർ ആയതിനാലാണ്. അവർണ്ണർക്ക് കൺട്രോൾ ഇല്ലെന്നാണിവർ സ്ഥാപിക്കുന്നത്.’അയ്യപ്പന്‍ നമ്പൂരീ ‘എന്ന് ബ്രാഹ്മണ സമുദായങ്ങളില്‍ ആര്‍ക്കേങ്കിലും പേരുണ്ടോ?

സ്ത്രീകൾക്ക് ആർത്തവം ഉണ്ടെന്നും അത് “അശുദ്ധി” യാണെന്നും അതിനാൽ നൈഷ്ടീക ബ്രഹ്മചാരിയായ അയ്യപ്പ സന്നിധാനം സ്ത്രീകൾക്ക് നിഷിദ്ധമായിരിക്കണം എന്നുമാണ് പറയുന്നത്. എന്താണ് “അശുദ്ധി”എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? അശുദ്ധിയും ആർത്തവവും തമ്മിൽ ബന്ധപ്പെടുന്നത് എങ്ങനെയാണ്? ആർത്തവകാലത്ത് സ്ത്രീകൾ ഈശ്വരനെ മനസ്സിൽ വിചാരിച്ചാൽ ഈശ്വരൻ ആശുദ്ധനാകുമോ? അഴുക്ക് എന്ന അർത്ഥത്തിലാണ് ഈ അശുദ്ധി എന്ന പദം ഉപയോഗിക്കുന്നതെങ്കിൽ മലവും മൂത്രവും പൊട്ടിയൊലിക്കുന്ന വൃണങ്ങളും രോഗങ്ങളും ആശുദ്ധിയാകില്ലേ? അവയുള്ള അവയവങ്ങളുമായി നമുക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമോ? ആർത്തവം സ്ത്രീകൾക്ക് മാത്രമുള്ളതിനാൽ പുരുഷന്മാർക്കുള്ളതെല്ലാം അനുവദനീയവും സ്ത്രീകൾക്ക് വിലക്കുമായതാണോ?

ആർത്തവ സമയം ആയാൽ സ്ത്രീകൾക്ക് ഇന്നത്തെ ആചാര പ്രകാരം അമ്പലത്തിനു എത്ര അടുത്തു വരെ പോകാം? പേടി കൊണ്ട് ചോദിക്കുകയാണ്. ക്ഷേത്രങ്ങൾ വലുതും ചെറുതും മതിൽ കെട്ടിയതും കേട്ടാത്തതും ഒക്കെയുണ്ടല്ലോ? കൂടാതെ വഴി വക്കത്തും ബസ്സ്റ്റോപ്പിലും മരചോട്ടിലും കൂണുകൾ പോലെ ക്ഷേത്രങ്ങൾ പൊട്ടി മുളക്കുന്ന ഇക്കാലത്ത് സ്ത്രീകൾ എങ്ങനെ അവയെ “അശുദ്ധം”ആക്കാതെ വഴി നടക്കും?

എന്തേ നമ്മൾ പാരമ്പര്യങ്ങളും പഴയ ആചാരങ്ങളും ഇന്നുവരെ ലംഘിചിട്ടില്ലേ?പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയത് പാരമ്പര്യത്തിന് വിരുദ്ധമായിരുന്നില്ലേ?ബ്രാഹ്മണർ കടൽ കടന്നുകൂട എന്നത് രാഹുൽ ഈശ്വർ ലംഘിചിട്ടില്ലേ? കോണകം ഉപേക്ഷിച്ചു ഷഡ്ഡി ഇട്ടതും ഓലക്കുട മാറ്റി പോപ്പി കുട പിടിച്ചതും കുടുമ മുറിച്ചു മുടി ക്രോപ് ചെയ്തതും അന്തർ ജനങ്ങൾ സർക്കാർ ഉദ്ധ്യോഗം നേടിയതും മുലക്കച്ച മാറ്റി ബ്രയിസർ ഇട്ടതും ആചാര ലംഘനങ്ങൾ ആയിരുന്നില്ലേ? കുടുമ വെച്ച് ഷർട്ട് ഇടാതെ സഞ്ചരിക്കുന്ന ബ്രാഹ്മണൻ അല്ലല്ലോ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള ഇന്നത്തെ ബ്രാഹ്മണർ? ചെരുപ്പ് ക്ഷേത്രത്തിൽ കയറ്റില്ല, പക്ഷെ പി.ടി.ഉഷ സ്വർണ്ണം കൊണ്ട് ചെരുപ്പുണ്ടാക്കി ഗുരുവായൂർ ക്ഷേത്രത്തിൽ കൊടുത്തപ്പോൾ അത് വളരെ ആർത്തിയോടെ ശ്രീകോവിലിനു ഉള്ളിലേക്ക് പോലും കടത്തി. ചെരുപ്പ് എന്നത് റബ്ബർ കൊണ്ട് ഉണ്ടാക്കിയാലും പ്ലാസ്റ്റിക്‌ കൊണ്ടുണ്ടാക്കിയാലും ലതർ കൊണ്ട് ഉണ്ടാക്കിയാലും സ്വർണ്ണം കൊണ്ടുണ്ടാക്കിയാലും തടി കൊണ്ടുണ്ടാക്കിയാലും അതിൻറെ ഫങ്ങ്ഷനൽ യൂട്ടിലിറ്റി കാലിൽ ഇടുക എന്നതല്ലേ? അപ്പോൾ ബ്രാഹ്മണന്റെ തോന്നിയവാസങ്ങൾക്ക് പറയുന്ന പേരാണോ ആചാരങ്ങൾ എന്നത്?

കേരളത്തിൽ ഒരു മാധ്യമശ്രദ്ധയും പിടിച്ചുപറ്റാതിരുന്ന ഈ ക്യാംപെയ്ൻ ഇപ്പോൾ ചില മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇതിനു മാധ്യമപരിഗണന നൽകുകയും ചർച്ചാ വിഷയമാക്കുകയും ചെയ്യുക എന്ന കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമാണ് ഇതിനു പിന്നിൽ.ഇതിനെ ലാഘവത്തോടെ തള്ളിക്കളയുകയാണ് ഇടതുപക്ഷ മതേതര കക്ഷികൾ ചെയേണ്ടത്.

ശബരിമലയും ക്ഷേത്രവും ഒരു വിവാദ ഭൂമിയാക്കി മാറ്റി കലാപങ്ങൾ സൃഷ്ടിച്ച് കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിക്കളയാം എന്ന മലർപ്പൊടിക്കാരന്റെ സ്വപ്നത്തിന് അറിഞ്ഞും അറിയാതെയും പബ്ലിസിറ്റി നൽകുകയോ ചർച്ചയാക്കുകയോ ചെയ്യാതെ അവജ്ഞയോടെ തള്ളിക്കളയുക.വിജയം ഉറപ്പായ ഒരു കേസിൽ എന്തിനു വെറുതെ അധര വ്യായാമം നടത്തുന്നു. വേറെന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടിവിടെ?

ലിബി.സി.സ്.( എച് വൈ എം സംസ്ഥാന പ്രസിഡന്റ് )