Fri. Mar 29th, 2024

ബാബ സാഹിബ് ബി. ആർ. അംബേദ്‌കറിൻറെ പേരിനിമുൽന്നിലുള്ള രണ്ടക്ഷരങ്ങൾക്ക് കടപ്പെട്ട ഒബിസിക്കാരനായ രാജാവ്; സാമുദായിക സംവരണത്തിൻറെ പിതാവ്; 1902 ജൂലൈ 26 ന് തന്റെ ജന്മദിനത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക്‌സര്‍ക്കാര്‍ സര്‍വ്വീസില്‍ 50% ഉദ്യോഗ സംവരണം അനുവദിക്കുകവഴി ഇന്ത്യാചരിത്രത്തില്‍ ആദ്യമായി കുലത്തൊഴിൽ വാദത്തെ വെല്ലുവിളിച്ച ഭരണാധികാരി. 

രാജര്‍ഷി സാഹുമഹാരാജ് (1874 ജൂലൈ 26 – 1922 മേയ് 6)2, 1894 ഏപ്രില്‍ 12 ന് കോലാപ്പൂരിലെ രാജസിംഹാസനസ്ഥനാവുകയും 28 വര്‍ഷം ഭരിക്കുകയും ചെയ്തു. 1894 മുതല്‍ 1922 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലം തന്റെ നാട്ടുരാജ്യത്ത് സാമൂഹ്യ സാംസ്‌ക്കാരിക സാമ്പത്തിക പരിഷ്‌ക്കരണങ്ങളുടെ ഒരു പുതിയ യുഗം സൃഷ്ടിച്ചു. ബ്രാഹ്മണ്യശക്തികളുമായി നിരവധി ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മഹാത്മാ ഫൂലേയ്ക്കുശേഷം ഇന്ത്യയുടെ, വിശിഷ്യാ ദക്ഷിണേന്ത്യയില്‍ മറാത്താ മേഖലയുടെ സാമൂഹ്യചരിത്രത്തില്‍ സാമൂഹ്യനവോത്ഥാനത്തിന്റെ കാലഘട്ടമായി രാജര്‍ഷി സാഹുജിമഹാരാജിന്റെ ഭരണകാലം കണക്കാക്കപ്പെടുന്നു.

ബ്രാഹ്മണിസത്തിനെതിരായ അദ്ദേഹത്തിന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ കാരണം ബാബാസാഹേബ് ഡോ. അംബേദ്ക്കര്‍ അദ്ദേഹത്തെ’ സാമൂഹ്യ ജനാധിപത്യത്തിന്റെ സ്തംഭം’ എന്നുവിശേഷിപ്പിച്ചു. 1921 സെപ്റ്റംബര്‍ 4 ന് ലണ്ടനില്‍ നിന്നും സാഹുമഹാരാജിനയച്ച ഒരു കത്തില്‍ അദ്ദേഹം എഴുതി ‘മഹാരാജാവിന് സൗഖ്യമാണെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് അങ്ങയെ വളരെക്കാലത്തേയ്ക്ക് ആവശ്യമുണ്ട്. ഇന്ത്യയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന, സാമൂഹ്യ ജനാധിപത്യത്തിലേയ്ക്കുള്ള മഹത്തായ പ്രസ്ഥാനത്തിന്റെ സ്തംഭമാണ് അങ്ങ്.’

