Tue. Apr 16th, 2024

✍️ ലിബി. സി. എസ്

ഹൈസ്‌കൂളിലോ പ്ലസ് ടുവിലോ ബയോളജി പഠിക്കുന്ന കുട്ടികളോട് ബയ്‌നോമിയൽ നോമൺ ക്ലേയർ (binomial nomenclature) എന്ന് ചോദിച്ചാൽ അവർ വളരെ വിശദമായി അതേക്കുറിച്ച് പ്രതിപാദിച്ചെന്നിരിക്കും. മുപ്പത്തി മുക്കോടി ജീവജാലങ്ങൾക്കും പേരിടുന്ന ശാസ്ത്രീയ നാമകരണ പ്രക്രിയയുടെ മൂലകമാണത്. ലാറ്റിൻ ഭാഷയിലാണ് ഇതിന്റെ സിംഹഭാഗവും. ഉദാഹരണത്തിന് മനുഷ്യന്റെ പേര് ലോകത്ത് മനുഷ്യനെ ഏതൊക്കെ തരത്തിൽ വിളിച്ചാലും ശാസ്ത്രീയമായി ഹോമോസെപ്യൻ എന്നാണ് വിളിക്കുക. ഇതിൽ ഹോമോ എന്നാൽ ജനസിന്റെ പേരും സെപ്യൻ എന്നാൽ അനുബന്ധ സ്പീഷിസിന്റെ പേരിന്റെ പേരുമാണ്. ബോട്ടണിയിലും സുവോളജിയിലും ഏത് പുതിയ ജീവികളെ കണ്ടെത്തിയാലും ഇങ്ങനെ പേരിട്ട് വിളിക്കാം. ഇതാണ് ചോദ്യത്തിന് ആധാരം.

കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന നിരവധി സസ്യങ്ങൾക്ക് ശാസ്ത്രീയ നാമകരണ പ്രക്രിയനടത്തിയത് ഒരു ചേർത്തലക്കാരനാണ്. കടക്കരപ്പള്ളിക്കാരനായ ഇട്ടി അച്ചുതൻ വൈദ്യർ. ഇങ്ങനെ സായിപ്പ് ഇരുപത്തെട്ടുകെട്ടാൻ കൊണ്ടുവന്ന ചെടികളിൽ ഒന്ന് ഏതാണെന്ന് റീഡി ചോദിച്ചപ്പോൾ (ഡച്ചു ഗവർണർ ആയിരുന്ന ഹെൻറിക് അഡ്രിയാൻ വാൻറീഡ്) അത് അദ്ദേഹത്തിന് ഏതാണെന്നു അന്നേരം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം തന്റെ ശിഷ്യനായ അന്ധകാരനഴിയിലെ യുസഫ് വൈദ്യരോട് ” എന്താടാ ഈ റീഡി ചോദിക്കുന്നത്” എന്ന് മലയാളത്തിൽ ചോദിക്കുകയും ചെയ്തത്രേ.“ ഇത് കേട്ട് തെറ്റിദ്ധരിച്ച റീഡി ആ സസ്യത്തിന് “എന്താടാ” എന്ന് നാമകരണം ചെയ്യുകയും ചെയ്തു, ഇപ്പോഴും അങ്ങനെ ഒരു ചെടിയുണ്ട്. ബൊട്ടാണിക്കൽ നെയിമോട് കൂടി..!!!! Entada rheedi എന്നാണു ചെടിയുടെ പേര്…!!!

