Sat. Apr 20th, 2024

✍️  ലിബി. സി എസ്

ഇന്ത്യൻ നവോത്ഥാനചരിത്രത്തിൽ ഇന്നും അവഗണിക്കപ്പെടുന്ന ഒരു നാമമാണ് അയ്യാ വൈകുണ്ഠ സ്വാമിയുടേത്. 1809 മാർച്ച് 12 ന് ആണ് അദ്ദേഹം ജനിച്ചത്. കേരളക്കരയിൽ ആദ്യമായി സാമൂഹ്യനവോത്ഥാനത്തിനു നാന്ദി കുറിച്ച വിപ്ലവകാരികളിൽ ഒന്നാമനായിരുന്നു സ്വാമികൾ. സാമൂഹ്യ നവോത്ഥാനത്തിനു ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും കൽത്തുറുങ്കിലടക്കപ്പെടുകയും ചെയ്ത ഏക കേരളീയനും അദ്ദേഹമാണ്. പിന്നീടു വന്ന നവോത്ഥാന നായകന്മാർക്കാർക്കും വിപ്ലവം പ്രസംഗിച്ചതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെടുകയോ മർദ്ദനം ഏൽക്കേണ്ടിയോ വന്നിട്ടില്ല.

ഇന്ത്യൻ നവോത്ഥാനത്തി​​ൻറെ പിതൃത്വം അക്കാദമിക്ക് ചരിത്രകാരന്മാർ ചാർത്തിക്കൊടുത്ത രാജാ റാം മോഹൻ റായ് നയിച്ച പ്രസ്ഥാനം ഉത്തരേന്ത്യയിലെ നവസവർണ മേലാളന്മാരുടെ ഉന്നതിക്കുവേണ്ടിയുള്ള ആധുനിക മുതലാളിത്ത പ്രസ്ഥാനമായിരുന്നു. എന്നാൽ, കൊളോണിയൽ ആധുനികതയുടേയും നാടൻ മുതലാളിത്ത ആധുനികതയുടേയും മുന്നേറ്റങ്ങൾക്കെതിരെ ഒരു കീഴാള ബദൽ ആധുനികതയുടെ ധാർമികലോകത്തെ ധീരമായി ഭാവനചെയ്​ത്​ അതി​​ൻറെ സാക്ഷാത്കാരത്തിന്​​ പ്രവർത്തിക്കുകയും ചെയ്ത മഹാത്മാവാണ് വൈകുണ്ഠ സ്വാമികൾ.

കന്യാകുമാരി ശുചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടം എന്ന ഉത്സവത്തിന് അയിത്തജാതിക്കാരെ കൂട്ടി പരസ്യമായി രഥത്തിന്റെ കയറിൽ പിടിച്ചു വലിച്ച് ആചാരലംഘനം നടത്തി എന്നതാണ് അദ്ദേഹം ചെയ്ത കുറ്റം. വൈക്കം സത്യാഗ്രഹത്തിന് ഏകദേശം 80 വർഷം മുൻപാണ് വൈകുണ്ഡസ്വാമികൾ തന്റെ അനുയായികളുമായി ശുചീന്ദ്രം തേരോട്ടത്തിൽ തേരു വലിക്കാൻ എത്തിയത്. അന്നത്തെ തിരുവിതാംകൂർ രാജാവായ സ്വാതിതിരുനാളാണ് വൈകുണ്ഠസ്വാമികളെ അറസ്റ്റു ചെയ്യാൻ ആജ്ഞ പുറപ്പെടുവിച്ചത്. 110 ദിവസത്തെ കാരാഗ്രഹവാസത്തിന് ശിക്ഷിച്ച് അദ്ദേഹത്തെ മണക്കാടിനു സമീപമുള്ള ശിങ്കാരത്തോപ്പിലെ ജയിലിലടച്ചു. അവിടെ വച്ച് കഠിനമായ ദേഹോപദ്രവങ്ങൾക്ക് അദ്ദേഹം വിധേയനാകേണ്ടിവന്നു. തിരുവിതാംകൂർ രാജാവിനെ ‘അനന്തപുരി നീചനെ’ന്നും അന്നത്തെ ബ്രട്ടീഷ് റസിഡന്റിനെ ‘വെൺനീചനെ ‘ന്നും വിളിച്ച വൈകുണ്ഠസ്വാമികളെ സ്വാതീതിരുനാളിന്റെ രാജഭരണത്തിനെതിരായ വിപ്ലവകാരിയായിട്ടാണ് സർക്കാർ റവന്യൂ റിക്കാർഡുകളിൽ കാണിച്ചിരിക്കുന്നത്.

