Wed. Apr 24th, 2024

ബിജെപിയെ നേരിടാന്‍ ബംഗാളില്‍ മാത്രമല്ല കേരളത്തിലും സിപിഎമ്മുമായി ധാരണക്ക് തയ്യാറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിച്ചാല്‍ സഹകരിക്കാന്‍ മടിയില്ല. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറുണ്ടോയെന്നും കോടിയേരിയും പിണറായിയും എന്തുകൊണ്ട് നിലപാടില്‍ മാറ്റം വരുത്തുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

ദേശീയതലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്ന് സിപിഎമ്മിന് വ്യക്തതയില്ല. ലാവ്‌ലിന്‍ അഴിമതി പുറത്തുവരുമെന്ന ഭീതി കൊണ്ടാണ് പിണറായി ബിജെപിക്കെതിരെ സംസാരിക്കാത്തത്. മൂന്നാം സീറ്റ് വിവാദം മുന്നണിയെ ബാധിക്കില്ല. ദേശീയതലത്തിലെ സാഹചര്യം ലീഗിന് അറിയാമെന്നും മുല്ലപ്പള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദേവികുളം സബ്കളക്ടറെ എസ് രാജേന്ദ്രന്‍ എംഎല്‍എ പരസ്യമായി വ്യക്തിഹത്യ നടത്തിയ സംഭവത്തിലും മുല്ലപ്പള്ളി ശക്തമായി പ്രതികരിച്ചു.സിപിഎമ്മിന്റെ നവോത്ഥാനം വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോയെന്നും വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം മെന്നും മുല്ലപ്പള്ളി പറഞ്ഞു. ജീര്‍ണിച്ച സംസ്‌കാരമാണ് സിപിഎം പിന്തുടരുന്നത്. സമാനമായ രീതിയില്‍ പൊന്പിളൈ ഒരുമൈ സമരകാലത്തും സ്ത്രീകളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും മുല്ലപള്ളി കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം തടയുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതിന്റെ പേരില്‍ സബ് കളക്ടര്‍ ഡോ. രേണു രാജിനെ പരസ്യമായി വ്യക്തിഹത്യ നടത്തിയ എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നടപടി വിവാദമായിരുന്നു. സംഭവത്തില്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. എംഎല്‍എയുടെ നടപടിക്കെതിരെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്നും തുടര്‍ന്ന് മറ്റ് നടപടിയെടുക്കുമെന്നും രേണു രാജ് അറിയിച്ചിരുന്നു.

സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും കെട്ടിട നിര്‍മ്മാണം നടത്തിയ മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജിയും റിപ്പോര്‍ട്ടും നല്‍കുമെന്ന് സബ് കളക്ടര്‍ വ്യക്തമായി. 2010ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള ജില്ലാ കളക്ടറുടെ എന്‍.ഒ .സി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് വനിതാ വ്യവസായകേന്ദ്രത്തിന്റെ പണി നിര്‍ത്തിവയ്ക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടത്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിനോട് ചേര്‍ന്നാണ് നിര്‍മ്മാണം നടക്കുന്നത്.

സബ് കളക്ടറുടെ ഉത്തരവ് ലംഘിച്ചതോടെ നിര്‍മ്മാണം തടയുന്നതിനും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പൊലീസ് സന്നാഹവുമായി റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയത്. ഈ സംഘത്തെ ഇടുക്കി എം.എല്‍.എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദേവികുളം സബ് കളക്ടറെയും സംഘത്തെയും മോശമായ ഭാഷയില്‍ അവഹേളിച്ച് സംസാരിച്ചു. റവന്യൂ വകുപ്പിന്റെ അനുമതി പഞ്ചായത്തിന്റെ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമില്ലെന്ന് വിചിത്ര നിലപാടാണ് എംഎല്‍എ സ്വീകരിച്ചത്. ‘അവളാണോ ഇത് തീരുമാനിക്കേണ്ടത്. ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള്, ആ വന്നവള്‍ക്ക് ബുദ്ധിയില്ലെന്നു പറഞ്ഞ്, ഒരു ഐ.എ.എസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേയെന്നും ‘ എംഎല്‍എ പറഞ്ഞു. പ്രതിഷേധം കാരണം നടപടിയെടുക്കാതെ റവന്യൂ സംഘം മടങ്ങുകയായിരുന്നു.

ശാസ്ത്രീയമായ പരിശീലനം ലഭിച്ച വെബ് ഡെവലപ്പര്‍മാർ, വെബ് ഡിസൈനര്‍മാർ, കണ്ടന്റ് എഡിറ്റര്‍മാർ Phone: 6282485622