ബാബ സാഹിബ് ബി. ആർ. അംബേദ്‌കറിന് വിദേശപഠനത്തിന് സ്‌കോളർഷിപ്പ് അനുവദിച്ച രാജാവിനെക്കുറിച്ച് എവിടെയെങ്കിലും വായിച്ചിരിക്കും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെങ്കിലും

”സെന്‍ട്രല്‍ പ്രൊവിന്‍സിലെ കോണ്‍ഗ്രസ്സ് മന്ത്രിസഭയില്‍ ഡോ.ഖാരെ സര്‍വഥാ യോഗ്യനായ അഗ്നിഭോജി എന്ന അയിത്തജാതിക്കാരനെ ഉള്‍പ്പെടുത്തിയത് മി.ഗാന്ധി എന്തുകൊണ്ട് അംഗീകരിച്ചില്ല? പട്ടികജാതിക്കാര്‍ക്കിടയില്‍ അത്തരം ഉന്നതാഭിലാഷങ്ങള്‍ സൃഷ്ടിക്കുന്നതിനോട് താന്‍ എതിരാണെന്ന് ഗാന്ധി പറഞ്ഞില്ലേ?” ചോദ്യം ഭാരതരത്‌നം ബാബാ സാഹേബ് ഡോ.ബി.ആര്‍.അംബേദ്കറുടേതാണ് (അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, വാല്യം, പേജ് 237).

ചോദ്യത്തിനു കാരണമായ സംഭവം ഇങ്ങനെ. 1938 ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ (ഇന്നത്തെ മധ്യപ്രദേശ്) ഡോ.ഖാരെ എന്ന ബ്രാഹ്മണന്റെ നേതൃത്വത്തിലുണ്ടാക്കിയ മന്ത്രിസഭയില്‍ അദ്ദേഹം അഗ്നിഭോജി എന്നയാളെ മന്ത്രിയാക്കി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വന്നു. അവസാനം അഗ്നിഭോജിയെ മന്ത്രിസഭയില്‍നിന്നൊഴിവാക്കേണ്ടിവന്നു. അഗ്നിഭോജി ഒരു പട്ടികജാതിക്കാരനായതായിരുന്നു കാരണം. ഒരോ ജാതിക്കാരും അവരവരുടെ ‘കുലത്തൊഴില്‍’ ചെയ്യണമെന്ന ജാതിനിയമനുസരിച്ച് അഗ്നിഭോജിന് മന്ത്രിയാകാന്‍ പാടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ‘കുലത്തൊഴില്‍’തന്നെ ചെയ്യണം! മറ്റു പലര്‍ക്കുമുള്ളതുപോലെ ഈ നിലപാടുതന്നെയായിരുന്നു ഗാന്ധിജിക്കുമുണ്ടായിരുന്നത്. തന്റെ പൂര്‍വീകരുടെ തൊഴില്‍ ചെയ്യുന്നതിനാണ് ഒരോരുത്തരും ഇഷ്ടപ്പെടേണ്ടതെന്നും ഇനി അഥവാ മറ്റൊരു ജാതിക്കാരന്റെ തൊഴില്‍ ചെയ്യുകയാണെങ്കില്‍ അതു സേവനമായി ചെയ്യണമെന്നും ഉപജീവനത്തിനുള്ള വക ‘കുലത്തൊഴില്‍’ കൊണ്ടു നേടണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട് (യംഗ് ഇന്ത്യ, 24.11.1927). ഈ ‘കുലത്തൊഴില്‍ സിദ്ധാന്തമാണ്’ അഗ്നിഭോജിയെ പുറത്താക്കുകവഴി നടപ്പിലായത്.