വൈകുണ്ഠ സ്വാമികൾ ജനിച്ചത് 1809 മാർച്ച് 12 ആം തിയതി തെക്കൻ തിരുവിതാംകൂറിലെ സ്വാമിത്തോപ്പ് എന്നറിയപ്പെടുന്ന സ്ഥലത്താണ്. ചാന്നാർ സമുദായത്തിൽപ്പെട്ട (ഇന്ന് നാടാർ സമുദായം) പൊന്നു മാടന്റേയും, വെയിലാളിന്റേയും രണ്ടാമത്തെ മകനായാണ് അദ്ദേഹം ജനിച്ചത്. ചരിത്രത്തിലാദ്യമായി വനിതകൾ നടത്തിയ അവകാശ പോരാട്ടമായിരുന്നല്ലോ ‘ചാന്നാർ ലഹള’. വൈകുണ്ഠ സ്വാമികളുടെ പ്രവർത്തന കാലമായപ്പോൾ ചാന്നാർ സ്ത്രീകൾക്കു കുപ്പായം ധരിക്കാനുള്ള അവകാശം നേടിയെടുത്തു കഴിഞ്ഞിരുന്നു. പിന്നെ കുപ്പായത്തിനു പുറത്ത് ഒരു രണ്ടാം മുണ്ടിടാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണ് നടന്നത്. ‘മേൽശീല കലാപം’ എന്നു പറയുന്ന രണ്ടാം ഘട്ടത്തിന് അദ്ദേഹത്തിന്റെ സ്വാധീനത ഏറെയാണ്. സവർണരുടെ എല്ലാ മർദ്ദനങ്ങളേയും അതിജീവിച്ച് ലക്ഷ്യം നേടാൻ ചാന്നാന്മാരെ പ്രേരിപ്പിച്ചത് വൈകുണ്ഠസ്വാമികളുടെ ആശയങ്ങളും അതനുസരിച്ചുള്ള ജീവിതവുമാണ്.

വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്യുന്നതിന് കേവലം 12 ദിവസങ്ങൾക്കു മുമ്പു ജനിച്ച വൈകുണ്ഠ സ്വാമികൾക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ പേര് ‘മുത്തുക്കുട്ടി’എന്നായിരുന്നു. അദ്ദേഹത്തിന് അവർ ആദ്യം നൽകിയ പേര് മുടിചൂടും പെരുമാൾ എന്നായിരുന്നു. പക്ഷേ സവർണ്ണർ അത് അനുവധിച്ചില്ല. പെരുമാൾ എന്ന പദം അവർണ്ണർ ഉപയോഗിക്കാൻ പാടില്ലത്രേ. പെരുമാൾ എന്നാൽ പെരിയ ആൾ. ഒരു നാടാർ ഒരിക്കലും പെരിയ അൾ ആകില്ല. അത് ബ്രാഹ്മണനോ ബ്രാഹ്മണൻ നിശ്ചയിക്കുന്ന ആളോ മാത്രം. ഇരുപത്തിനാലാമത്തെ വയസിനു ശേഷമാണ് അദ്ദേഹം വൈകുണ്oസ്വാമി എന്ന പേരു സ്വീകരിച്ചത്. അന്നു മുതൽ 1851-ൽ 42 ആം വയസ്സിൽ അദ്ദേഹം മരിക്കുന്നതുവരെയുള്ള 18 വർഷത്തിനിടയിൽ അദ്ദേഹം ചെയ്ത പ്രവൃത്തികൾ ആരേയും അത്ഭുതപ്പെടുത്തുന്ന മഹത്തായ കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് നവോത്ഥാനത്തിന്റെ കൊടിയുമായി പിൽക്കാലത്ത് മുന്നോട്ടുവന്നവരെല്ലാം നടത്തിയ വിപ്ലവത്തിന്റെ ബീജം വൈകുണ്ഠ സ്വാമികളുടെ പ്രവർത്തനത്തിലുണ്ട്.

