Sat. Apr 20th, 2024

കുട്ടികളായ വായനക്കാരുടെ ഇടയിൽ ‘അങ്കിൾ പൈ’ എന്ന പേരിൽ അറിയപ്പെടുകയും ലോകപ്രശസ്തമായ അമർചിത്രകഥ കോമിക്കുകളിലൂടെ ഇന്ത്യൻ പുരാണ കഥാപാത്രങ്ങളെ കുട്ടികൾക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്ത വിദ്യാഭ്യാസ വിദഗ്ദ്ധനാണ് അനന്ത് പൈ. കുട്ടികളിൽ വായനാശീലം വളർത്തുന്നതിൽ അനന്ത്‌ പൈ ആരംഭിച്ച അമർച്ചിത്ര കഥ വഹിച്ച പങ്ക്‌ വളരെ വലുതാണ്. അതോടൊപ്പം തന്നെ ഈ അമർചിത്രകഥകൾ ആണ് ഇന്നത്തെ ആചാര സംരക്ഷകരെയും ദേശസ്നേഹികളേയും വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതെങ്കിലും അവരാരും ഇന്ന് അദ്ദേഹത്തെ സ്മരിക്കുകയോ ഉപകാരസ്‌മരണ പ്രകടിപ്പിക്കുകയോ ചെയ്തുകണ്ടില്ല.

1967-ൽ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേർസുമായി ചേർന്നാണ് അനന്ത് പൈ, അമർചിത്രകഥ ആരംഭിച്ചത്. ‘കൃഷ്ണ’ എന്ന പേരിലാണ് ആദ്യത്തെ അമർചിത്രകഥ പുറത്തിറങ്ങിയത്. പരീക്ഷണമെന്ന നിലയിൽ പുറത്തിറങ്ങിയ അമർചിത്രകഥ പിന്നെ കുട്ടികളുടെ കൂട്ടുകാരനായി മാറുകയായിരുന്നു.

1980-ൽ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിൾ ആരംഭിച്ചതും അനന്ത്‌ പൈ ആണ്‌. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടർ.

കുട്ടികളിലെ വ്യക്തിത്വ വികാസത്തിന്ന് വേണ്ടിയുള്ള പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.മഹാരാഷ്ട്ര രാജ്യ ഹിന്ദി സാഹിത്യ അവാർഡ്‌, ഡോ. ടി. എം. എ. പൈ അവാർഡ്‌, കൊങ്കണി സമ്മേളൻ അവാർഡ്‌, പ്രിയദർശിനി അക്കാഡമിക്‌ അവാർഡ്‌ അടക്കം നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്‌. 2011 ൽ സംഘടിപ്പിച്ച ആദ്യ ഇന്ത്യൻ കോമിക്‌ കൺവെൻഷനിൽ വെച്ച്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡും ലഭിച്ചു.അനന്ത പൈ തയ്യാറാക്കി വിതരണം ചെയ്തു വന്നിരുന്ന കോമിക്‌സ് സ്ട്രിപ്പിലെ (ചിത്രകഥാപരമ്പര) മുഖ്യ കഥാപാത്രമായാണ് ‘കപീഷ്’ കാർട്ടൂൺ ലോകത്തേക്ക്‌ എത്തുന്നത്. ഈ ശീർഷകത്തിലുള്ള ആദ്യത്തെ കോമിക്‌സ് പ്രസിദ്ധീകരിച്ചത് 1976-ൽ കാർട്ടൂണിസ്റ്റ് ശങ്കർ സ്ഥാപിച്ച ‘ചിൽഡ്രൻസ് വേൾഡ്’ എന്ന ഇംഗ്ലീഷ് ബാലമാസികയിലാണ്. പിന്നീട് ഇത് ഇന്ത്യയിലെങ്ങുമുള്ള വിവിധ ഭാഷകളിലുള്ള ബാലമാസികകളിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനാരംഭിച്ചു.

മലയാളത്തിൽ ഇതിന്റെ പ്രസിദ്ധീകരണ അവകാശം നേടിയ പൈകോ, അവരുടെ ‘പൂമ്പാറ്റ’ എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കം മുതൽ (1978 ജൂൺ) പ്രസിദ്ധീകരിക്കാനാരംഭിച്ചു. ഈ പൈകോ യും അനന്ത്‌ പൈ യും ഒന്നല്ല. 1956 ൽ എറണാകുളം ജൂ സ്‌ട്രീറ്റിലെ പൂക്കാരൻ മുക്കിൽ സ്ഥാപിതമായി പുസ്തക-മാസികാ വിപണനത്തിലും അച്ചടിരംഗത്തും കേരളത്തിലെങ്ങും പ്രശസ്തമായിക്കഴിഞ്ഞ സ്ഥാപനമാൺ, എസ്. വാസുദവേ പൈ – എസ്.വി.പൈ എന്നിവരുടെ ഉടമസ്ഥതയിലുള്ള പൈ & കമ്പനി എന്ന പൈകോ. 