ഈ കഴിഞ്ഞവർഷവും വയനാട്ടിലെ ചില ബോട്ടണി ഗവേഷക വിദ്യാർത്ഥികൾ അപൂർവ്വ ജനസിൽപ്പെട്ട ഒരു ചെടി കണ്ടെത്തിയതായി വാർത്ത വന്നിരുന്നു. സസ്യ ശാസ്ത്രത്തിൽ അന്നോളം കടന്ന് കയറിയിട്ടില്ലാത്ത ഈ സസ്യത്തിന് അവർ തങ്ങളുടെ ഗൈഡിന്റെ പേര് നൽകി. നെല്ലിയാമ്പതിയിൽ പാലക്കാട് വിക്‌ടോറിയ കോളേജിലെ ഗവേഷക വിദ്യാർത്ഥികളായ മായാനായരും, സൗമ്യ മുരുകനുമാണ് ഈ അപൂർവ്വ ജനസിനെ കണ്ടെത്തിയത്. അപൂർവ്വ ഓർക്കിഡ് വിഭാഗത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ജനറിക് പേര് സൊനാലിയ. ഇരുപതിലേറെ സസ്യങ്ങൾ ഈ ജനുസിൽ ഉണ്ട്. എന്നാൽ തങ്ങളുടെ ഗവേഷക ഗൈഡ് ആയ തിരുവനന്തപുരം എൻവെയൺമെന്റ് ആന്റ് റിസർച്ച് സെന്റർ മേധാവി പി.കെ.കെ നായരോടുള്ള ആദരസൂചികമായി പുതിയ സസ്യത്തിന് അവൻ ‘സൊണാലിയ നായരി’ എന്ന് പേരിട്ടു. ഒരു നായരുടെ പേരിൽ ലോകത്ത് ആകപ്പാടെയുള്ള ഒരേയൊരു ജനുസ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ കേരളത്തിലിപ്പോൾ രാഷ്ട്രീയപ്പാർട്ടികളും സമാനമായ ഒരു സന്നിദ്ധ ഘട്ടത്തിലാണ്.

പിളർന്ന്, പിളർന്ന് അമീബയെപ്പോലും തോൽപ്പിക്കുന്ന കേരള കോൺഗ്രസ് എന്ന ജനറിക് വംശത്തിന് ഒരു സ്‌പെസിഫിക് പേര് നൽകാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ നിലവിലുള്ളത്. വളരുംതോറും പിളരും എന്ന് ഈയിടെ കാലം ചെയ്യുകയും വിശുദ്ധനാക്കപ്പെടുകയും ചെയ്ത വിശ്രുത ശാസ്ത്രജ്ഞൻ പാലാ കരിങ്ങോഴയ്ക്കൽ മാണി മകൻ മാണി കണ്ടെത്തിയെങ്കിലും അതിനാരും അദ്ദേഹത്തിന് പി.എച്ച്.ഡി കൊടുത്തില്ല. അതുപോലെ ഈ പിളർപ്പിനൊപ്പിച്ച് നാമകരണം ചെയ്യാനുള്ള വിദ്യയൊന്നും ഇന്നോളം ആരും കണ്ടെത്തിയിട്ടില്ല. ഒരു ഡോക്ടറേറ്റിന് സ്‌കോപ്പുണ്ട്.

കേരള കോൺഗ്രസ് എന്ന ജനസിൽ കയറിപ്പറ്റിയാൽ ആർക്കും സ്വന്തമായി പിളർന്ന് പുതിയ പാർട്ടി ഉണ്ടാക്കാം. പക്ഷേ പറ്റിയ പേരുണ്ടാക്കാനാണ് ഏറെ ബുദ്ധിമുട്ട്. 1964 ൽ കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കി സാക്ഷാൽ മന്നത്ത് പദ്മനാഭന്റെ ആശിർവാദത്തോടെ പി.ടി ചാക്കോയുടെ പേരിൽ കെ.എം ജോർജ്ജും, ആർ. ബാലകൃഷ്ണപിള്ളയും നേതൃത്വം നൽകി രൂപീകരിച്ചതാണ് കേരളാ കോൺഗ്രസ്. അന്ന് അതൊരു അധികാര സ്ഥാപനം ആയിരുന്നില്ല. എന്നാൽ പിന്നീട് അധികാരസ്ഥാനത്തിന് വേണ്ടിയുള്ള വിലപേശൽ. പ്രസ്ഥാനമായി അത് മാറി. ഇപ്പോൾ രാഷ്ട്രീയം കുലത്തൊഴിലാക്കിയ ആർക്കും പെട്ടെന്ന് കയറി രൂപം നൽകാവുന്ന പ്രസ്ഥാനമായി അത് മാറി.

അടിയന്തിരാവസ്ഥക്കാലം വരെ കേരളത്തിൽ ഒരു കേരള കോൺഗ്രസേ ഉണ്ടായിരുന്നുള്ളു. പാർലമെന്റ് അംഗമായിരിക്കെ കേരളത്തിൽ മന്ത്രിയാകുകയും നിയമസഭാംഗമാകാൻ ഒരാളും സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തതിന്റെ പേരിൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുകയും ചെയ്ത ബാലകൃഷ്ണപിള്ളയാണ് കേരള കോൺഗ്രസിൽ പിളർപ്പിന്റെ തുടക്കക്കാരൻ. പിളർന്ന് പിളർന്ന് ഒരു ഡസനോളമുണ്ട് ഇപ്പോൾ കേരളാ കോൺഗ്രസുകൾ. ഇന്നലെമുതൽ പുതിയ ഒന്നുകൂടിയായി. ഇതിൻറെയൊക്കെ  ജനറിക് പേര് കേരളാ കോൺഗ്രസ് എന്ന് പറഞ്ഞാലും സ്പീഷീസ് പേരിൽ ഒരു നിയന്ത്രണവുമില്ല.