ജാതീയമായ ഉച്ചനീചത്വങ്ങൾ കർശനമായി പാലിക്കപ്പെടുകയും അത് ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യാവസ്ഥ നിലനിൽക്കുന്ന കാലത്താണ് മനുഷ്യരെല്ലാം സമന്മാരാണെന്ന ബോധ്യം സൃഷ്ടിക്കുന്നതിനുവേണ്ടി തനിക്കു ചുറ്റുമുള്ള 18 അവർണ്ണ ജാതികളെയും കോർത്തിണക്കി ‘സമത്വസമാജം’ എന്ന സംഘടന രൂപീകരിച്ചത്. സവർണർക്കു പോലും സംഘടന ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം ഒരു സംഘടന സ്ഥാപിച്ചത്. സമത്വ സമാജത്തിൽ എല്ലാ ജാതിക്കാർക്കും അംഗത്വം കൊടുത്തു. ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്യാൻ എല്ലാജാതിക്കാരേയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന “സമപന്തിഭോജനം” വിജയകരമായി ആദ്യം നടപ്പിലാക്കിയത് വൈകുണ്ഠസ്വാമികളാണ്.

എല്ലാത്തരത്തിലുള്ള ജാതി മേധാവിത്വത്തേയും അദ്ദേഹം എതിർക്കുകയും ചെയ്തു. കൂലിയില്ലാതെ നിർബന്ധമായി ചെയ്യേണ്ട “ഊഴിയ’വേല ചെയ്തുവന്ന കർഷക അടിയാളരിൽ ചെറുത്തുനിൽപിന്റെ വിത്തുപാകുകയും, ജന്മിമാർക്ക് അന്യായ പാട്ടം കൊടുക്കരുതെന്ന് കർഷകരെ ഉപദേശിക്കുകയും, അന്നത്തെ ജനതയുടെ മേൽ ചുമത്തപ്പെട്ടിരുന്ന അന്യായമായകരം പിരിവിനേയും, നിർബന്ധിച്ചു ചെയ്യിച്ചു കൊണ്ടിരുന്ന തൊഴിലിനെ എതിർത്തു തോൽപ്പിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്തു. വിഗ്രഹാരാധനയ്ക്കും മൃഗബലിക്കുമെതിരെ ജനങ്ങളിൽ ബോധവൽക്കരണം നടത്തുകയും, മേൽജാതിക്കാരുടേതു മാത്രമായ തലപ്പാവ് താഴ്ന്ന ജാതിക്കാരെക്കൊണ്ടു ധരിപ്പിക്കുകയും ചാന്നാർ സ്ത്രീകളുടെ കുപ്പായം മേൽജാതിക്കാർ വലിച്ചു കീറുന്ന സാഹചര്യത്തിൽ സ്ത്രീയും പുരുഷനും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാമികൾ അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