ഗാന്ധിജിയടക്കമുള്ളവര്‍ സ്വീകരിച്ച ഈ നിലപാടിനെ വിമര്‍ശിക്കുമ്പോള്‍ അതിനു മറുപടിയായി പൊതുവെ ലഭിക്കാറുള്ളത്, ഒരു വ്യക്തിയെ വിലയിരുത്തുമ്പോള്‍ ആ വ്യക്തി ജീവിച്ച കാലഘട്ടം പരിഗണിക്കണമെന്നാണ്. ശരിയാണ്, കാലഘട്ടം പരിഗണിക്കണമെന്നത് ചില കാര്യങ്ങളില്‍ ശരിയാണ്. കാലഘട്ടത്തിനനുസിച്ച് നീങ്ങുന്നവര്‍ സാധാരണ മനുഷ്യരാണ്. അവരൊരിക്കലും വിപ്ലവകാരികളാകുന്നില്ല. കാലഘട്ടത്തിലെ അരുതായ്മകള്‍ക്കെതിരെ ചിന്തിക്കുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും മാത്രമേ വിപ്ലവകാരികളായി കണക്കാക്കുവാന്‍ സാധിക്കുകയുള്ളൂ. ഇതുകൊണ്ടുതന്നെ ജാതിയുടെ കാര്യത്തില്‍ ഗാന്ധിജിയെടുത്ത നിലപാട് വിപ്ലവ വിരുദ്ധമായിരുന്നു എന്നതാണ് സത്യം. കാരണം, ഗാന്ധിജിയുടെ ജീവിത കാലഘട്ടത്തിലും അതിനുമുമ്പും ജീവിച്ചിരുന്ന പലരും ജാതിയുടെ കാര്യത്തില്‍ വിപ്ലവകരമായ നിലപാട് എടുത്തിട്ടുണ്ട്. ശ്രീബുദ്ധന്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കാലഘട്ടത്തിനെ ഒരിക്കലും കുറ്റം പറയുവാന്‍ സാധിക്കുകയില്ല.

കേരളത്തില്‍ ആദ്യമായി ഉദ്യോഗ സംവരണത്തിന് ആവശ്യപ്പെട്ടവര്‍ നായന്മാരാണ്. 1891 ജനുവരി ഒന്നിന് 10037 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിനു സമര്‍പ്പിച്ച ‘മലയാളി മെമ്മോറിയല്‍’വഴിയാണ് ഇത്തരമൊരാവശ്യം നായന്മാര്‍ ഉന്നയിക്കുന്നത്. ഈഴവനായ ഡോ. പല്‍പ്പുവെപ്പോലുള്ള ചില അവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിരുന്നുവെങ്കിലും അടിസ്ഥാനപരമായി അതൊരു ‘നായര്‍ മെമ്മോറിയല്‍’ ആയിരുന്നു. അതിനു കിട്ടിയ ഇണ്ടാസില്‍, ഈഴവര്‍ അവരുടെ കുലവൃത്തികളായ തെങ്ങുചെത്ത്, കയറുപിരിപ്പ് മുതലായവകൊണ്ട് തൃപ്തിപ്പെട്ടിരിക്കയാണെന്നും അവര്‍ക്കു സര്‍ക്കാരുദേ്യാഗത്തിനോ ഉല്‍കൃഷ്ട വിദ്യാഭ്യാസത്തിനോ താല്‍പര്യമില്ലെന്നുമാണ് ദിവാന്‍ രാമരായരു അരുളിയത്.(ജീവിത സമരം, സി.കേശവന്‍ പേജ് 116)1882-ല്‍ ആദ്യമായി ബി.എ.ജയിച്ച പി.വേലു എന്ന ഈഴവന്‍ സര്‍ക്കാരുദേ്യാഗത്തിന് അപേക്ഷിച്ചപ്പോള്‍, ‘ക്രിസ്ത്യാനി ആയിക്കൂടേ’ എന്നു ചോദിച്ച (ജീവിത സമരം, സി.കേശവന്‍ പേജ് 115) വിശാഖം തിരുനാളിനെപ്പോലുള്ള മഹാരാജാവ് ജീവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ ഒരു ദിവാന്‍ ഇങ്ങനെ പറയാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

