Tue. Apr 23rd, 2024

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്ക് വധ ഭീഷണി. ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് തങ്ങളുടെ മുകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും അതിന്‍റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പറഞ്ഞു.

മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. മഠത്തിനുള്ളില്‍ താന്‍ നേരിടുന്നത് തടങ്കല്‍ ജീവിതമാണ്. ഭക്ഷണവും മരുന്നും നല്‍കുന്നില്ല. മരുന്നിന് പണം ചോദിച്ചപ്പോള്‍ മഠം അധികൃതര്‍ തട്ടിക്കയറി. മഠത്തിലെ കന്യാസ്ത്രീകളെ മുഴവന്‍ മാറ്റി തന്നെ ഒറ്റപ്പെടുത്തിയെന്നും സിസ്റ്റര്‍ ലിസി വ്യക്തമാക്കി.

മൊഴിമാറ്റാന്‍ പ്രൊവിന്‍ഷ്യാളും മദര്‍ ജനറാളും നിര്‍ബന്ധിച്ചു. വിജയവാഡ വിട്ട് കേരളത്തിലെത്തിയത് മരണ ഭയത്താലാണ്. എന്നാൽ വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലിസി വടക്കേയില്‍ പഞ്ഞു. 

രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, വാതം തുടങ്ങി മറ്റു രോഗങ്ങളും. വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ന്യൂമോണിയ ഇപ്പോഴും പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല. ഇടയ്ക്കിടെ വരുന്ന പനിയും ഇവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.മരുന്നിനും ഭക്ഷണത്തിനും പോലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സഭ. മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും അനുവദിച്ചിരുന്ന പണം മഠത്തിലെ അധികാരികള്‍ നിര്‍ത്തലാക്കി. കഴിഞ്ഞയാഴ്ച പനി കലശലായതോടെ സർക്കാർ ആശുപത്രിയില്‍ പോയാണ് മരുന്നുവാങ്ങിയത്. അവശനിലയിലായിരുന്ന കന്യാസ്ത്രീയ്ക്ക് കൂട്ടുപോകാന്‍ പോലും ആരും തയ്യാറായില്ല.

ഉറ്റബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലും സന്ദര്‍ശിക്കാന്‍ പറ്റില്ല. മഠത്തില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ‘നിങ്ങള്‍ക്കൊക്കെ കഴിയാന്‍ സര്‍ക്കാരിന്റെ അഗതി മന്ദിരങ്ങളില്ലേ’ എന്നാണ് അവരുടെ ആയുസും ആരോഗ്യവും അധ്വാനവും ചൂഷണം ചെയ്തശേഷം ഇപ്പോൾ സഭ അധികൃതരുടെ ചോദ്യം.

പ്രമേഹവും മറ്റ് രോഗങ്ങളും അലട്ടുന്നതിനാല്‍ അതുവരെ പാലിച്ചിരുന്ന ഭക്ഷണക്രമീകരണവും ഫ്രാങ്കോയ്‌ക്കെതിരെ മൊഴികൊടുത്ത വിവരം പുറത്തുവന്നതോടെ നിലച്ചു. ഷുഗർ പേഷ്യന്റായ സിസ്റ്റർക്ക് വിശപ്പടക്കാന്‍ പഴങ്കഞ്ഞിയാണ് പലപ്പോഴും ആശ്രയം. മുന്‍പ് സി.ലിസിക്കു വേണ്ടി അടുക്കള ജീവനക്കാരി ചപ്പാത്തിയും മറ്റും ഉണ്ടാക്കി നല്‍കിയിരുന്നു. എന്നാല്‍ ആ ജീവനക്കാരിയെ പിരിച്ചുവിട്ടാണ് അധികൃതര്‍ ആ ‘സൗകര്യങ്ങള്‍’ നിര്‍ത്തലാക്കിയത്. മഠത്തില്‍ വയ്ക്കുന്ന കപ്പയോ ചക്കയോ വേണമെങ്കില്‍ കഴിച്ചോ എന്നാണ് അധികൃതരുടെ നിലപാട്. 

ബിഷപ്പിന്റെ ബലാത്സംഗത്തിന് ഇരയായ കുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ ആത്മീയ ഉപദേശകയായിരുന്നു വര്‍ഷങ്ങളോളം സി.ലിസി വടക്കേല്‍. ജലന്ധറില്‍ പുതിയ ബാച്ച് കന്യാസ്ത്രീകളെ സുവിശേഷ പ്രഘോഷണം പഠിപ്പിക്കാന്‍ എത്തിയപ്പോള്‍ മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാളായിരുന്ന ആ സിസ്റ്ററിനെ പരിചയപ്പെട്ടത്. അന്നത്തെ ജലന്ധര്‍ ബിഷപ്പ് സിംഫോറിന്‍ കീപ്രത്ത്, ‘സഭയുടെ അനുഗ്രഹമാണ് ഈ സിസ്റ്റര്‍’ എന്നുപറഞ്ഞാണ് തനിക്ക് അവരെ പരിചയപ്പെടുത്തി തന്നത്. പിന്നീട് അവര്‍ കുറവിലങ്ങാട് മഠത്തിലെ മദര്‍ സുപ്പീരിയര്‍ ആയി ചുമതലയേറ്റ ശേഷവും ആ ബന്ധം തുടര്‍ന്നു. കുറവിലങ്ങാട് വൃദ്ധമന്ദിരത്തില്‍ ഏകദിന പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോഴാണ് കൗണ്‍സിലിംഗ് മധ്യേ താന്‍ നേരിട്ട പീഡനങ്ങള്‍ അവര്‍ തന്നോട് മനസ്സുതുറന്നുപറഞ്ഞത് .

