Thu. Mar 28th, 2024

മാർച്ച് 16- രാഷ്ട്രീയ ജാഗ്രതയുടെ കഥാകാരന്‍ എം സുകുമാരൻ (1943-2018)

മാധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാതെ 1982ല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പിന്നീട് 1992ല്‍ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരികയും വീണ്ടും 1994 മുതല്‍ എഴുത്തിന്റെ ലോകത്ത് നിന്നും പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷനാവുകയും ചെയ്ത എം സുകുമാരന്‍ സാഹിത്യ തത്പ്പരരായ പുതിയ തലമുറയ്ക്ക് പോലും ചിലപ്പോള്‍ അജ്ഞാതനായിരിക്കും

പാലക്കാട്​ ജില്ലയിലെ ചിറ്റൂരിൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി ജനിച്ച എം. സുകുമാരൻ ​ 1963ൽ തിരുവനന്തപുരത്ത്​ അക്കൗണ്ടൻറ്​ ​ ജനറൽ ഒാഫീസിൽ ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത് . 1973ൽ ​യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്ന്​ ഡിസ്​മസ്​ ചെയ്യപ്പെട്ടു.

സർക്കാർ സർവീസിൻറെ ശീതളച്ഛായയിൽ നിന്നും ബഹിഷ്‌കൃതനായ സുകുമാരൻ എഴുത്തിൻറെ വഴികളിലൂടെ തൻറെ പ്രയാണമാരംഭിച്ചു . കനൽ വഴികളിലൂടെ ആൾക്കൂട്ടത്തിൽ തനിയെ യാത്രചെയ്യാൻ ശീലിച്ച സുകുമാരനിൽ നിന്നും മലയാള സാഹിത്യത്തിന് സമാനതകളില്ലാത്ത സൃഷ്ടികൾ ലഭിച്ചു . പോരാട്ടത്തിൻറെ കനൽ വഴികളിലൂടെ സഞ്ചരിച്ചിരുന്ന ക്ഷുഭിത യൗവനം അദ്ദേഹത്തിൻറെ കൃതികൾ മാറോടുചേർത്തു . നിസ്വ വർഗത്തിൻറെ രക്തവും മാംസവും തെരുവുകളിൽ ചവിട്ടിയരയ്ക്കപ്പെട്ടപ്പോൾ തീവ്ര ഇടതു പക്ഷം ചേർന്ന് നിന്നു .


പക്ഷെ വലതുപക്ഷ അപചയത്തിലേക്ക് ഇടതു പക്ഷം മനസാന്തരപ്പെട്ടപ്പോൾ സുകുമാരൻറെ മനസ്സ് വല്ലാതെ നീറി. ഇതിഹാസ കഥാകാരൻ പ്രതിക്ഷേധമായി സർഗസൃഷ്ടിയിൽ നിന്നും സ്വയം വിടുതൽ തേടി. ഇനിയില്ലായെന്നു പറഞ്ഞു 1982 കാലഘട്ടത്തിൽ, നിരാശയുടെ കുടിരങ്ങളിൽ നിന്നും സുകുമാരൻ പുനർജനിച്ചു, പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം പിതൃതർപ്പണത്തിലൂടെ….. രണ്ട് വർഷങ്ങൾക്കു ശേഷം “ജനിതക “മെന്ന അടുത്ത നോവൽ. ഇടയ്ക്കിടെ അടയാളപ്പെടുത്തുന്ന സുകുമാരൻ പിന്നീട് എഴുത്തിലെ മൗനം മരണം വരെ തുടർന്നു .

അടിച്ചമർത്തപ്പെട്ടവരുടെ വേദന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ എം സുകുമാരൻ ‘ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ ” ഉൾപ്പെടെ “പാറ, ശേഷക്രിയ, ജനിതകം, അഴിമുഖം, ചുവന്ന ചിഹ്നങ്ങൾ, എം. സുകുമാരൻറെ കഥകൾ, തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്രഗാഥ, പിതൃതർപ്പണം, ശുദ്ധവായു, വഞ്ചിക്കുന്നം പതി, അസുരസങ്കീർത്തനം എന്നി കൃതികൾ മലയാളത്തിന് സമ്മാനിച്ചു കടന്നുപോയി.


മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. പിതൃതർപ്പണത്തിന് 1992ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം ലഭിച്ചു. 2006ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങൾ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 1981ൽ ശേഷക്രിയയ്ക്കും 1995ൽ കഴകത്തിനും ലഭിച്ചു. സംഘഗാനം, ഉണർത്തുപാട്ട്, പിതൃതർപ്പണം (മാർഗം) എന്നീ കഥകൾ കൂടി ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. മലയാള കഥയുടെ പതിവു രചനാവഴികളെ ചോദ്യംചെയ്ത  മാര്‍ക്‌സിസ്റ്റ് ആശയത്തോടുള്ള ആഭിമുഖ്യം പുലര്‍ത്തുന്ന ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളായിരുന്ന അദ്ദേഹത്തിന്റെ രചനകള്‍ എം സുകുമാരന്റെ മേല്‍ അന്ന് നക്സല്‍ എന്ന പട്ടം ചാര്‍ത്തി കൊടുത്തു.