Sun. Feb 25th, 2024

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. വാര്‍ത്താ കുറിപ്പിലൂടെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയാണ് ഇക്കാര്യം അറിയിച്ചത്. പി ജെ ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും സമ്മര്‍ദവും മറികടന്നാണ് തീരുമാനം.

താന്‍ മത്സരിക്കുമെന്നും സീറ്റ് ലഭിക്കുമെന്ന് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും പി ജെ ജോസഫ് വൈകീട്ടും വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും ചില മതമേലധ്യക്ഷന്‍മാരും പി ജെ ജോസഫിനായി രംഗത്തിറങ്ങി. തന്റെ വിശ്വസ്തനായ തോമസ് ചാഴിക്കാടന് സീറ്റ് നല്‍കാന്‍ മാണി തീരുമാനിക്കുകയായിരുന്നു.

ജോസഫ് വിഭാഗം നേതാക്കള്‍ തൊടുപുഴയില്‍ യോഗം ചേരുകയാണ്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം പാര്‍ട്ടിവിട്ടേക്കുമെന്ന് സൂചന. കോട്ടയം സീറ്റില്‍ മത്സരിക്കണമെന്ന വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിക്കാത്ത മാണി വിഭാഗത്തിന്റെ നിലപാടില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തിയിലാണ്.

ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത തീരുമാനം: ആഞ്ഞടിച്ച് ജോസഫ്

തനിക്ക് സീറ്റ് നിഷേധിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് പി ജെ ജോസഫ്. മുന്നണിയിലെ മറ്റ് കക്ഷികളുടെ അഭിപ്രായം പോലും അവഗണിച്ചു. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. അസാധാരണമായ തീരുമാനമാണിത്. ജില്ലക്ക് പുറത്തുനിന്നൊരാള്‍ മത്സരിക്കാന്‍ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.

റോഷി അഗസ്റ്റില്‍ ഇടുക്കിയില്‍ മത്സരിച്ചത് ജില്ല മാറിയല്ലേയെന്നും ജോസഫ് ചോദിച്ചു. തീരുമാനം പാര്‍ട്ടി തിരുത്തുമെന്നാണ് പ്രതീക്ഷ. മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.