✍️ അപർണ്ണ
‘കമ്മ്യൂണിസ്റ്റ് പാർട്ടി സഖാക്കളോട് ഉത്കണ്ഠപ്പെടാതിരിക്കുവാൻ പറയുക, അവരെ ഉന്മേഷഭരിതരാക്കുക, ഞങ്ങൾ നാടിനുവേണ്ടി അഭിമാനത്തോടെ ജീവത്യാഗം ചെയ്തുവെന്നറിയിക്കുക” (തൂക്കിലേറുന്നതിന് മുമ്പ് പറഞ്ഞ വാക്കുകൾ)
ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍, ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളികള്‍ മുഴങ്ങി. ഏതാനും നിമിഷങ്ങള്‍ക്കകം ആ മുദ്രാവാക്യം വിളികള്‍ അവസാനിച്ചു. എങ്ങും നിശ്ശബ്ദത പടര്‍ന്നു. തൂക്കിലേറ്റപ്പെടാന്‍ കൊണ്ടുപോകുന്ന നാലു ഗ്രാമീണ യുവാക്കളുടെ കണ്ഠത്തില് നിന്നുതിര്‍ന്ന അവസാനത്തെ മുദ്രാവാക്യം വിളികളായിരുന്നു അവ. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവര്‍ക്കായി കരുതിവച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി. ഒരടി പോലും പതറാതെ, ഒരു തുള്ളി കണ്ണുനീര് പൊഴിക്കാതെ ആ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു. അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന് നായര്‍ ഇങ്ങനെ പറയുന്നു.
“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില് നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു. അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”
കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്…
മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്, പൊടോര കുഞ്ഞമ്പു നായര്‍, പള്ളിക്കാല്‍ അബൂബക്കര്‍ എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്. ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്. ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാ ഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെയും പൊരുതി നിന്നതിൻറെ ചരിത്രമാണത്. ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല. ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്ക്കുന്നു.. ..
അവസാന ദിവസങ്ങളും കാത്തു ജയിലില്‍ കഴിയുമ്പോളും അതീവ ധീരന്മാരായ ഈ സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല. വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ഈ നാലുപേരേയും അവസാനമായി കാണാന്‍ അന്ന് കമ്മ്യൂണീസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷി എത്തി. ആന്ധ്രായി ല്‍ നിന്നുള്ള പ്രമുഖ നേതാവ് പി.സുന്ദരയ്യയോടും സ: പി. കൃഷ്ണപിള്ളയോടുമൊപ്പം അദ്ദേഹം കണ്ണൂര്‍ ജയിലില്‍ ചെന്ന് അവരെ കണ്ടു. യൌവനത്തിലേക്ക് കാലെടുത്തു കുത്തിയിട്ടു മാത്രമുണ്ടായിരുന്ന ഈ നാലു ചെറുപ്പക്കാരേയും കണ്ട് ഒരു നിമിഷം അവര്‍ മൂവരും ഗദ്ഗദ കണ്ഠരായപ്പോള്‍ സമചിത്തത വിടാതെ ആ ചെറുപ്പക്കാര്‍ അവരെ മൂന്നു പേരേയും ആശ്വസിപ്പിച്ചു. പി.സുന്ദരയ്യ തന്റെ ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു.
ധീരരായ ആ സഖാക്കള്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഞങ്ങളോട് പറഞ്ഞു: “സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്. ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ. ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ നമ്മുടെ സഖാക്കളോട് പറയുക. നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്”….”
“ഞാന്‍ ഒരിക്കലും കരയാത്ത ആളാണു. ഈ സഖാക്കളോടു യാത്ര ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി” എന്നാണു സ: പി.കൃഷ്ണപിള്ള പിന്നീട് പറഞ്ഞത്….