സമത്വസമാജത്തിന്റെ ശാഖകൾ കന്യാകുമാരിമുതൽ കൊട്ടാരക്കര വരെ വ്യാപിച്ചു. അതിന്റെ ആഭിമുഖ്യത്തിൽ നാടൊട്ടാകെ അദ്ദേഹം അയിത്തജാതിക്കാരുടെ ക്ഷേത്രങ്ങളും സ്ഥാപിച്ചു. “നിഴൽതങ്കൽ” എന്നാണ് അവ അറിയപ്പെട്ടിരുന്നത്. ശുചീന്ദ്രം സംഭവത്തിനു ശേഷം സവർണ്ണ ജാതിക്കാരുടെ ക്ഷേത്രങ്ങളെ അദ്ദേഹം ബഹിഷ്കരിച്ചു. നിഴൽ തങ്കലിലെ പൂജാരിമാർ എല്ലാ ജാതികളിലും പെട്ടവരായിരുന്നു. അവിടെ പൂജാരിമാർ ആർക്കും നിവേദ്യം വലിച്ചെറിഞ്ഞ് കൊടുക്കുകയില്ല. ഭക്തരുടെ നെറ്റിയിൽ പൂജാരി സ്വന്തം വിരൽ കൊണ്ട് ഭസ്മം തേച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. അവർ അന്യോന്യം അയ്യാ എന്നാണ് വിളിച്ചിരുന്നത്. അവർ ഒരുകാലത്ത് അറിയപ്പെട്ടിരുന്നതു തന്നെ ‘അയ്യാ വഴിമക്കൾ’ എന്നാണ്. ഓരോ നിഴൽ തങ്കലിന്റെയും കൂടെ ‘പതി’കളുമുണ്ടായിരുന്നു.

പാഠശാലകളാണ് പതികൾ. അതു പഴയ ബുദ്ധകാലഘട്ടത്തെ അനുസ്മരിപ്പിച്ചു. പളളി’കൾ എന്നറിയപ്പെട്ടിരുന്ന ബുദ്ധ ആരാധനാലയങ്ങളോടൊപ്പം പള്ളിക്കൂടങ്ങളുമുണ്ടായിരുന്ന കാലഘട്ടത്തിന്റെ ആധുനിക രൂപമായിരുന്നു അവ. സമത്വവും സാഹോദര്യവും അദ്ദേഹം സ്ഥാപിച്ച നിഴൽ തങ്കൽ എന്ന ദേവാലയങ്ങളിൽ പരിലസിച്ചു. സമൂഹജീവിതരീതി അവിടെ ഉടലെടുത്തു. അയിത്തം നിർമാർജനം ചെയ്യപ്പെട്ടു. മനുഷ്യർ സഹോദരങ്ങളാണ്. അവർക്ക് ഒരുമിച്ച് ഭക്ഷണം ശേഖരിക്കുകയും ഒരുമിച്ച് പാകം ചെയ്യുകയും ഒരുമിച്ചു ഭക്ഷിക്കുകയും ഒരുമിച്ചുറങ്ങുകയും ഒരുമിച്ചു ജീവിക്കുകയും ചെയ്യാം എന്ന് അദ്ദേഹം തന്റെ നിഴൽതങ്കൽ എന്ന സ്ഥാപനങ്ങളിലൂടെ കാണിച്ചു കൊടുത്തു.

അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പിൽ അദ്ദഹം ഒരു ക്ഷേത്രവും സ്ഥാപിച്ച. അവിടെ അദ്ദേഹം കണ്ണാടിയാണ് പ്രതിഷ്ഠിച്ചത്. ആത്മാഭിമാനത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം അത് ചെയ്തത്. സ്വാമിത്തോപ്പിലെ ക്ഷേത്രത്തിൽ തലേക്കെട്ടുമായിട്ടാണ് അയിത്തജാതിക്കാർ ഭർശനം നടത്തുന്നത്. കണ്ണാടിയിലൂടെ കാണുന്ന സ്വന്തം പ്രതിരൂപത്തെ ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ ജനതയോട് സംഘടിച്ച് ശക്തി പ്രാപിക്കാനും, അക്ഷരം പഠിച്ച് അറിവുനേടാനും അദ്ദേഹം ആഹ്വാനം ചെയ്യുകയും അതിനുള്ള മാർഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്തു. മൂന്നു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. അഖിലത്തിരട്ട്, സാട്ട്, അരുൾനൂൽ, എന്നിവയാണവ. സ്വാമികളുടെ അന്ത്യം1851 ജൂൺ 3-ാം തിയതി സ്വാമിത്തോപ്പിൽ വെച്ചായിരുന്നു.(ഇന്നത് തമിഴ്നാടിന്റെ ഭാഗം). അദ്ദേഹത്തെ സംസ്ക്കരിച്ച സ്ഥലത്ത് അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഒരു ‘നിഴൽ തങ്കൽ’ സ്ഥാപിച്ചു. ഇന്നത് ഭക്ഷിണേന്ത്യയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്.

കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന് നാന്ദി കുറിച്ച വിപ്ലവകാരികളിൽ ഒന്നാമൻ വൈകുണ്ഠസ്വാമികൾ തന്നെയാണ്. അദ്ദേഹം കൈവയ്ക്കാത്ത ഒരു രംഗവുമില്ല. അതിനാൽ നവോത്ഥാന രംഗത്തെ അദ്ദേഹത്തിന്റെ പ്രവർത്തനം സമഗ്രമായിരുന്നു, സമ്പൂർണ്ണമായിരുന്നു. ഒരു സാംസ്കാരിക മൂലധനവുമില്ലാതെയാണ് അദ്ദേഹം തന്റെ പ്രവർത്തന മണ്ഡലത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് രംഗത്തെത്തിയ നവോത്ഥാന നായകരുമായി താരതമ്യപ്പെടുത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രത്യേകത വ്യക്തമാകുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പന്ത്രണ്ടു വർഷം മുമ്പ് സമത്വത്തിന്റെ സന്ദേശം കേരളത്തിന് നൽകിയ മുനിശ്രേഷ്ഠനായിരുന്നു വൈകുണ്ഠസ്വാമികൾ.!!

എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യൻ രാഷ്ട്രീയം തെക്കൻ തിരുവിതാംകൂറിലെ നാടാർ സമുദായത്തെ ഒരു കീഴാള വോട്ടു ബാങ്കായി ബന്ധിച്ചതോടെ വൈകുണ്ഠ സ്വാമികളുടെ നാമം ഒരു ജാതിഗുരുവിൻറെതു മാത്രമായി ചുരുങ്ങി. ശ്രീനാരായണ ഗുരുവും വൈകുണ്ഠ സ്വാമികളെപ്പോലെ കേരളത്തിലെ കൊളോണിയൽ നവസവർണ ഭരണ കൂട്ടുകെട്ടിന് എതിരെയാണ് നിലകൊണ്ടത്. അതായിരുന്നു ഗുരുവി​​​ൻറെ ധാർമിക നവോത്ഥാന പദ്ധതിയുടെ രാഷ്ട്രീയം.

ഗാന്ധിജി ഇന്ത്യൻ മുതലാളിമാരെ മുൻനിർത്തി സ്വാതന്ത്ര്യ സമരമെന്ന ജനകീയ ജനാധിപത്യപ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തപോലെ ഗുരു ഈഴവ മുതലാളിമാരെ മുൻനിർത്തിയാണ് കീഴാള നവോത്ഥാനപ്രസ്ഥാനത്തെ നയിച്ചത്. ഇന്ത്യൻ മുതലാളിത്ത മൂലധനത്തിൻറെ ഉത്കർഷേച്ഛ ഗാന്ധിയെ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തതെങ്കിൽ കേരളത്തിൽ ഈഴവ മുതലാളിത്തം നാരായണ ഗുരുവിനെ പൂർണമായി കീഴാള വർഗങ്ങളിൽനിന്ന് തട്ടിയെടുക്കുകയാണ് ചെയ്തത്.

അധികാര കൈമാറ്റ കാലത്തെ ഗാന്ധിയുടെ ദുഃഖം പോലെത്തന്നെ തീവ്രമായിരുന്നു ജീവിതാവസാന കാലത്ത് ഗുരുവി​​​ൻറെ ദുഃഖവും. എസ്​.എൻ.ഡി.പി യോഗത്തെ സ്വന്തം വർഗതാൽപര്യം സംരക്ഷിക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റുകയും ശ്രീനാരായണ ധർമത്തെ സ്വയം നവസവർണവത്​കരണത്തിനുള്ള പദ്ധതിയാക്കി മാറ്റുകയുമാണ് അവർ ചെയ്തത്. നാരായണ ഗുരു ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ട് ഡോ. പൽപുവിന് എഴുതിയ കത്തുകൾ ഇതിന് തെളിവാണ്.

