Fri. Mar 29th, 2024

✍️  സുരേഷ്. സി.ആർ

സൗമ്യസ്വഭാവിയും ശാന്തനും ആഥിത്യമര്യാദക്കാരനും ആയിരുന്നെങ്കിലും സാഹിത്യ വിമർശനത്തിൽ രചിതാവിന്റെ പേരുനോക്കാതെ കണിശതയും വിട്ടുവീഴ്ചയില്ലായ്മയും ദയയില്ലായ്മയും പുലർത്തിയ നിരുപകനായിരുന്നു പ്രൊഫ. എം കൃഷ്ണൻ നായർ.

1969 മുതൽ മരണത്തിനു ഒരാഴ്ച്ച മുൻപു വരെ 36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതിയ സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയിൽ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു.

ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതൽ യൂറോപ്പുവരെയും, ആഫ്രിക്ക മുതൽ ജപ്പാൻ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി.


രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.

തിരുവനന്തപുരത്ത് ജനിച്ചു. സ്കൂൾ‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു.


പാബ്ലോ നെരൂദ, മാർക്വേസ്, തോമസ് മാൻ‍, യമക്കാവ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലേക്ക് എത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു വലുതാണ്. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു.

വായനക്കാരാ നിങ്ങൾ ജീവിച്ചിരിക്കുന്നോ, പനിനീർ പൂ‍വിന്റെ പരിമളം പോലെ, ശരത്കാല ദീപ്തി, ഒരു ശബ്ദത്തിൻ രാഗം, എം കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ എന്നിവയാണ് മുഖ്യ കൃതികൾ. 25 വർഷത്തെ രചനകൾ ക്രോഡീകരിച്ച് കറന്റ് ബുക്സ് സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.