അങ്ങനെ ‘മലയാളി മെമ്മോറിയല്‍’വഴി നായന്മാര്‍ കാര്യം നേടി. കാര്യം കിട്ടാതിരുന്ന ഈഴവര്‍ 1896 സെപ്തംബര്‍ 3 ന് ഒരു ‘ഈവഴ മെമ്മോറിയല്‍’ സമര്‍പ്പിച്ചു. ഒരു ഫലവും കിട്ടിയില്ല. പിന്നീട് സി.കേശവന്റെ നേതൃത്തില്‍ നടന്ന ‘നിവര്‍ത്തന പ്രക്ഷോഭം’ വഴിയാണ് 1936 ല്‍ ഈഴവര്‍ക്ക് തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദേ്യാഗങ്ങളില്‍ പങ്ക് ലഭിക്കാന്‍ തുടങ്ങിയത്. ഈ ‘നിവര്‍ത്തന പ്രക്ഷോഭ’ത്തെ പരിഹസിച്ചാണ് നായന്മാര്‍ ‘നിവര്‍ത്തന ഗീത’ ഇറക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിലായിരുന്ന മലബാറില്‍ 1927 ലും കൊച്ചിയില്‍ 1937 ലും അവര്‍ണര്‍ക്ക് ഉദേ്യാഗ സംവരണം ഏര്‍പ്പെടുത്തി.

ജാതിവ്യവസ്ഥയിലെ നാലാം വര്‍ണക്കാരായ നായന്മാരാണ് കേരളത്തില്‍ ആദ്യമായി സര്‍ക്കാരുദ്യോഗത്തിന് ആവശ്യപ്പെട്ടതെങ്കില്‍ ഇന്ത്യയില്‍ ആദ്യമായി പിന്നാക്കക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കുമൊക്കെ സംവരണം ഏര്‍പ്പെടുത്തിയ ‘സാമുദായിക സംവരണത്തിന്റെ പിതാവ്’ എന്ന ബഹുമതി ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. മഹാരാഷ്ട്രയിലെ കൊല്‍ഹാപ്പാരിലെ മഹാരാജാവായരുന്ന സാഹുജി രണ്ടാമനായിരുന്ന ഈ മഹാത്മാവ്. രാജര്‍ഷി സാഹു, ചത്രപതി സാഹുജി എന്നീ വിശേഷണങ്ങളുള്ള ഈ മഹാരാജാവ് 1902 ജൂലൈ 26 ന് പട്ടികജാതിക്കാരും പിന്നാക്കക്കാരുമടക്കമുള്ള അബ്രാഹ്മണര്‍ക്ക് 50 ശതമാനം സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയതു. ഒരു വിളംബരംമൂലം ഇന്ത്യയില്‍ സംവരണം നടപ്പിലാക്കിയ ആദ്യത്തെ സംഭവമാണിത്. കുലത്തൊഴില്‍ സിദ്ധാന്തത്തിന് വിരുദ്ധമായി മനുഷ്യരെല്ലാം ഒരേ കുലത്തിലുള്ളവരാണെന്ന സത്യത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ഒബിസിക്കാരനായ മഹാരാജാവ് ആയിരുന്നു സാഹുജി

നിരവധി ചരിത്രരേഖകളില്‍ നിന്നും ഇപ്പോള്‍ നന്നായി വ്യക്തമായിട്ടുള്ള വസ്തുത, ബ്രാഹ്മണരല്ലാത്ത വര്‍ഗ്ഗത്തില്‍ നിന്നും എന്നൊക്കെ ഒരു ശക്തനായ രാജാവ് ഉയര്‍ന്നു വരികയും അദ്ദേഹം രാജ്യ ഭരണാധികാരം എല്ലാ പ്രജകള്‍ക്കും തുല്യമായി വിനിയോഗിക്കുകയും ചെയ്തിട്ടുണ്ടോ അപ്പോഴൊക്കെയും ബ്രാഹ്മണര്‍ ആ രാജാവിനെ അംഗീകരിക്കാതിരി ക്കുകയും മതപരമായ ചില ചടങ്ങുകള്‍ നടത്തുവാന്‍ വിസമ്മതിക്കുകയും ചെയ്യും. ഇത് പതിനേഴാം നൂറ്റാണ്ടില്‍ മഹാരാഷ്ട്രയിലെ മഹാനായ രാജാവായ ശിവാജിയ്ക്കുപോലും നേരിടേണ്ടി വന്നു. ഇതു തന്നെ കൃത്യമായി സാഹു മഹാരാജിനും സംഭവിച്ചു. അദ്ദേഹത്തിന്റെ രാജ പുരോഹിതനായ നാരായണ്‍റാവു രാജോപാദ്ധ്യായ ഉള്‍പ്പെടെയുള്ള കോലാപ്പൂരിലെ ബ്രാഹ്മണര്‍ അദ്ദേഹത്തെ ക്ഷത്രിയനായി അംഗീകരി ക്കുവാന്‍ വിസമ്മതിച്ചു.