എസ്​.എൻ.ഡി.പിയുടെ സ്ഥാപകനേതാവായ ഡോ. പൽപ്പുവിനെ അവർ ദശാബ്​ദങ്ങൾ നീണ്ട നിരാലംബമായ ഏകാന്ത ജീവിതത്തിലേക്കും ഭ്രാന്തിലേക്കും ബലമായി തള്ളിയിട്ടു. ഡോ. പൽപ്പുവി​​ൻറെ ധിഷണാശാലിയും മഹാപണ്ഡിതനുമായ പുത്രനെ (നടരാജ ഗുരു) അവർ ശിവഗിരി മഠത്തിൽനിന്ന് അവമാനിച്ചു പുറത്താക്കി. കേരളീയ നവോത്ഥാനത്തിൻറെ ഈ അട്ടിമറിയുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല.

ഇങ്ങനെ കീഴാളനവോത്ഥാനം അട്ടിമറിക്കപ്പെട്ടു. പുന്നപ്ര വയലാർസമരത്തിന് പിന്നിൽ ശ്രീനാരായണ പ്രസ്ഥാനത്തിൻറെ സ്വാധീനം എത്രമാത്രമുണ്ടെന്ന് സി. കേശവ​​ൻറെയും മറ്റും വിവരണങ്ങളിൽനിന്ന് അറിയാം. എന്നാൽ, പുന്നപ്ര-വയലാർ സമരകാലത്ത് ആർ. ശങ്കറി​​​ൻറെ നേതൃത്വത്തിൽ ആയിരുന്ന എസ്.എൻ.ഡി.പി, സർ സി.പിയുടെ ഭാഗത്തായിരുന്നു. അതിനുശേഷമാണ് ആർ. ശങ്കറും മന്നവും ചേർന്ന് ‘ഹിന്ദുമഹാസഭ’ എന്ന ഹൈന്ദവ മതരാഷ​്ട്രീയ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നത്. അക്കാലത്തെ മന്നത്ത് പത്മനാഭ​​​​​ൻറെ ഡയറിക്കുറിപ്പുകളിൽ ഗോൾവാക്കറും അദ്ദേഹവുമായി നിലനിന്ന അടുത്ത ൻറെ രാഷ്‌ട്രീയ യബന്ധം പറയുന്നുണ്ട്​.

സവർണവത്​കരിക്കപ്പെട്ട കേരളീയ മുതലാളി വർഗം കീഴാള ജനതയുടെ നവോത്ഥാനത്തെ അട്ടിമറിക്കുന്നതി​​ൻറെ ഒരു പുതിയ ഘട്ടമായിരുന്നു ‘ഹിന്ദുമഹാസഭ’. ഇതിനുശേഷം ശക്തിപ്പെടുന്ന വിവിധ മത സാമുദായിക രാഷ്​​്ട്രീയ പ്രസ്ഥാനങ്ങൾ കീഴാള രാഷ്​​്ട്രീയ മുന്നേറ്റങ്ങൾക്കെതിരെ ഐക്യപ്പെടുന്നതും അടുത്ത ചുവടു​വെക്കുന്നതും നാം കാണുന്നത് വിമോചന സമരത്തിലാണ്. വിമോചന സമരത്തിൻറെ വിജയത്തിനു ശേഷം കേരളീയ നവോത്ഥാനത്തി​​ൻറെ പരസ്പരം ഏറ്റുമുട്ടിയ മേലാള -കീഴാള ധാരകൾ തമ്മിലുള്ള അന്തരം വിസ്മരിക്കപ്പെടുകയും നവോത്ഥാനമെന്നത് ആധുനിക കേരളത്തി​ൻറെ നിർമിതിയിൽ പ്രവർത്തിച്ച ഒരൊറ്റ ലിബറൽ സാംസ്കാരിക പ്രസ്ഥാനമായി അവതരിപ്പിക്കപ്പെടാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ നവോത്ഥാനം കേരളസമൂഹം ഒന്നാകെ അണിനിരന്ന് ‘അടി​വെച്ചടി​വെച്ചു’ മുന്നോട്ടുവന്ന ഒരു പ്രക്രിയയായി ചിത്രീകരിക്കപ്പെടാനും തുടങ്ങി.