പല സ്പീഷിസുകൾ ലയിച്ച് യു.ഡി.എഫ് ൽ രണ്ടാം കക്ഷിയാകാനുള്ള തത്രപ്പാടിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരളാ കോൺഗ്രസ് മാണി എന്ന സ്പീഷിസ്. അത് തന്നെ പിന്നീട് പലതായി പിളർന്നു . ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എൽ.ഡി.എഫ് ലേക്ക് പോയി. അതേ സമയം എൽ.ഡി.എഫ് ൽ നിന്ന് അതേ ജനുസിലെ ചില സ്പീഷിസുകൾക്ക് കഴിഞ്ഞ ഇലക്ഷനിൽ സീറ്റ് ലഭിച്ചതുമില്ല. മുന്നണിക്കകത്തോ പുറത്തോ ഇന്നോളം കേട്ടിട്ടില്ലാത്ത സ്‌കറിയാതോമസ് എന്ന സ്പീഷിസിന് ഇടതുപക്ഷം കടത്തുരുത്തിയിൽ സീറ്റും നൽകിയുമില്ല. അതിൽ പ്രതിഷേധിച്ച് ഈ സ്പീഷിസിലെ വിഖ്യാതനായ വി. സുരേന്ദ്രൻ പിള്ള പാർട്ടി പിളർത്തി മറുകണ്ടം ചാടി തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്നു

യു.ഡി.എഫ് പക്ഷത്ത് പാറപോലെ ഉറച്ചുനിന്ന മറ്റൊരു സ്പീഷിസിൽപ്പെട്ട ജേക്കബ് വിഭാഗം തലവൻ ജോണി നെല്ലൂർ പാർട്ടി വിട്ട് എവിടെയെങ്കിലും ഒരു സീറ്റ് കിട്ടിയാൽ മതിയെന്ന് പറഞ്ഞ് അലഞ്ഞുനടന്നതും നാം കണ്ടു. പണ്ട് മാണിയെ തെറിവിളിച്ച് ഇടതുപക്ഷത്തേക്ക് ഇടിച്ച് പാഞ്ഞുകയറി ചെന്ന പൂഞ്ഞാർ പുലി പി.സി ജോർജ്ജിന് മുന്നണി പ്രവേശം നടന്നില്ലെന്ന് മാത്രമല്ല കേരളാകോൺഗ്രസ് എന്ന പാർട്ടിയിൽ നിന്ന് പുറത്താകേണ്ടിയും വന്നു. ഇപ്പോൾ ബിജെപി പാളയത്തിലാണ്. പി.സി തോമസ് എന്ന സ്പീഷിസിൽ ഉൾപ്പെട്ട കേരളകോൺഗ്രസ് എൻ.ഡി.എ യിൽ പ്രവേശിച്ചെങ്കിലും അതിലെ അതൃപ്ത വിഭാഗം പാർട്ടിവിട്ട് വഴിയാധാരമായിത്തീരുകയും ചെയ്തു. ബാലകൃഷ്ണപിള്ള എന്ന സ്പീഷിസിലെ ഒരു വിഭാഗം എല്ഡിഎഫിനോടൊപ്പം പോയതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട് വേറെ എന്തെങ്കിലും വഴി ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ ജോസഫ് മാണിതർക്കം മുതലാക്കി കേരളാകോൺഗ്രസ്(എം) നെ പിളർത്താൻ പി.ജെ. ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയതിന് പിന്നാലെ ജോസഫിനെ തങ്ങളുടെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം രംഗത്ത്‌ വന്നിരുന്നു. കേരളാ കോൺഗ്രസുകളുടെ ലയനം അടഞ്ഞ അദ്ധ്യായമല്ലെന്നും അനുയോജ്യമായ സാഹചര്യമുണ്ടായാൽ ആ മഹാസംഭവം നടക്കുമെന്നും ജോസഫിനെ സ്വാഗതം ചെയ്തുകൊണ്ട് കേരളാകോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണിനെല്ലൂർ പറഞ്ഞിരുന്നു. എന്നാൽ അതിനിടയിലാണ് വിശുദ്ധ കരിങ്ങോഴയ്ക്കൽ മാണി പിതാവ് കാലം ചെയ്തത്. അതോടെ ഒഴിഞ്ഞ ചെയർമാൻ കസേരയെ ചൊല്ലിയുള്ള തർക്കം മുറുകി വീണ്ടും പിളർന്നതും. പുതിയൊരു സ്പീഷിസ് കൂടി രൂപമെടുത്തതും. കസേര കളിയുടെ പേരിലല്ലാതെ വേറെ പ്രത്യയ ശാസ്ത്രപരമായ തർക്കത്തിന്റെ പേരിൽ പേരുദോഷമുണ്ടാക്കി പിളരാൻ ഈ നരവംശത്തിന് ഭാഗ്യത്തിന് അങ്ങനെ ഒന്നില്ലെന്നതാണ് ഏക ആശ്വാസം 

