Sun. Apr 14th, 2024

സി. ആർ. സുരേഷ്

“ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്ക് വിളമ്പിക്കൊടുക്കും. ദേവന്റെ മേൽ ചാർത്തിക്കഴിഞ്ഞ പട്ടുതിരുവുടയാട അർദ്ധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ – നമ്പൂതിരി, പട്ടർ തുടങ്ങിയ വർഗ്ഗങ്ങളെ- പുറത്തേക്കു ഓടിച്ചുവിടാനാണ് ഉപയോഗിക്കുക. കത്തിച്ചു വെച്ച കെടാവിളക്കാകട്ടെ, നമ്മുടെ വിഡ്ഢിത്തത്തിന്റെ കറുത്തമുഖത്തെ വീണ്ടും തെളിയിച്ചു കാണിക്കാനല്ല, അതിന്റെ തല തീ കത്തിക്കുവാനാണ് ഞാൻ ഉപയോഗിക്കുക. അത്ര വെറുപ്പ് തോന്നുന്നു എനിക്ക് അമ്പലങ്ങളോട്. നമുക്ക് അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചു കളയുവാൻ ഒരു എളുപ്പമാർഗ്ഗമുണ്ട്. അതാണ് അമ്പലങ്ങൾക്ക് തീവയ്ക്കുക” – വി.ടി. ഭട്ടതിരിപ്പാട് ‘ഉണ്ണിനമ്പൂതിരി’ പത്രത്തിൽ ധാർമ്മികരോഷത്തോടെ എഴുതിയ ലേഖനം.

ഇത് അക്കാലത്തെ യാഥാസ്ഥിതികത്വത്തിന്റെ കുടുമക്കള പിടിച്ചുലച്ചു. കൊച്ചി സർക്കാർ പത്രം കണ്ടുകെട്ടി. കൊച്ചി സ്റ്റേറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് അധികൃതർ അദ്ദേഹത്തെ വിലക്കി. എന്നാൽ ഉറച്ച മനസ്സും കരുത്തുറ്റ തൂലികയുമായി അദ്ദേഹം മുന്നോട്ടുതന്നെ സഞ്ചരിച്ചു.


1935-ൽ ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എം.ആർ.ബി.യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചും 1940-ൽ സ്വന്തം സഹോദരി പാർവതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തിയും വീണ്ടും തഴോട്ട് ഇറങ്ങി ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തും, അന്തർജനങ്ങൾക്ക് മറക്കുട ഇല്ലാതെ ജാഥയ്ക്ക് നേതൃത്വം കൊടുത്ത ആദ്യത്തെ ഘോഷാബഹിഷ്കരണം നടത്തിയും സമുദായ വിപ്ലവത്തിന് തിരികൊളുത്തിയ പരിഷ്കർത്താവാണ് വി.ടി. ഭട്ടതിരിപ്പാട്.
യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട്.

കിടങ്ങൂർ ഗ്രാമത്തിൽ കൈപ്പിള്ളി മനയിൽ ജനിച്ചു. മുണ്ടമുകക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന കാലത്ത് ഒരു തിയ്യാടി പെൺകുട്ടിയിൽ നിന്ന് അക്ഷരാഭ്യാസം സ്വീകരിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്. ഇതാണ് അദ്ദേഹത്തിന് വായിക്കാനും അറിവുനേടാനുമുള്ള ആഗ്രഹം വളരാൻ ഇടയാക്കിയത്.


പെരിന്തൽമണ്ണ ഹൈസ്കൂളിൽ 1918-ൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. എന്നാൽ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി നൽകിയതിന് അദ്ദേഹത്തെ സ്കൂളിൽ നിന്ന് പുറത്താക്കി.

1921-ൽ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടർന്ന് പഠിച്ചെങ്കിലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതുമൂലം പഠനം പൂർത്തികരിച്ചില്ല.

1923-ൽ അദ്ദേഹം യോഗക്ഷേമം കമ്പനിയിൽ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. സമുദായത്തിൽ പറ്റിപ്പിടിച്ച് അഴുക്കിനെ ഇല്ലാതാക്കാൻ ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു.

1929 ഡിസംബർ 24-ന് തൃശൂരിൽ എടക്കുന്നിയിൽ യോഗക്ഷേമ സഭയുടെ 22ാം വാർഷികത്തിൽ കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയ പ്രസിദ്ധമായ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്‘ എന്ന നാടകം അവതരിപ്പിച്ചു. നമ്പൂതിരി വർഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം വിവിധ അരങ്ങുകളിൽ പ്രദർശിക്കപ്പെട്ടു.


1935-ൽ നാനാജാതി മതസ്ഥർ ഒന്നിച്ചു താമസിക്കുന്ന കൊടുമുണ്ട കോളനി എന്ന പേരിൽ വിശാലമായ ആശയം മുന്നോട്ട് വച്ചു.

വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചു പറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണ് ‘കണ്ണീരും കിനാവും’. 1971-ൽ, ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

1978-ൽ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. ഇ.എം.എസ്. തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്നു.

കൃതികൾ: കരിഞ്ചന്ത (നാടകം), രജനീരംഗം, പോംവഴി, തെരഞ്ഞെടുത്ത കഥകൾ (കഥാസമാഹാരം), സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവട്ടം, കാലത്തിന്റെ സാക്ഷി, എന്റെ മണ്ണ് (ഉപന്യാസം), കർമ്മവിപാകം, ജീവിതസ്മരണകൾ (ആത്മകഥ, അനുഭവം).

നായന്മാർ ഉൾപ്പെടെയുള്ള മറ്റു സമുദായക്കാർക്ക് ഇതാകാമായിരുന്നില്ലേ?: വി.ടി.ഭട്ടതിരിപ്പാട്