ഇതി​ൻറെ ഫലമായാണ്നാരായണ ഗുരുവും ഡോ. പൽപുവും കുമാരനാശാനും അയ്യങ്കാളിയും മറ്റും നയിച്ച കേരളത്തിലെ കീഴാള ജനകീയ നവോത്ഥാന പ്രസ്ഥാനത്തെ ഇന്ന് തുഷാര കുമാരൻ സംഘ്​പരിവാറിന്​ അനായാസം അടിയറവെക്കുന്നത്. ഇതി​​ൻറെ ഒരു ദയനീയവശം, ഈ പ്രക്രിയയെ ചെറുത്തുനിൽക്കുന്നു എന്നവകാശപ്പെടുന്ന പുരോഗമന ശാസ്ത്ര-സാംസ്കാരിക പ്രസ്ഥാനങ്ങൾക്കൊന്നും എത്രയോ കാലമായി മേലാളന്മാർ നിർണയിക്കുന്ന കളിക്കളത്തിനപ്പുറത്തേക്ക് പോകാൻ കഴിയുന്നില്ല എന്നതാണ്. ഇതിൻറെ ഫലമായി ഇവരും ചെയ്തത് കേരളീയ നവോത്ഥാനത്തെ ഏകരൂപവും ഏകമുഖവുമായ ഒരു ലിബറൽ പുരോഗമന പ്രസ്ഥാനമാക്കി അതിൻറെ രാഷ്്ട്രീയ ഉള്ളടക്കത്തെ ചോർത്തിക്കളയുകയാണ്.

ഈ വിധത്തിൽ നിർവീര്യമാക്കപ്പെട്ട നവോത്ഥാനത്തിൻറെ ചരിത്രം എത്ര ആവേശത്തോടെ ആവർത്തിച്ചാലും അവർക്ക് കേരളത്തിൻറെ ധാർമിക ജീവിതത്തെ ഗ്രസിക്കുന്ന സംഘ്​പരിവാർ രാഷ്​​്ട്രീയത്തിനെതിരായ സമരത്തിൽ നവോത്ഥാനത്തി​ൻറെ ജനകീയ കീഴാള പാരമ്പര്യത്തെ ഒപ്പം കൂട്ടാൻ കഴിയില്ല

കേരളീയ നവോത്ഥാനത്തി​ൻറെ ഈ വിപരീത പ്രവണതകളുടെ പശ്ചാത്തലത്തിലാണ് നവ മാനവികതയേയും തൊട്ടടുത്തുതന്നെ പൊന്തിവന്ന മതവർഗീയതയുടെയും സമാന്തര സാന്നിധ്യത്തിൻറെ പൊരുൾ തിരിച്ചറിയാൻ കഴിയുന്നത്. കേരളത്തിൽ ഉയർന്നുവന്ന പുതിയ മാനവികത വൈകുണ്ഠ സ്വാമിയിലൂടെയും ശ്രീനാരായണ ഗുരുവിലൂടെയും രൂപപ്പെട്ട ബദൽ കീഴാള ആധുനികതയെ മുന്നോട്ടു കൊണ്ടുവരുകയും ക്രിയാഭരിതമാക്കുകയുമാണ് ചെയ്യുന്നത്. അതിനുമുന്നിൽ പിടിച്ചുനിൽക്കാൻ സംഘ്​പരിവാറിന് ആകില്ല. അതുകൊണ്ട് സംഘ്​പരിവാറിനെതിരായ പഴയ ലിബറൽ പുരോഗമനവാദത്തി​ൻറെ കാലഹരണപ്പെട്ട ചിന്താഗതികൾവിട്ട് ബദൽ ആധുനികതയുടെ ഈ പുതിയ സ്ഫുരണത്തെ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

അവലംബം:-
1- ദലിത്ബന്ധു.
2-Dr. ജോയി ബാലൻ
3-Dr.ഹരികുമാർ വിജയലക്ഷിമി