കേരളാ കോൺഗ്രസിലെ പ്രശ്നനങ്ങൾ പരിഹരിക്കാൻ യുഡിഎഫിലും നീക്കങ്ങൾ നടന്നിരുന്നു . ഇനി കേരളാകോൺഗ്രസ് വീണ്ടും പിളർന്നാലും പി.ജെ.ജോസഫ്ഉം സംഘവും യുഡിഎഫ് വിട്ടുപോകില്ല. മുന്നണിയിൽ നിർത്തി പ്രശ്നം പരിഹരിക്കുമെന്നാണല്ലോ ജോണിനെല്ലൂർ പറഞ്ഞത്?

എന്നാൽ ഇന്ന് ദാ അതും സംഭവിച്ചു. കേരള രാഷ്ട്രീയത്തിലെ വലിയ ചുവട് മാറ്റത്തിന് ഇന്ന് കോട്ടയം സാക്ഷിയായി.കേരള കോണ്‍ഗ്രസ് എം ഇനി സി പി എം നയിക്കുന്ന എല്‍ ഡി എഫ് ചേരിയില്‍. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ആ നിര്‍ണായക രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. പാര്‍ട്ടി ഇനി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇതിനായി താന്‍ രാജ്യസഭ എം പി സ്ഥാനം രാജിവെക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.

അവർ ഇനിയും വളരുകയോ പിളരുകയോ ചെയ്താലും ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരുകാര്യമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് കാനേഷുമാരി പ്രകാരം കേരളകോൺഗ്രസ് എന്നയീ ജനുസുകൾക്കെല്ലാം കൂടിയുള്ള വോട്ട് വിഹിതമാകട്ടെ കഷ്ടിച്ച് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നിട്ടും ഈ ജനസുകൾക്കെല്ലാം കൂടി ഇന്നോളം മുപ്പതോളം തവണ മന്ത്രിക്കസേര ലഭിച്ചു. അത്രത്തോളം എം.എൽ.ഏ മാരെയും ലഭിച്ചു. അര ഡസനോളം എം.പിമാരെ ലഭിച്ചു. 40% വരെ വോട്ട് ഷെയർ ഉള്ള കോൺഗ്രസിനും സി.പി.എം നും ഈ അനുപാതത്തിൽ സ്ഥാനമാർഗ്ഗങ്ങൾ ലഭിച്ചിട്ടില്ലെന്ന കാര്യം ഇരുവിഭാഗങ്ങളും ഒന്ന് പരിശേധിച്ചാൽ നന്ന്. 15% വോട്ടുള്ള ബി.ജെ.പി ക്ക് കേരളത്തിൽ ഇന്നോളം ഒരു എം.എൽ.ഏ ആണുള്ളത്. ഒരു എം.പി യെ പോലും ലഭിച്ചിട്ടില്ലെന്നിരിക്കെ 3% പോലും വോട്ടില്ലാത്ത ഈ കടലാസ് സംഘടനകളെ എന്തിനാണ് തലയിലേറ്റുന്നത് എന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ  ഗൗരവതരമായിത്തന്നെ ആലോചിചിച്ചില്ലെങ്കിൽ ജനങ്ങൾ ആലോചിക്കേണ്ടിയിരിക്കുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622