പിന്നീട് ‘ബാലരമ’ ഇതിന്റെ മലയാളം പ്രസിദ്ധീകരണ അവകാശം നേടി. ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻദാസ് ആണ് ഇതിലെ ബഹുഭൂരിപക്ഷം ചിത്രങ്ങളും വരച്ചിട്ടുള്ളത്. നാലു പേജുകളുള്ള ഒരു ചിത്രകഥയിൽ ഒരു ഖണ്ഡം പൂർത്തിയാകും വിധമാണ് ഈ ചിത്രകഥാപരമ്പര തയ്യാറാക്കിയിട്ടുള്ളത്. അനന്ത പൈയുടെ (കുട്ടികളുടെ അങ്കിൾ പൈ) ജന്മദേശമായ തെക്കൻ കർണ്ണാടകയിലെ ഒരു വനത്തിന്റെ പശ്ചാതലത്തിലാണ് സംഭവവിവരങ്ങൾ ഒക്കെയും. ഈ വനത്തിന് അങ്കിൾ പൈ നൽകിയ പേര് ‘കാഡു’ എന്നാണ്. (നമ്മുടെ കാട്‌, തുളു ഭാഷയിൽ കാഡു). പ്രത്യേകമായ ദൈവാനുഗ്രഹത്താൽ വാൽ തന്റെ അഭീഷ്ടമനുസരിച്ച് നീട്ടുവാനും ചുരുക്കുവാനും കഴിയുന്ന നല്ലവനും കൗശലക്കാരനുമായ ഒരു കുരങ്ങാണ് ഈ ചിത്രകഥാ പരമ്പരയുടെ കേന്ദ്രകഥാപാത്രം. കപീഷ്‌ എന്നത്‌ ഹനുമാന്റെ മറ്റൊരു പേരു കൂടിയാണ്‌. കപീഷ് കാട്ടിലെ നല്ലവരായ മൃഗങ്ങളെയും ഇള എന്ന പെൺകുട്ടിയെ പല അപകടങ്ങളിൽ നിന്ന് രക്ഷിക്കുകയും ദുഷ്ടന്മാരായ നായാട്ടുകാരൻ ദൊപ്പയ്യയെയും ദുഷ്ടമൃഗങ്ങളെയും ശിക്ഷിക്കുന്നതുമാണ് എല്ലാ കഥകളിലും ഉള്ളത്. ‘നന്മ’യുടെ വിജയം തന്നെ അടിസ്ഥാന ആശയം.

കപീഷ് ചിത്രകഥകൾ തയ്യാറാക്കിയിരുന്ന ‘രംഗ രേഖ ഫീച്ചേഴ്‌സ്’ എന്ന കോമിക്‌സ് സിൻഡിക്കേറ്റിങ്ങ് സ്ഥാപനം 1998 വരെ നിലനിന്നു; അതിനുശേഷം അതിന്റെ അവകാശികൾ ഹൈദ്രാബാദിലെ ‘കളർ ചിപ്പ്‌സ്’ എന്ന അനിമേഷൻ സ്റ്റുഡിയോയ്ക്ക് വിറ്റു. കപീഷ് കഥാപാത്രമാക്കിയ കാർട്ടൂൺ മൂവി വീഡിയോകളും പിന്നീട്‌ പുറത്തിറക്കുകയുണ്ടായി. 

ജീവിത രേഖ

അനന്ത് പൈ 1929 സെപ്റ്റംബര്‍ 17ന് കര്‍ണാടകത്തിലെ കര്‍ക്കലയില്‍ വെങ്കടരായയുടെയും, സുശീല പൈയുടെയും മകനായി ജനിച്ചു. പന്ത്രണ്ടാം വയസ്സില്‍ അനന്ത് മുംബൈയിലേക്ക് താമസം മാറുകയും ഓറിയന്റ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്തു. തുടര്‍ന്ന് ബോംബെ സര്‍വ്വകലാശാലയില്‍ നിന്നു ബിരുദം നേടുകയും ചെയ്തു.

1967ല്‍ ഇന്ത്യ ബുക്ക് ഹൗസ് പബ്ലിഷേര്‍സുമായി ചേര്‍ന്നാണ് അനന്ത് പൈ, അമര്‍ചിത്രകഥ ആരംഭിച്ചത്. 1980ല്‍ ഇദ്ദേഹം വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യ ചിത്രകഥയായ ട്വിങ്കിള്‍ ആരംഭിച്ചു. 1998 വരെ അനന്ത് പൈ ആയിരുന്നു ഇതിന്റെ മാനേജിങ്ങ് ഡയറക്ടര്‍. 1967ല്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടി പ്രതികള്‍ വിറ്റഴിഞ്ഞ അമര്‍ചിത്രകഥയെ 2007ല്‍ എസികെ മീഡിയ ഏറ്റെടുത്തു. 2011 ഫെബ്രുവരി 24ന് അദ്ദേഹം അന്തരിച്ചു.