Thu. Mar 28th, 2024

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റപത്രം സമര്‍പ്പിക്കുന്നത് അനിശ്ചിതമായി വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മീഷണറീസ് ഓഫ് ജീസസ് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി ഹരിശങ്കറുമായി കൂടിക്കാഴ്ച നടത്തി. . ‘ഞങ്ങളെ വീണ്ടും തെരുവിലേക്ക് ഇറക്കല്ലേ..’ എന്നു മാത്രമാണ് അധികാരികളോട് പറയാനുള്ളതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. കുറ്റപത്രം അനന്തമായി വൈകിയാല്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന സൂചന കൂടിക്കാഴ്ചയ്ക്കുശേഷം കന്യാസ്ത്രീകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.

കുറ്റപത്രം വൈകുന്നതിനു പിന്നില്‍ സമ്മര്‍ദ്ദമുണ്ടെന്ന് തങ്ങള്‍ സംശയിക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനമായിരിക്കാം സമ്മര്‍ദ്ദത്തിനു പിന്നില്‍. മഠത്തിനുള്ളില്‍ നിന്നുതന്നെ പരാതിക്കാരിയ്ക്ക് നേരിടുന്ന പീഡനങ്ങള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നോ ഭക്ഷണമോ നല്‍കുന്നില്ല. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ സി.ലിസി വടക്കേല്‍ അടക്കമുള്ളവരുടെ സുരക്ഷയിലുള്ള ആശങ്കയും എസ്.പിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ ആലോചിക്കാമെന്ന് എസ്.പി അറിയിച്ചതായും സി.അനുപമ പറഞ്ഞു.

കുറ്റപത്രം മൂന്നാലു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമര്‍പ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന് എസ്.പി അറിയിച്ചുവെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ഞങ്ങളെ വീണ്ടും തെരുവിലേക്ക് ഇറക്കരുത്. അനിശ്ചിതകാല സമരത്തിലേക്ക് ഇറങ്ങുന്ന അവസ്ഥ ഉണ്ടാക്കി തരരുതെന്ന് മാത്രമാണ് പറയാനുള്ളതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തതോടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള തന്ത്രപരമായ നീക്കം സഭകൾക്കുമാത്രമല്ല ആർക്കും നടക്കും എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന നീക്കമാണ് ഇന്ന് കന്യാസ്ത്രീകള്‍ നടത്തിയത്. കുറ്റപത്രം അനിശ്ചിതമായി നീളുന്നുവെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ വീണ്ടും തെരുവിലേക്ക് സമരവുമായി ഇറങ്ങുന്ന സാഹചര്യം ഈ സമയത്ത് ഒരിക്കലും സര്‍ക്കാര്‍ ആഗ്രഹിക്കില്ല.