കേസിന്റെ സമയത്ത് ഇത് മനസ്സിലാക്കിയ പോലീസ് സി.ലിസിയില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അവര്‍ പറഞ്ഞകാര്യങ്ങള്‍ താന്‍ സത്യസന്ധമായി തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഇതറിഞ്ഞതോടെയാണ് അവരുടെ ദുരിതജീവിതം ആരംഭിച്ചത്. സേവനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി, മാനസിക സമ്മര്‍ദ്ദം നടത്തി, മഠത്തില്‍ നിന്ന് വിജയവാഡയിലേക്ക് മാറ്റാന്‍ നീക്കം നടത്തി. സമ്മര്‍ദ്ദം ശക്തമായതോടെ രക്തസമ്മര്‍ദ്ദം ഏറെ കടുത്തു. ഉറക്കവും നഷ്ടപ്പെട്ടു. ഇതോടെ തനിക്ക് മാനസിക രോഗമാണെന്നും ഭ്രാന്താശുപത്രിയില്‍ പോകണമെന്നും നിര്‍ദേശിച്ചു. തന്നെ മാനസിക രോഗിയാക്കി ചിത്രീകരിച്ചാല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ അക്കാര്യം അവര്‍ക്ക് അനുകൂലമാക്കി എടുക്കാമല്ലോ-സി.ലിസി പറയുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കന്യാസ്ത്രീകളുടെ സേവനവും ക്രിസ്തു ജീവിതവും മാതൃകയാക്കാന്‍ പതിനഞ്ചാം വയസ്സില്‍ മഠത്തില്‍ ചേര്‍ന്നതാണ് സി.ലിസി വടക്കേല്‍. കഴിഞ്ഞ 34 വര്‍ഷത്തോളമായി രാജ്യമെമ്പാടും ഓടിനടന്ന് ക്രിസ്തുവിനു വേണ്ടി സുവിശേഷ സാക്ഷ്യം വഹിച്ചു. ഇന്ത്യയില്‍ എവിടെയും സുവിശേഷവേല ചെയ്യാന്‍ സഭ അനുമതി കത്തും നല്‍കിയിട്ടുണ്ട്. എഫ്.സി.സിയുടെ വിജയവാഡ കോണ്‍ഗ്രിഗേഷനു കീഴിലാണ് ചേര്‍ന്നത്. ആ മഠത്തിന്റെ ഭാഗം തന്നെയാണ് മൂവാറ്റുപുഴയിലെ ജ്യോതിഭവന്‍.

താന്‍ പതിനഞ്ചു വര്‍ഷമായി മഠത്തില്‍ അനധികൃതമായി താമസിക്കുകയാണെന്ന അധികൃതരുടെ വാദവും അവര്‍ തള്ളി. കേരളത്തില്‍ സുവിശേഷ പ്രഘോഷണത്തിന് സഭയാണ് തന്നെ അയച്ചത്. കേരളത്തിലെത്തുമ്പോള്‍ മൂവാറ്റുപുഴയിലെ മഠത്തില്‍ വേണം താമസിക്കാന്‍. അത് ചട്ടമാണ്. താന്‍ അനധികൃതമായാണ് താമസിക്കുന്നതെന്ന അവരുടെ പരാതി പച്ചക്കള്ളമാണ്.

സത്യത്തിന് വേണ്ടി മരിക്കാന്‍ എനിക്ക് ഭയമില്ല. പക്ഷേ, അത് ഫാ.കുര്യാക്കോസ് കാട്ടുതറയുടെ അസ്വഭാവിക മരണം പോലെയാകുമോ എന്ന ഭയം മാത്രം. കാട്ടുതറ അച്ചന്റെ മരണത്തിലെ ദുരൂഹത ഇതുവരെ പുറത്തുവന്നിട്ടില്ല. അസ്വഭാവിക മരണത്തിന് കേസെടുത്തുവെങ്കിലും അഞ്ചു മാസം കഴിഞ്ഞിട്ടും അന്വേഷണം ഒരിടത്തും എത്തിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇത്രയും ഗുരുതരമായ മനുഷ്യാവകാശ ലംഘനം നിരാലംബയായ ഒരു കന്യാസ്ത്രീ നേരിടുന്ന വാർത്ത പുറത്തുവന്നിട്ടും അതൊന്നും കാണാനും കേള്‍ക്കാനും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഇതുവരെ സമയം കിറ്റിയിട്ടില്ല.

.