സാഹുജിയും കുടുംബവും ക്ഷത്രിയരല്ലെന്നും അതിനാല്‍ വേദപ്രകാരമുള്ള ചടങ്ങുകള്‍ക്കു പകരം പുരാണപ്രകാരമുള്ള ചടങ്ങുകള്‍ക്കേ അര്‍ഹതയുള്ളൂ എന്ന് ബ്രാഹ്മണര്‍ വാദിച്ചതിനെ തുടര്‍ന്നുണ്ടായ വേദോക്ത വിവാദം എന്നറിയപ്പെടുന്ന ഈ അഭിപ്രായഭിന്നത 1900 ത്തിലാണ് ഉടലെടുത്തത്. ഇതിന് വഴിമരുന്നിട്ടത് മറ്റൊരു സംഭവമായിരുന്നു. 1900 ഒക്‌ടോബറില്‍ സാഹുജി നദിയില്‍ നീരാട്ടു നടത്തുന്ന വേളയില്‍ അദ്ദേഹത്തിന്റെ രാജപുരോഹിതന്‍ തന്റെ ശരീരശുദ്ധി വരുത്താതെ മതപരമായ ചടങ്ങുകളെല്ലാം നടത്തി. തുടര്‍ന്ന് ഈ രാജപുരോഹിതന്‍ പരസ്യമായി തുറന്നുപറഞ്ഞത് ബ്രാഹ്മണര്‍ അദ്ദേഹത്തെ ക്ഷത്രിയനായല്ല, പരിഗണിക്കുന്നത് അതിനാല്‍ താന്‍ ശരീരശുദ്ധി വരുത്തേണ്ടതിന്റെ ആവശ്യമില്ലെന്നാണ്.

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളിലും ഹിന്ദുക്കളുടെ പ്രഖ്യാപിത നേതാവായ ശങ്കരാചാര്യരും അതുപോലെ ബാലഗംഗാധര തിലകനും പൂനയിലെ ബ്രാഹ്മണരും കോലാപ്പൂരിലെ ബ്രാഹ്മണരെ പിന്തുണച്ചു. ഈ സംഭവം സാഹുമഹാരാജിനെ സമ്പൂര്‍ണ്ണമായും പരിവര്‍ത്തനപ്പെടുത്തി. വേദവിധി പ്രകാരമുള്ള ചടങ്ങുകള്‍ ചെയ്യുവാന്‍ അദ്ദേഹം ഉടനടി (1901 ഒക്‌ടോബര്‍ 7 ന്) രാജപുരോഹിതനോട് ആജ്ഞാപിച്ചു. അദ്ദേഹം വളരെ കോപാകുലനാവുകയും 1902 മേയ് 6 ന് ഈ പുരോഹിതന്റെ ഭൂസ്വത്തുമുഴുവനും സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടുകയും അദ്ദേഹത്തിനുള്ള എല്ലാ സിവില്‍ അവകാശങ്ങളും നീതിന്യായ അവകാശങ്ങളും പിന്‍വലിക്കുകയും ചെയ്തു. ശങ്കരാചാര്യ രുടെ ഭൂസ്വത്തും ഇതോടൊപ്പം കണ്ടുകെട്ടി.

ഈ നടപടി കോലാപ്പൂരില്‍ മാത്രമല്ല, മഹാരാഷ്ട്ര മുഴുവനും ഒരു വമ്പിച്ച കോലാഹലത്തിനി ടയാക്കുകയും ബ്രാഹ്മണര്‍ അദ്ദേഹത്തിനുമേല്‍ വിഷം തുപ്പുകയും ചെയ്തു. കോലാപ്പൂര്‍ ബ്രാഹ്മണര്‍ ബ്രിട്ടീഷുകാരെ സമീപിക്കുകയും സാഹുജിയുടെ രാജപുരോഹിതനായിരുന്ന രാജോപാധ്യായ 1903 ജനുവരി 9 ന് ബ്രിട്ടീഷ് സര്‍ക്കാരിനുമുമ്പാകെയും അനന്തരം 1905 ജനുവരി 5 ന് വൈസ്രായിയായ ലോഡ് കഴ്‌സണു മുമ്പാകെയും നിവേദനം കൊടുത്തു.

അവസാനം 1905 മേയ് 31 ന് ഈ നിര്‍ണ്ണായക പോരാട്ടത്തില്‍ സാഹുജി വിജയം വരിച്ചു. അദ്ദേഹം ബ്രാഹ്മണരില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുകയായിരുന്നുവെങ്കില്‍ക്കൂടി, അദ്ദേഹം ലണ്ടനിലാ യിരുന്ന വേളയില്‍ 1902 ജൂലൈ 26 ന് തന്റെ ജന്മദിനവേളയില്‍, ഔദ്യോഗിക നിയമനങ്ങളില്‍ പിന്നോക്കവിഭാഗക്കാര്‍ക്ക് 50 ശതമാനം അനുവദിച്ചുകൊണ്ടുള്ള ശ്രദ്ധാര്‍ഹമായ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുകയും അതിലൂടെ പോരടിച്ചു നില്‍ക്കുന്ന ബ്രാഹ്മ ണര്‍ക്കുള്ള എക്കാലത്തേയ്ക്കുമുള്ള ഏറ്റവും വ്യക്തമായ സന്ദേശം ചെയ്തു. ഇതാകട്ടെ താഴ്ന്നജാതിക്കാര്‍ ദീര്‍ഘകാലമായി പ്രതീക്ഷിച്ചു കൊണ്ടിരുന്ന ആവശ്യത്തിന്റെ സാക്ഷാത്ക്കാരവുമായിരുന്നു.

ആധുനിക വീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു സാഹു മഹാരാജ്. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂലമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തികച്ചും ബോധവാനായിരുന്നു. അദ്ദേഹത്തിന് ബ്രാഹ്മണസമൂഹ ത്തെക്കുറിച്ചും ജാതിസംസ്‌ക്കാരത്തെക്കുറിച്ചും തരംതാഴ്ത്തപ്പെട്ടവരുടെ ദുരിതങ്ങളെ ക്കുറിച്ചും ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ബ്രാഹ്മണ പൗരോഹിത്യ ത്തേയും അയിത്തത്തേയും ഒരുപോലെ അദ്ദേഹം വെറുത്തു.

അദ്ദേഹത്തിന്റെ പുരോഗമന ചുവടുവയ്പ്പുകള്‍ കാരണംബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ ബ്രാഹ്മണര്‍ വ്യാപകമായി അദ്ദേഹത്തെ അവഹേളിച്ചു. തന്റെ രാജ്യത്ത് അദ്ദേഹം തുടക്കംകുറിച്ച സാമൂഹ്യപരിഷ്‌ക്കരണങ്ങളെക്കുറിച്ച് ചില ബ്രാഹ്മണര്‍ അദ്ദേഹത്തിനെതിരായി ബ്രിട്ടീഷുകാരോട് പരാതിപ്പെടുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ഇവയെല്ലാം ഉണ്ടായിട്ടുകൂടി ഈ രാജകീയ വിപ്ലവകാരി ഭയരഹിതനായി മുന്നോട്ടുപോവുകയും തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ ബ്രിട്ടീഷുകാരെ വെല്ലുവിളിക്കുകയും ചെയ്തു.